അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണങ്ങളുടെ ഫലമാണ് ഈ പ്രതിസന്ധി; എസ്. ജയശങ്കറുമായുള്ള പെരുന്നാൾ സംഭാഷണത്തിൽ അരാഗ്ചി
World
അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണങ്ങളുടെ ഫലമാണ് ഈ പ്രതിസന്ധി; എസ്. ജയശങ്കറുമായുള്ള പെരുന്നാൾ സംഭാഷണത്തിൽ അരാഗ്ചി
മുഹമ്മദ് നബീല്‍
Sunday, 22nd March 2026, 4:17 pm

ന്യൂദൽഹി: അബ്ബാസ് അരാഗ്ച്ചിക്ക് പെരുന്നാൾ, പേർഷ്യൻ പുവത്സര സന്ദേശങ്ങളുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

എക്സ് പോസ്റ്റിലൂടെയായിരുന്നു ജയശങ്കർ സംഭാഷണത്തെക്കുറിച്ച് അറിയിച്ചത്.

‘ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചു. നവ്‌റോസിനും ഈദിനും ആശംസകൾ നേർന്നു. സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംഭാഷണം,’ ജയശങ്കർ എക്‌സിൽ കുറിച്ചു.

ഇരുവരുടെയും സംഭാഷണത്തിൽ പേർഷ്യൻ ഗൾഫിലെയും ഹോർമുസ് കടലിടുക്കിലെയും പശ്ചിമേഷ്യയിൽ ആകെയുള്ള പ്രതിസന്ധികളെക്കുറിച്ചും അരാഗ്ചി പരാമർശിച്ചു എന്ന് ഇന്ത്യയിലെ ഇറാൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു.

അമേരിക്കയുടെയും ഇസ്രഈലിന്റെയും ശത്രുതാപരമായ ആക്രമണങ്ങളുടെ ഫലമാണ് ഈ പ്രതിസന്ധിയെന്ന് അരാഗ്ചി പറഞ്ഞെന്നും എംബസി കൂട്ടിച്ചേർത്തു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനുമായി സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തിരുന്നു.

സംഭാഷണത്തിൽ, ഇരുവരും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും പ്രാദേശിക സ്ഥിരതയെ ആക്രമണങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

‘ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനുമായി സംസാരിച്ചു. ഈദ്, നവ്റൂസ് ആശംസകൾ അറിയിച്ചു. ഈ ഉത്സവകാലം പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു,’ മോദി എക്‌സിൽ പറഞ്ഞു.

ആക്രമണങ്ങൾ ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തിയെന്നും പശ്ചിമേഷ്യയിലെ നിർണായക സംവിധാനങ്ങൾക്ക് എതിരായുള്ള ആക്രമണങ്ങളെ അപലപിക്കുന്നു എന്നും മോദി പറഞ്ഞു.

ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയതിന്‌ മോദി നന്ദിയും അറിയിച്ചു.

ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ആരംഭിച്ചത്.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ സംഘർഷം വ്യാപിക്കുകയായിരുന്നു.

Content Highlight: This crisis is the result of US and Israeli attacks; Araghchi in Eid conversation with S. Jaishankar

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം