പണവും പദവിയുമാണ് വലുതെങ്കില്‍ ശബരിമലവിധിയെ പിന്തുണക്കില്ലെന്ന് സത്യം ചെയ്ത് തുടര്‍ന്നാല്‍ മതിയായിരുന്നു; വിമര്‍ശനവുമായി ന്യായാധിപന്റെ കുറിപ്പ്
Freedom of expression
പണവും പദവിയുമാണ് വലുതെങ്കില്‍ ശബരിമലവിധിയെ പിന്തുണക്കില്ലെന്ന് സത്യം ചെയ്ത് തുടര്‍ന്നാല്‍ മതിയായിരുന്നു; വിമര്‍ശനവുമായി ന്യായാധിപന്റെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 5:02 pm

കൊച്ചി: ഫേസ്ബുക്കിലെ എഴുത്തിന്റെ പേരില്‍ തനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെതിരെ വിമര്‍ശന കുറിപ്പുമായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്. ശബരിമല യുവതീ പ്രവേശന വിധിയടക്കമുള്ള സംഭവങ്ങളില്‍ വിവാദപരവും അതിലോലവുമായ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് സുദീപിനെതിരായ ആരോപണം.

എന്നാല്‍ കോടതി വിധി, നിയമവാഴ്ച എന്നിവയെ താന്‍ പിന്തുണച്ചത് എങ്ങനെയാണ് വിവാദപരവും ലോലവുമാകുകയെന്ന് സുദീപ് ചോദിക്കുന്നു.

‘നിയമവാഴ്ച്ച എന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യമാണ്. അതിനെ പിന്തുണയ്ക്കുന്നത് വിവാദപരവും അതിലോലവും ആണെന്ന വാദം ഭരണഘടനയ്ക്ക് എതിരാണ്,’ സുദീപ് പറഞ്ഞു.

കോടതി വിധി, നിയമവാഴ്ച്ച, ഭരണഘടന എന്നിവയെ പരസ്യമായി പിന്തുണച്ച ഒരു ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

നീതിന്യായ വ്യവസ്ഥയില്‍ തനിക്കുള്ള വിശ്വാസം നൂറു ശതമാനവും നഷ്ടപ്പെടുന്ന നിമിഷം രാജിവെക്കുമെന്നും വലിയ ശമ്പളം മാത്രം മതി എന്ന ചിന്ത ആത്മനിന്ദയ്ക്കു കാരണമാകുന്ന ഒന്നാണെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.

എസ്. സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാജിക്കത്ത് എന്റെ കീശയില്‍ തന്നെയുണ്ട്, എപ്പോള്‍ വേണമെങ്കിലും തരാം.
കോടതിവിധിയെയും നിയമവാഴ്ച്ചയെയും പരസ്യമായി പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ എഴുതി എന്ന എന്‍ക്വയറി റിപ്പോര്‍ട്ട് സ്വീകരിച്ച്, ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തീരുമാനിച്ചുള്ള നോട്ടീസ് കഴിഞ്ഞ വര്‍ഷം കിട്ടുന്നതിനു മുമ്പും ശേഷവും, സ്വയവും മകള്‍ മുതല്‍ പലരും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്:

ഫെയ്‌സ്ബുക്കില്‍ എന്തിനാണ് എഴുതുന്നത്? എന്തു പ്രയോജനം? ആര്‍ക്ക്?
ചിലര്‍ പുച്ഛത്തോടെയും മറ്റു ചിലര്‍ എന്റെ ഭാവിയെച്ചൊല്ലിയുള്ള ഉത്കണ്ഠയാലും വേറെ ചിലര്‍ വെറുപ്പോടെയും ചോദിക്കുന്നു എന്നു മാത്രം.

ഒരു വാക്കിലോ വരിയിലോ പോസ്റ്റിലോ നേരിട്ടോ പറഞ്ഞാലൊന്നും പലരെയും, ഒരുപക്ഷേ ആരെയും ബോദ്ധ്യപ്പെടുത്താന്‍ കഴിയില്ല.

പറയാതെ അറിയേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. എന്നാലും ഞാന്‍ എന്നെത്തന്നെ സ്വയം ബോദ്ധ്യപ്പെടുത്തേണ്ടതായിട്ടുണ്ടല്ലോ…

എന്തിനാണ് എഴുതുന്നത് എന്നു സ്വയം ചോദിച്ചു നോക്കുകയാണ്.
ഉത്തരം നല്‍കും മുമ്പ് മറ്റൊരു ചോദ്യം ചോദിക്കട്ടെ:

മ്യാന്‍മറിലെ പട്ടാളഭരണം അവസാനിപ്പിക്കണമെന്ന് മാതൃഭൂമി പത്രം മുഖപ്രസംഗം എഴുതുന്നതെന്തിനാണ്?

മ്യാന്‍മറിലെ ഭരണകൂടവും ജനതയും മാതൃഭൂമി വായിക്കുന്നുണ്ടോ? ഇന്ത്യന്‍ പ്രധാനമന്ത്രിയും വായിക്കുന്നില്ല. വായിക്കുന്ന മലയാളിക്കാവട്ടെ മ്യാന്‍മറില്‍ വോട്ടില്ല താനും. പിന്നെ എന്തിനാണ് ആ കടലാസ് പാഴാക്കിക്കളയുന്നത്?
സ്വന്തം നിലപാടിന്റെ പ്രഖ്യാപനമാണത്.

അതു കേള്‍ക്കാനും വായിക്കാനും പിന്തുടരാനും ലോകം മുഴുവനും ഉണ്ടാകണമെന്നില്ല.
പ്രഖ്യാപനങ്ങള്‍ ആത്മത്തോടു കൂടിയാണ്. അവനവനോടു തന്നെയുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്. സ്വയം ബോദ്ധ്യപ്പെടുത്തലുകളാണ്.
പൂര്‍ണ്ണനേയല്ലാത്ത, തെറ്റുകള്‍ക്ക് അതീതനല്ലാത്ത ഞാന്‍ ഇങ്ങനെയൊക്കെയാവണം എന്ന് എന്നോടുതന്നെ പറയുകയാണ്.

സ്വയം നവീകരിക്കാനും തിരുത്താനുമുള്ള ശ്രമങ്ങളാണ് ഓരോ എഴുത്തും. അതുകൊണ്ടുതന്നെയാവാം എന്നും എഴുതാന്‍ ശ്രമിക്കുന്നതും.
അപ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടിയേ അല്ല എന്നാണോ?

എങ്കില്‍ പിന്നെ എഴുത്തിനെ പൊതുഇടത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം വരുന്നതേയില്ല. ആരെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ അവരോടു കൂടിയാണ്.

മ്യാന്‍മറിലെ പട്ടാളവാഴ്ച്ച തെറ്റാണെന്നു മാതൃഭൂമി പറയുന്നത് ജനായത്തത്തെ പുച്ഛിക്കുകയും പട്ടാളം മതി എന്ന് ഉറക്കെയും പതുക്കെയും ഉള്ളിലുമൊക്കെയായി പറയുന്ന ബോധ-അബോധ മനസുകളോടു കൂടിയാണ്.
അപ്പോള്‍ വിയോജിക്കാനുള്ള അവകാശം?

അവനവനെത്തന്നെ സോഷ്യല്‍ ഓഡിറ്റിംഗിനായി മറ്റുള്ളവരുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന പ്രക്രിയ കൂടിയാണ് എഴുത്തുകള്‍. വിയോജിക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. മാന്യമായിരിക്കണം വിമര്‍ശനങ്ങള്‍ എന്നു മാത്രം.

എഴുതുന്ന ഓരോ വാക്കും വരിയും വരികള്‍ക്കിടയും കര്‍ശനവും നിരന്തരവുമായ ഓഡിറ്റിംഗിനു വിധേയമാകുന്ന ഒന്നാണ് സൈബര്‍ ഇടം. പോയ കാല ജീവിതങ്ങളില്‍ അറിഞ്ഞും അറിയാതെയും ഉപയോഗിച്ചതും തുടരുന്നതുമായ പല വാക്കുകളും പ്രയോഗങ്ങളും തെറ്റാണെന്ന് എന്നെ ഓര്‍മ്മിപ്പിച്ച, ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന പലരുമുണ്ട്.

നേരത്തേ പറഞ്ഞതുപോലെ സ്വയം നവീകരിക്കാനുള്ള നിരന്തരവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണത്. അക്കൂട്ടത്തില്‍ മറ്റാരെങ്കിലും കൂടി നവീകരിക്കപ്പെടുന്നു എങ്കില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ ഒരു തുള്ളി. അതെ, സ്വന്തം നിലപാടുതറയിലെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും, ആത്മത്തോടും അപരനോടും കൂടിയാണ്.

ശരി, അതിന് ഫെയ്‌സ്ബുക്കില്‍ തന്നെ എഴുതണം എന്നുണ്ടോ? അച്ചടിയിലും ആകാമല്ലോ?

തീര്‍ത്തും വൈയക്തികമായ, ചിലപ്പോള്‍ അല്ലാത്തതുമായ ചെറിയ കാര്യങ്ങളും സെലിബ്രിറ്റിയല്ലാത്ത ഒരാളുമാണ്. ചെറിയ കാര്യങ്ങളുടെ വലിയ ഇടമാണിത്. വാരിക അല്ലെങ്കില്‍ പുസ്തകം അച്ചടിക്കുന്നവരുടെ ഔദാര്യമോ അവ വാങ്ങുന്നവന്റെ പണം നമ്മളായി നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്കയും ഏതുമേ വേണ്ടാത്ത ഒരിടം. മാതൃഭൂമി അവരുടെ വരിക്കാരില്‍ മാത്രം ഒതുങ്ങുമ്പോള്‍ സൈബര്‍ ഇടത്തിന് പരിധികളുമില്ല.

അപ്പോള്‍ ഇരുപതുകളില്‍ അച്ചടിയില്‍ എഴുതിയിരുന്ന ആളല്ലേ?
അതെ. അല്പം കൂടി ദീര്‍ഘമായ എഴുത്തുകളോ പണം വേണ്ടിവരുന്ന സന്ദര്‍ഭങ്ങളോ ഇനിയും അതിനൊക്കെ പ്രേരിപ്പിച്ചെന്നു വന്നെന്നിരിക്കും.

കൂടെപ്പിറന്ന മറ്റൊരാള്‍ എഴുതി, വരുമാനവും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ഒക്കെ കൊണ്ടുവരികയും ജോലിയില്‍ തുടരുകയും ചെയ്യുമ്പോള്‍, ഞാന്‍ എഴുതിയെന്ന കാരണത്താല്‍ മെമ്മോകളും പിരിച്ചുവിടല്‍ നോട്ടീസും മാത്രം നിരന്തരം വീട്ടിലേയ്ക്കു കൊണ്ടുവരികയും അര്‍ഹമായ ജില്ലാ ജഡ്ജി പദവും ഒടുവില്‍ ഉള്ള ജോലിയും കൂടി നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്നല്ലേ?
പൂര്‍ണ്ണമായി അംഗീകരിക്കുന്നു.

എന്തെഴുതിയതിനാണ് എനിക്കു കഴിഞ്ഞ വര്‍ഷം പിരിച്ചുവിടല്‍ നോട്ടീസ് തന്നത്?
എനിക്കെതിരെ പരാതി നല്‍കിയിരുന്നത് ഒരു സംഘടനക്കാരാണ്. കൂടാതെ ഹൈക്കോടതി സ്വയം കണ്ടെത്തിയ ഒരു കാര്യവും ഉണ്ടായിരുന്നു. എല്ലാം എഫ് ബി എഴുത്തുകളെ അടിസ്ഥാനമാക്കി തന്നെ.

ഒരു സീനിയര്‍ ജില്ലാ ജഡ്ജി ആയിരുന്നു എന്‍ക്വയറി ഓഫീസര്‍. അദ്ദേഹം തെളിവെടുത്ത് റിപ്പോര്‍ട്ടും നല്‍കി.

ചാര്‍ജും കണ്ടെത്തലുകളും താഴെ പറയും പ്രകാരമാണ്:

ചാര്‍ജ് 1: 23.7.2017 ല്‍ ഞാന്‍ കര്‍ക്കടകവാവുമായി ബന്ധപ്പെട്ട ചടങ്ങുകളെ അവഹേളിച്ചു പോസ്റ്റ് ഇടുകയും അതുവഴി മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തു.
കണ്ടെത്തല്‍: പോസ്റ്റില്‍ മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നുമില്ല. ആത്മപരിശോധന മാത്രമായ പോസ്റ്റാണത്.

ചാര്‍ജ് 2: 11.10.2018 ല്‍ ശബരിമല അയ്യപ്പന്റെ ബ്രഹ്‌മചര്യത്തെ എതിരായി പരാമര്‍ശിച്ച് ഞാന്‍ അവഹേളനപരമായ പോസ്റ്റ് ഇട്ടു.
കണ്ടെത്തല്‍: പോസ്റ്റ്, തെളിഞ്ഞോ ഒളിഞ്ഞോ, അയ്യപ്പന്റെ ബ്രഹ്‌മചര്യത്തെ പരാമര്‍ശിക്കുന്നു എന്നു കരുതാന്‍ യാതൊന്നുമില്ല.

ചാര്‍ജ് 3: 18.10.18 ല്‍ ഒന്നാം ശബരിമല വിധിയെ അഭിനന്ദിക്കുന്നു എന്ന വ്യാജേന ഞാന്‍ അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ഇട്ടു.
കണ്ടെത്തല്‍: ആരോപണം ശരിയല്ല, സുപ്രീം കോടതി വിധിയെയും നിയമവാഴ്ച്ചയെയും പിന്തുണക്കുന്ന, ഉയര്‍ത്തിപ്പിടിക്കുന്ന പോസ്റ്റ് ആണത്.

ചാര്‍ജ് 4: 26.2.19 ല്‍ ഫ്‌ലക്‌സ് വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച വിധിയെ വളച്ചൊടിച്ച് ഞാന്‍ പോസ്റ്റ് ഇട്ടു.
കണ്ടെത്തല്‍: ഹൈക്കോടതി വിധിയെ ഞാന്‍ വളച്ചൊടിക്കുകയോ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല.

ചാര്‍ജ് 5: മുന്‍ പറഞ്ഞ ചാര്‍ജുകള്‍ക്ക് ആധാരമായ നാല് എഫ് ബി പോസ്റ്റുകള്‍ ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്‍ഡക്റ്റ് റൂള്‍സ്, 31.1.17 ലെ ഗവണ്‍മെന്റ് സര്‍ക്കുലര്‍, 15.12.17 ലെ ഹൈക്കോടതി സര്‍ക്കുലര്‍ എന്നിവയുടെ ലംഘനമാണ്.
കണ്ടെത്തല്‍: ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്‍ഡക്റ്റ് റൂള്‍സ്, 31.1.17 ലെ ഗവണ്‍മെന്റ് സര്‍ക്കുലര്‍ എന്നിവ ലംഘിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുകയാണു ചെയ്തത്.

എന്നാല്‍ വിവാദപരവും അതിലോലവുമായ (Controversial and sensitive) കാര്യങ്ങളില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന 15.12.17 ലെ ഹൈക്കോടതി സര്‍ക്കുലറിന്റെ ലംഘനമാണ് രണ്ടും മൂന്നും നാലും ചാര്‍ജുകളിലെ പോസ്റ്റുകള്‍.

എന്‍ക്വയറി റിപ്പോര്‍ട്ട് ഹൈക്കോടതി അതേപടി അംഗീകരിച്ചു. എന്നിട്ട് എന്നോട് വിശദീകരണം ചോദിച്ചു. കോടതി വിധി, നിയമവാഴ്ച്ച എന്നിവയെ ഞാന്‍ പിന്തുണച്ചത് എങ്ങനെയാണ് വിവാദപരവും ലോലവും ആവുക?

ഇന്ത്യന്‍ പൗരനായ ഞാന്‍ കോടതി വിധികളെയും നിയമവാഴ്ച്ചയെയും പിന്തുണയ്ക്കാന്‍ ബാദ്ധ്യസ്ഥന്‍ തന്നെയാണ്. ആ പിന്തുണ പരസ്യമായി പ്രഖ്യാപിക്കരുതെന്നു പറയാന്‍ ആര്‍ക്കാണു കഴിയുക?

വിവാദപരം, ലോലം എന്നിവ എന്താണെന്നു നിര്‍വചിക്കാത്ത ഹൈക്കോടതി സര്‍ക്കുലര്‍ അവ്യക്തമാണെന്നിരിക്കെ, ഒരു സംഗതി വിവാദപരവും ലോലവും ആണോ എന്നത് ആപേക്ഷികവുമാണ്.

കശ്മീര്‍ ചിലര്‍ക്കെങ്കിലും വിവാദപരം ആയിരിക്കാം, എനിക്കല്ല. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീര്‍ എന്നു ഞാന്‍ പറഞ്ഞാല്‍ അത് വിവാദപരം അല്ല തന്നെ. മറിച്ചു പറഞ്ഞാല്‍ അത് സംശയലേശമന്യേ വിവാദപരം തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധിജി വിവാദപുരുഷനല്ല. എന്നാല്‍ ചിലര്‍ അദ്ദേഹത്തെ അപ്രകാരം ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. അധമന്മാരായ അവര്‍ക്ക് ഗോഡ്‌സെ വീരനായകനായിരിക്കാം. ഞാന്‍ ഗാന്ധിവധത്തെയും നീചനായ ഗോഡ്‌സെയെയും പ്രകീര്‍ത്തിച്ചാല്‍ അത് വിവാദപരം എന്നതില്‍ സംശയം വേണ്ട. മറിച്ച് ഞാന്‍ ഗാന്ധി വധത്തെ അപലപിക്കുകയും ഗോഡ്‌സെ വെറുക്കപ്പെടേണ്ട നീചനാണെന്നു പറയുകയും ചെയ്താല്‍ എങ്ങനെയാണത് വിവാദപരം ആവുക?

അതേ പോലെ തന്നെയാണ് കോടതിവിധികളും നിയമവാഴ്ച്ചയും. അവയെ ഞാന്‍ പരസ്യമായി പിന്തുണയ്ക്കാന്‍ ആരെ ഭയക്കണം? ഞാന്‍ അപ്രകാരം ചെയ്താല്‍ അത് വിവാദപരമല്ല.

കോടതിവിധികളും നിയമവാഴ്ച്ചയും ദൃഢതയുള്ളവയാണ്, ആയിരിക്കണം. അവയെങ്ങനെയാണ് അതിലോല തൊട്ടാവാടികളാവുക?
മുന്‍ പറഞ്ഞ വിശദീകരണങ്ങള്‍ തള്ളുകയും, എന്റെ മേല്‍ കൂടിയ ശിക്ഷ (Major penalty) ചുമത്താനും തുടര്‍ന്ന് പിരിച്ചുവിടാനുമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
തുടര്‍ന്നത് മൂന്ന് ഇന്‍ക്രിമെന്റുകള്‍ തടയാനുള്ള തീരുമാനമായി സര്‍ക്കാര്‍ അംഗീകാരത്തിന് അയച്ചതായി പറഞ്ഞു കേള്‍ക്കുന്നു.

ഒന്നോ മൂന്നോ ഇന്‍ക്രിമെന്റുകളോ ജോലി തന്നെയോ നഷ്ടപ്പെടുന്നതല്ല ഇക്കാര്യത്തില്‍ എന്നെ അലട്ടുന്നത്. മറിച്ച് ഒരു ഇന്ത്യാക്കാരന്‍, നിലനില്‍ക്കുന്ന കോടതിവിധികളെയും നിയമവാഴ്ച്ചയെയും പരസ്യമായി പിന്തുണക്കുന്നത് വിവാദപരവും ലോലവും ആണെന്ന കണ്ടെത്തലാണ്.

ആ കണ്ടെത്തല്‍ നടത്തിയത് ഭരണഘടനാ സ്ഥാപനമായ ബഹുമാനപ്പെട്ട ഹൈക്കോടതിയാണ് എന്നത് അതീവഗൗരവമുള്ള ഒരു വിഷയമായി ഞാന്‍ കണക്കാക്കുകയും ചെയ്യുന്നു.

നിയമവാഴ്ച്ച എന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യമാണ്. അതിനെ പിന്തുണയ്ക്കുന്നത് വിവാദപരവും അതിലോലവും ആണെന്ന വാദം ഭരണഘടനയ്ക്ക് എതിരാണ്.

കോടതി വിധി, നിയമവാഴ്ച്ച, ഭരണഘടന എന്നിവയെ പരസ്യമായി പിന്തുണച്ച ഒരു ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കില്‍ ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നത് അങ്ങേയറ്റം ആകുലപ്പെടുത്തുന്ന ഒന്നാണ്. നാളെ എന്താവും എന്നത് അതിലുമേറെ ആശങ്കയുണ്ടാക്കുന്നതുമാണ്.

കോടതി വിധി, നിയമവാഴ്ച്ച എന്നിവയെ പിന്തുണച്ച് എഴുതിയതി എന്ന കൃത്യമായ കണ്ടെത്തലില്‍ ഞാന്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍, ആര് എന്തെഴുതിയാലും എന്തു വേണമെങ്കിലും സംഭവിക്കാം എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് ഞാന്‍ എഴുതുന്നത്.

ഞാന്‍ പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിനാണു മറുപടി പറയുന്നത്. നിയമവാഴ്ച്ചയെ പിന്തുണച്ചതിനു ശിക്ഷിക്കപ്പെട്ടെന്ന കാരണത്താല്‍ ഭയന്ന് നിശബ്ദനാവുന്നതിനെക്കാള്‍ ഭേദം മരിക്കുന്നതാണ് എന്നു കരുതുന്ന നിങ്ങളില്‍ ഒരാളാണു ഞാനും.

ആ നിങ്ങളാണ്, നിങ്ങളുടെ പ്രോത്സാഹനങ്ങളാണ് എന്നെ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്നും ജോലി നഷ്ടമാകുമ്പോള്‍ നിങ്ങളാരും ഉണ്ടാവില്ലെന്നും എന്നെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നവരാണ് എന്നും എപ്പോഴും.

ആരും ആര്‍ക്കും ഒരിടത്തിലും നിരുപാധികമായ പിന്തുണ എന്നൊന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച 140 പേരും അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാത്തതും സൂപ്പര്‍സ്റ്റാറുകളുടെ എല്ലാ ചിത്രങ്ങളും ഹിറ്റുകളാകാത്തതും അതുകൊണ്ടാണ്. നിലപാടുകള്‍ക്കാണ് പിന്തുണ, കാമ്പിനാണ് ആരാധകര്‍.

സൈബര്‍ ഇടങ്ങളില്‍ വായിച്ചാലും വായിച്ചാലും തീരാത്തത്ര എഴുത്തുകളുണ്ട്. പ്രിയപ്പെട്ട ഒരാള്‍ എഴുത്തു നിര്‍ത്തിയതു പോലും നമ്മള്‍ അറിയാതെ പോകും. പിന്നെ ഒരിക്കല്‍ അയാളുടെ ഒരു പോസ്റ്റ് കാണുമ്പോള്‍ മാത്രമാവും നമ്മള്‍ അയാളെ ഓര്‍ക്കുന്നതു തന്നെ.

എനിക്കായിരുന്നു പിന്തുണയെങ്കില്‍ എന്റെ പോസ്റ്റുകള്‍ക്ക് ഏറ്റക്കുറച്ചിലില്ലാത്ത വായനക്കാര്‍ ഉണ്ടാകുമായിരുന്നു.  എനിക്കല്ല പിന്തുണയെന്ന ഉത്തമബോദ്ധ്യം ഉണ്ട്. രാജിവച്ച് എഴുതിക്കൂടെ എന്ന് പുച്ഛത്തില്‍ ചോദിക്കുന്ന ഒരുപാടു പേരും അല്ലാതെ ചോദിക്കുന്ന വിരലിലെണ്ണാവുന്നവരുമുണ്ട്.

ഞാനൊരു കഥാകൃത്തോ നോവലിസ്റ്റോ ഒന്നുമല്ല. കെ ആര്‍ മീരയ്ക്ക് എഴുതാന്‍ മാത്രമായി മനോരമയില്‍ നിന്നു രാജി വയ്ക്കാം. എം കൃഷ്ണന്‍ നായര്‍ ചോദിച്ചതു പോലെ നക്ഷത്രമെവിടെ, പുല്‍ക്കൊടിയെവിടെ?

രാജിവയ്ക്കുമ്പോള്‍ അത് എഴുതി ജീവിക്കാമെന്ന ആത്മവിശ്വാസത്തിലല്ല. നീതിന്യായ വ്യവസ്ഥയില്‍ എനിക്കുള്ള വിശ്വാസം നൂറു ശതമാനവും നഷ്ടപ്പെടുന്ന നിമിഷം രാജി വയ്ക്കുക തന്നെ ചെയ്യും. വലിയ ഈ ശമ്പളം മാത്രം മതി എന്ന ചിന്ത ആത്മനിന്ദയ്ക്കു കാരണമാകുന്ന ഒന്നാണ്.

ജില്ലാ ജഡ്ജി ആകാന്‍ പിടിച്ചു നിന്നു കൂടേ എന്നു ചോദിക്കുന്നവരുണ്ട്.
2017, 2018 കാലങ്ങളില്‍ എഴുതിയതും മുന്‍ പറഞ്ഞതുമായ പോസ്റ്റുകള്‍ക്കെതിരെ ഒരു സംഘടന പരാതി നല്‍കിയത് അതതു വര്‍ഷങ്ങളില്‍ തന്നെയാണ്.

നിലവില്‍ ജില്ലാ ജഡ്ജിയായി പ്രമോഷന് ഇന്റര്‍വ്യു ഉണ്ട്. 2.2.2019 ല്‍ ആയിരുന്നു എന്നെ ആദ്യം ഇന്റര്‍വ്യൂ ചെയ്തത്. ഞാനടക്കം അവസാന അഞ്ചു പേരെ ജില്ലാ ജഡ്ജിമാരായി നിയമിക്കാതെ മാറ്റി നിര്‍ത്തി. നാളിതുവരെ കാരണം അറിയിച്ചിട്ടുമില്ല.
ഫ്‌ലക്‌സ് ജഡ്ജ്‌മെന്റ് പോസ്റ്റ് ഞാനിട്ടത് 2.3.19 ല്‍.

15.7.19 ല്‍ വീണ്ടും ജില്ലാ ജഡ്ജി ഇന്റര്‍വ്യു. കൃത്യം അതിന്റെ പിറ്റേന്ന് 16.7.19 ല്‍ മുന്‍ പറഞ്ഞ എന്‍ക്വയറിക്ക് അടിസ്ഥാനമായ ചാര്‍ജ് എനിക്കു തന്നു.
ഇന്റര്‍വ്യുവിനു ശേഷം ഞാനൊഴിച്ച് നാലുപേരെയും ജില്ലാ ജഡ്ജിമാരാക്കി. എന്നെ ഫലം അറിയിച്ചിട്ടുമില്ല.

എന്‍ക്വയറി തുടങ്ങിയത് 2019 ഡിസംബറില്‍. 2020 മാര്‍ച്ച് ആദ്യവാരം റിപ്പോര്‍ട്ടും നല്‍കി. അന്തിമ നടപടി എന്താണെന്നും ഔദ്യോഗികമായി എന്നെ അറിയിച്ചിട്ടില്ല.
എന്റെ താഴെയുള്ള അമ്പതു പേര്‍ ജില്ലാ ജഡ്ജിമാരായി.

ടേം തികയും മുമ്പേ എന്നെ തൊടുപുഴയില്‍ നിന്നും മാറ്റി.
അപ്പോള്‍ എനിക്കു നല്‍കിയ ആകെ ശിക്ഷകളുടെ എണ്ണം എത്ര?
നിയമവാഴ്ച്ചയെ തള്ളിപ്പറഞ്ഞുള്ള ജില്ലാ ജഡ്ജി പദം എനിക്കു വേണ്ട.

എന്റെ അച്ഛനമ്മമാര്‍ ഇരുവരും ഹൈസ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. ദൂരെ സ്‌കൂളിലേയ്ക്കു കിട്ടിയപ്പോള്‍ അച്ഛന്‍ ഹെഡ്മാസ്റ്റര്‍ പദവി വേണ്ടെന്നു വച്ചു, രണ്ടു തവണ.

അമ്മ തൊട്ടടുത്ത പ്രൈവറ്റ് സ്‌കൂളിലെ ശീതസമരങ്ങളില്‍ പങ്കാളിയാവാന്‍ താല്പര്യപ്പെടാതെ മൂന്നുവര്‍ഷത്തെ പ്രധാനാദ്ധ്യാപിക ടേം ഉപേക്ഷിച്ചു.

ചേച്ചി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റായി ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം അന്തര്‍-സര്‍വകലാശാലാ സ്ഥലംമാറ്റം വാങ്ങി സീനിയോറിറ്റി നഷ്ടപ്പെടുത്തി ഏറ്റവും ജൂനിയറായി കുസാറ്റിലെത്തിയത് മകന് അച്ഛന്റെ സാമീപ്യം കിട്ടാനായിരുന്നു.

നാലാമത്തെ ആള്‍ ഉദ്യോഗക്കയറ്റം വേണ്ടെന്നു വച്ചത് നിയമവാഴ്ച്ചയെ പിന്തുണച്ച എഴുത്തിലൂടെയാണെന്നു മാത്രം.

സര്‍വീസിന്റെ പത്തൊമ്പതാം വര്‍ഷത്തില്‍, സ്വയം വിരമിക്കലിന് അര്‍ഹതയില്ലാതെ, പെന്‍ഷന്‍ ഇല്ലാതെ പുറത്തു പോകുമ്പോള്‍ എന്താണു സമ്പാദ്യം, എന്താണു വരുമാനം എന്ന ചോദ്യങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ ആകുലതയോടെ നിരന്തരം ചോദിക്കും.
ഒരു സെന്റ് വസ്തുവോ വീടോ സ്വന്തമായി ഇല്ല. അമ്മയുടെ പത്തു സെന്റും നൂറ്റാണ്ടു പഴക്കമുള്ള ഒരു ചോരുന്ന വീടും അതില്‍ നിറയെ പുസ്തകങ്ങളുമുണ്ട്.
അവിടെയിരുന്ന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യും.

ആരെങ്കിലുമൊക്കെ അന്യായമോ പത്രികയോ അപ്പീലോ കരാറോ ആധാരമോ ഒക്കെ തയ്യാറാക്കി നല്‍കാന്‍ പറഞ്ഞാല്‍ ചെയ്യും. ഇഷ്ടമുള്ള കാര്യമാണ് ലീഗല്‍ ഡ്രാഫ്റ്റിംഗ്.
എല്‍ എല്‍ എം ഇല്ല, പഠിപ്പിച്ചു പരിചയവും ഇല്ല. എന്നാലും സിവില്‍ നിയമങ്ങള്‍ താല്പര്യം തന്നെ. ചരിത്രവും രാഷ്ട്രമീമാംസയും പഠിക്കാനും പഠിപ്പിക്കാനുമാണ് അതിലേറെ താല്പര്യം.

പ്രൂഫ് റീഡിംഗും ഇഷ്ടമാണ്. വരുമാനം ഇല്ലാതാകുന്ന അവസ്ഥയില്‍ സൗജന്യമായി പുതിയ പുസ്തകങ്ങള്‍ വായിക്കാനുള്ള വഴി കൂടിയാണ്.
വക്കീലാകാമല്ലോ എന്ന ചോദ്യമുണ്ട്.

ഇരുപത്തിയേഴു വര്‍ഷം വക്കീലായും ജഡ്ജിയായും ഞാന്‍ ജീവിച്ച ഒരിടത്ത് എനിക്കുള്ള വിശ്വാസം നഷ്ടമായിട്ടാണ് ഞാന്‍ ഇറങ്ങിപ്പോരുന്നതെങ്കില്‍ അതേ ഇടത്തേയ്ക്കു തന്നെ മടങ്ങുന്നതില്‍ അര്‍ത്ഥമെന്തിരിക്കുന്നു?

പിണറായി വിജയന്‍ എനിക്ക് വലിയ ഓഫര്‍ വച്ചിട്ടുണ്ടെന്ന ധൈര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരാള്‍ നേരില്‍ പറഞ്ഞു. നിങ്ങളെപ്പോലെ എനിക്കും പിണറായിയെ അറിയാം, പത്രത്തിലും ടി വി യിലും കണ്ടിട്ടുണ്ട്.

പിന്നെ ഇന്നിരിക്കുന്ന പോസ്റ്റിനെക്കാള്‍ വലിയതൊന്നും എനിക്കു കിട്ടാനുമില്ല.
സാറിന് പാര്‍ട്ടി സപ്പോര്‍ട്ട് തീര്‍ച്ചയായും ഉണ്ടാകുമല്ലോ എന്ന ചോദ്യവും സ്ഥിരം തന്നെ.
ഒരു പാര്‍ട്ടിക്കാരനെയും പാര്‍ട്ടി ഓഫീസും ഞാനിന്നോളം കണ്ടിട്ടില്ല. ഫോണ്‍ വഴി സി പി എം തൊട്ട് ബി ജെ പിക്കാര്‍ വരെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കും മറ്റും ബന്ധപ്പെടാറുണ്ട്, ആവുന്നതു പോലെ ചെയ്തിട്ടുമുണ്ട്.

എന്റെ എഫ് ബി വലയത്തില്‍ വലിയ ആള്‍ക്കാരൊന്നുമില്ലെന്ന് പണ്ടൊരു ജില്ലാ ജഡ്ജി, എന്റെ എഴുത്തുകളെ വിമര്‍ശിക്കവേ, പുച്ഛത്തോടെ എന്നോടു പറഞ്ഞിരുന്നു.
ശരിയാണ്. ചെറിയ മനുഷ്യനായ എനിക്ക് ചെറിയവരുടെ സൗഹൃദം മതി. ചെറുതായാലും മനുഷ്യനായാല്‍ മതി. അതില്‍ തൃപ്തനാണ്.
ഇറങ്ങിപ്പോരുമ്പോള്‍ ഖേദമുണ്ടോ എന്നു ചോദിച്ചാല്‍…

തീര്‍ച്ചയായും. പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോഴും സാമ്പത്തിക സഹായം അര്‍ഹിക്കുന്നവരെ കാണുമ്പോഴുമൊക്കെ ഞാന്‍ തീര്‍ച്ചയായും സങ്കടപ്പെടും…
ബാക്കിയാവുക ഞാനും എന്റെ നേരങ്ങളുമായിരിക്കും. അത് ഞാന്‍ മറ്റുള്ളവര്‍ക്കായും വായനയ്ക്കായും മാറ്റി വയ്ക്കുന്നു.

എപ്പോഴാണ് പുറത്തേയ്ക്ക് എന്നു ചോദിച്ചാല്‍…
എനിക്ക് ഈ വ്യവസ്ഥിതിയിലെ വിശ്വാസം നൂറു ശതമാനവും ഇല്ലാതായി എന്നെനിക്കു പൂര്‍ണ്ണ ബോദ്ധ്യമാകുന്നുവോ ആ നിമിഷം. അതു നാളെയാകാം, അടുത്തയാഴ്ച്ചയാവാം, ഒരു മാസമോ വര്‍ഷമോ കഴിഞ്ഞാവാം…

ഇത്രയും കേട്ട ശേഷവും എന്നെയും എന്റെ മകളെയും ഒക്കെ ഓര്‍ത്ത് ആകുലപ്പെടുന്ന നിങ്ങള്‍ പിന്നെയും ചോദിക്കും…

എടുത്തു ചാടരുത്, ഒന്നുകൂടി ആലോചിച്ചിട്ട് പോരേ…?
പത്തൊമ്പതു വര്‍ഷത്തിലധികമൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന്‍ ആലോചിക്കുക? ഇത്രയൊക്കെ പോരേ?

പണവും പദവിയുമാണു വലുതെങ്കില്‍, നിയമവാഴ്ച്ചയെയും ഒന്നാം ശബരിമലവിധി അടക്കമുള്ള കോടതി വിധികളെയും ഞാനിനി തലപോയാലും പിന്തുണക്കില്ലെന്നു സത്യം ചെയ്ത് തുടര്‍ന്നാല്‍ മതിയായിരുന്നു.
തിരിച്ച് ഒരു ചോദ്യം കൂടി…

ഒരാള്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെന്തു പ്രയോജനം?
ഇത്രയും വായിച്ച ശേഷം സസ്‌പെന്‍ഷന്‍-പുറത്താക്കലുകള്‍ ആവശ്യങ്ങള്‍ക്ക് വേഗം വളരെ കൂടുമെന്നറിയാം.
എന്തായാലും എന്നായാലും ഒരിക്കല്‍ ഇറങ്ങിപ്പോരേണ്ടതു തന്നെയാണ്.

ഇറങ്ങുമ്പോള്‍ ഒരാള്‍ മാത്രം പിന്തുടരും.

ആരാണത്?

ഞാന്‍ തന്നെ.

എന്നു വച്ചാല്‍?

കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്ന പാട്ട് മറുപടിയായി കേള്‍ക്കും.

ഞാന്‍ കരയുന്നു എന്നാരു പറഞ്ഞു?

ഇല്ലേ?

ഇല്ല.

എന്തുകൊണ്ട്?

നിയമവാഴ്ച്ചയെ പിന്തുണച്ചു എന്ന കാരണത്താല്‍ ഒരാള്‍ക്ക് ഈ പടിയിറങ്ങിപ്പോകേണ്ടി വന്നതില്‍ ഖേദിക്കേണ്ടതും തലകുനിക്കേണ്ടതും ഞാനല്ലല്ലോ. തല ഉയര്‍ത്തിത്തന്നെ പിടിക്കുന്നുണ്ട്.

ഇനി?

എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍ പതിവുപോലെ ഒന്നുകൂടി കേള്‍ക്കണം.
നിര്‍ത്തുന്നില്ല,

തുടങ്ങുകയാണ്…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thodupuzha CJM S Sudeep Sabarimala Women Entry