തന്റെ യാഥാസ്ഥിക നിലപാടുകള്‍ സിനിമകളില്‍ നിന്നും മാറ്റിവെച്ച അടൂര്‍
DISCOURSE
തന്റെ യാഥാസ്ഥിക നിലപാടുകള്‍ സിനിമകളില്‍ നിന്നും മാറ്റിവെച്ച അടൂര്‍
താഹ മാടായി
Saturday, 3rd July 2021, 3:08 pm

അടൂരിലേക്കുള്ള ദൂരങ്ങളില്‍, എത്രയോ പാലങ്ങളുണ്ട്, ദുരൂഹമായ തുരങ്കങ്ങളും ഇടനാഴികളുമുണ്ട്. മനുഷ്യരുടെ ‘ഈ കാലം’ അടൂര്‍ ‘ ആ കാലങ്ങളില്‍ ‘ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ആ കാലങ്ങള്‍ സിനിമയുടെ പേരല്ല, അടൂര്‍ സഞ്ചരിച്ച കാലങ്ങളാണ്.

വളരെ യാഥാസ്ഥികമായ ചില നിലപാടുകളില്‍ നില്‍ക്കുമ്പോഴും(സിനിമകള്‍ മൊബൈല്‍ ഫോണില്‍ കാണരുത്, സിനിമകളിലെന്തിനാ പാട്ട്?) അടൂര്‍, സിനിമയുടെ അര്‍ഥങ്ങളില്‍ ചില ‘യാഥാസ്ഥിതികള്‍’ മാറ്റി ചിത്രീകരിച്ചു.

ഒരു ദിവസം നാം എത്ര തവണ വാ തുറക്കുന്നുണ്ട്? എത്രയധികം മൗനത്തിലാണ് നാം? ആന്തരികമായി എത്ര ഏകാകിയാണ്?

മനുഷ്യരുടെ ‘ഏകാകി’ എന്ന ആഴത്തില്‍ കെട്ടിപ്പിടിക്കുന്ന മാനസിക ഭാവത്തെയാണ് അടൂര്‍ ഏറെയും ചിത്രീകരിച്ചത്. ആ സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമല്ല, പ്രേക്ഷകര്‍ പോലും ഈ ഏകാകി വ്യഥകളില്‍ നിന്ന് ഏറെ പുറത്തല്ല. കാഴ്ചയുടെ ഫ്രെയിമില്‍ ആ പ്രേക്ഷകരും വിങ്ങിപ്പൊട്ടുന്ന ഒരു ഏകാന്തത അനുഭവിക്കുന്നു.

ഇത് ഏറ്റവും തീവ്രമായി അനുഭവപ്പെടുത്തുന്ന ഒരു സിനിമയാണ് ‘അനന്തരം’. അതിലെ അശോകന്റെ കഥാപാത്രം, ഉള്ളടക്കം കൊണ്ട്, ഏകാകിയായ ഏത് മലയാളീ ചെറുപ്പക്കാരനുമാവാം. ഓര്‍മയുടെയും വ്യസനങ്ങളുടെയും തടവറ പോലെ അനുഭവപ്പെടുത്തുന്ന ജീവിതത്തില്‍ നിന്ന് അയാള്‍ ഭ്രാന്തമായ ഉള്ളുരുക്കത്തിലൂടെയാണ് കടന്നു പോകുന്നത്.

കൊടിയേറ്റം, സ്വയംവരം, എലിപ്പത്തായം, വിധേയന്‍, മതിലുകള്‍ – തുടങ്ങി എല്ലാ സിനിമകളിലുമുണ്ട്, ‘ഒറ്റയ്ക്കുരുകുന്ന മനുഷ്യര്‍’. സ്വന്തമായി തീര്‍ത്ത ദുരൂഹമായ പിരിയന്‍ ഗോവണികള്‍ കയറിപ്പോകാനാവാതെ, ആത്മസത്തയുടെ വിങ്ങലുകളില്‍ പരാജിത ജീവിതം നയിക്കുന്നവരാണ് പലരും.

‘തൊമ്മി’യെ പോലെ പരാജിതനായ ഒരു വിധേയന്‍ വേറെയുണ്ടോ? ‘വിധേയത്വ’മാണ് അടൂരിന്റെ സിനിമകള്‍ പല കാലങ്ങളിലൂടെ തുടര്‍ച്ചയായി സാക്ഷാല്‍ക്കരിക്കുന്നത്. വ്യവസ്ഥയോടും സ്വന്തത്തോടും സാമൂഹികമായ മറ്റെല്ലാ പരിപ്രേക്ഷ്യങ്ങളോടും വിധേയനായ മലയാളി. വിധേയ മലയാളിയുടെ ചരിത്രമാണ് അടൂരിന്റെ ദൃശ്യസഞ്ചാരം.

ആദ്യകാല സിനിമകളില്‍ നമുക്ക് ഒരു ക്ലാസിക് അടൂരിനെ കാണാം. ഏറ്റവും ഒടുവിലായി ഇറങ്ങിയ അടൂര്‍ പടത്തില്‍ ഉള്ളടക്കത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും, സാക്ഷാല്‍ക്കാരത്തില്‍ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.

‘പിന്നെയും’ മലയാളത്തിലെ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സിനിമയാണ്. അടൂര്‍ മലയാള സിനിമയുടെ മുന്നില്‍ നില്‍ക്കുമ്പോഴും, ആ സിനിമ അരോചകമായ അമേച്വര്‍ സ്വഭാവമാണ് പ്രകടിപ്പിച്ചത്.

പക്ഷെ, ഏറെ മികച്ച സിനിമകള്‍ മലയാളികള്‍ക്ക് മുന്നില്‍ ഏറെ കാലം മുന്നേ തന്നെ അടൂര്‍ അഗാധമായി രേഖപ്പെടുത്തി. മലയാളത്തിന്റെ ക്ലാസിക് അടൂരിന് 80 എന്നു പറയുമ്പോള്‍, എണ്‍പതുകളില്‍ മൊട്ടാമ്പ്രം സ്റ്റാര്‍ ടാക്കീസില്‍ വെച്ച് അടൂരിന്റെ സിനിമ കണ്ട കൗമാരകാലങ്ങളുടെ ഓര്‍മ കൂടി മനസ്സില്‍ വരുന്നു.

ആ തിയേറ്റര്‍ ഇപ്പോഴില്ല, അടൂരുണ്ട്. ആ സിനിമകള്‍ പക്ഷെ, പുതുതലമുറ കാണുന്നത് അടൂര്‍ ‘കണ്ണടക്കുന്ന’ പുതിയ ഡിവൈസുകളിലൂടെയാണ്. അതായത്, പ്രേക്ഷകര്‍ ആ നിലയില്‍ അടൂരിന് ‘വിധേയ’രല്ല!

താഹ മാടായി
എഴുത്തുകാരന്‍