കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി; വീഡിയോ കണ്ട് ഞെട്ടി ലോകം
World News
കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി; വീഡിയോ കണ്ട് ഞെട്ടി ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 1:04 pm

മെക്‌സികോ സിറ്റി: മെക്‌സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവില്‍ നീ കത്തി പടര്‍ന്നത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. വെള്ളത്തിന് മുകളില്‍ തീ കത്തിപ്പടര്‍ന്നു നില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. പെമെക്‌സിലെ തൊഴിലാളികള്‍ തന്നെയാണ് തീ അണച്ചത്. നൈട്രജന്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെക്‌സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്‌സ് എന്ന പെട്രോളിയം കമ്പനിയുടെ കു മലൂബ് സാപ് പ്രവിശ്യയുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനിലാണ് തീപിടിത്തവുമുണ്ടായത്.

തീ പിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭിവിച്ചിട്ടില്ലെന്നും തീ പടരാനുണ്ടായ കാരണത്തെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പെമെക്‌സിന്റെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണശേഖരമായ കു മലൂബ് സാപിലേത്. ദിനം പ്രതി 1.7 മില്യണ്‍ ബാരല്‍ ഉത്പാദനം നടത്തുന്നതില്‍ 40 ശതമാനവും ഈ കു മലൂബ് സാപില്‍ നിന്നാണ് വരുന്നത്.

കടുത്ത മഴയും കാറ്റുമുണ്ടായതിനെ തുടര്‍ന്ന് കു മലൂബ് സാപില്‍ അസംസ്‌കൃത എണ്ണ ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സംവിധാനങ്ങള്‍ക്ക് കേടുപാട് പറ്റിയിരുന്നുവെന്ന് പെമെക്‌സിന്റെ ചില രേഖകളില്‍ പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Fire Rages In The Middle Of Ocean Near Mexico Video