യുവതിക്കെതിരായ അധിക്ഷേപം; തൊപ്പി ഗാങ് അംഗം മമ്മു അറസ്റ്റില്‍; നടപടി ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യയുടെ പരാതിയില്‍
Kerala
യുവതിക്കെതിരായ അധിക്ഷേപം; തൊപ്പി ഗാങ് അംഗം മമ്മു അറസ്റ്റില്‍; നടപടി ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യയുടെ പരാതിയില്‍
റെന്വര്‍ പി
Tuesday, 14th July 2026, 7:29 pm

മലപ്പുറം: തൊപ്പി എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ സംഘാംഗമായ മുഹമ്മദ് എന്ന മമ്മുവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഗായകന്‍ ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യയായ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

തൊപ്പിയും സംഘവും ഒരു ലൈവ് സ്ട്രീമില്‍ യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഹനാന്‍ഷായെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ലൈവ് സ്ട്രീമിങ്.

നിഹാദിനെതിരെ തന്റെ അനുയായികളായ മുഹമ്മദും, ഷമീറും ഗുരുതരമായ ആരോപണങ്ങള്‍ അടുത്തിടെ ഉന്നയിച്ചിരുന്നു. ഇവര്‍ ലൈവ് സ്ട്രീമിങ്ങില്‍ തര്‍ക്കിച്ചപ്പോള്‍ ഹനാന്‍ ഷായുടെ പേര് പരാമര്‍ശിച്ചിരുന്നു.

ഹനാന്‍ ഷായുടെ കുടുംബത്തിലെ അംഗമായ സ്ത്രീക്കെതിരെ നിഹാദ് മോശമായി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷമീറും മുഹമദും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നിഹാദ് ഇവര്‍ക്കെതിരെ അധിക്ഷേപകരമായി സംസാരിക്കുന്ന ഓഡിയോയും തെളിവായി പുറത്തുവിട്ടിരുന്നു.

അന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോപ്പിറൈറ്റ് സ്ട്രൈക്ക് നല്‍കി ഹനാന്‍ ഷാ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.

നിലവില്‍ മറ്റൊരു കേസില്‍ തൊപ്പി ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിനെത്തുടര്‍ന്നാണ് തൊപ്പി ഒളിവില്‍ പോയത്.

കേസില്‍ പൊലീസ് ഇടപെട്ട് നിഹാദിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസായിരുന്നു നിഹാദിനെതിരെ കേസെടുത്തത്.

തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അനുവദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇയാള്‍ ജില്ല വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. സ്വദേശമായ കണ്ണൂരിലേക്കും പോയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യ പ്രശനങ്ങളുണ്ടെന്ന് മറുപടി പറഞ്ഞാണ് തൊപ്പി ഒളിവില്‍ പോയത്. ഇതോടെ ലുക്കൗട്ട് നോട്ടീസ് അയക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. വിദേശത്ത് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം.

Content Highlight: Thoppi Gang Member Mammu Arrested by Manjeri Police

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.