മോളിവുഡില്‍ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രമാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഒരുകൂട്ടം യുവാക്കളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ അണിയിച്ചൊരുക്കിയ വാഴ 2 ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.
ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലെ അതേ വരവേല്പ് തന്നെയാണ് ഒ.ടി.ടിയിലും വാഴ 2ന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെയുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മികച്ച സീനുകളാല്‍ സമ്പന്നമാണെങ്കിലും കല്ലുകടിയായി തോന്നിയ സീനുകളെക്കുറിച്ചാണ് പ്രധാന ചര്‍ച്ച.
അത്തരത്തിലൊന്നാണ് വാഴ 2ലെ തിയേറ്റര്‍ സീന്‍. ഹാഷിറും ഗ്യാങ്ങും അമീനും ഗ്യാങ്ങും ലൂസിഫര്‍ കാണാനായി തിയേറ്ററില്‍ കയറുന്ന രംഗമാണ് ചര്‍ച്ചയായിരിക്കുന്നത്. തിയേറ്ററിന് പുറത്ത് അടിയുണ്ടാക്കിയ ഇവര്‍ സിനിമ തുടങ്ങുമ്പോഴേക്ക് അകത്ത് കയറുകയാണ്. തിരക്കും ബഹളവും നിയന്ത്രിക്കാനായി വരുന്ന പൊലീസുകാരനെ തെറിവിളിക്കുന്ന സീന്‍ തിയേറ്ററില്‍ കൈയടി നേടിയ ഒന്നായിരുന്നു.
എന്നാല്‍ ഒ.ടി.ടിയിലെത്തിയപ്പോള്‍ ഈ രംഗത്തിന് വലിയ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ഒരുകൂട്ടം അലമ്പ് പിള്ളേര്‍ തെറി വിളിക്കുന്നതില്‍ എന്താണ് കോമഡിയെന്ന് പലരും ചോദിക്കുന്നു. പൊലീസുകാരന്റെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് തെറിവിളിക്കുന്നതാണോ കോമഡിയെന്നും ചോദ്യങ്ങളുണ്ട്.
വാഴ 2 Photo: Jio Hotstar
ഒന്നോ രണ്ടോ തെറിവിളി മാത്രമായിരുന്നെങ്കില്‍ ആ സീനില്‍ വലിയ കുഴപ്പമില്ലായിരുന്നെന്നും എന്നാല്‍ ഒരു സീന്‍ മുഴുവന്‍ തെറിവിളിയായത് ഒട്ടും ആസ്വദിക്കാനായില്ലെന്നും കമന്റുകളുണ്ട്. കുട്ടികളുമായി സിനിമ കാണാന്‍ പോയ ഫമിലി ഓഡിയന്‍സിന് ഈ സീനില്‍ എന്തായിരുന്നു മാനസികാവസ്ഥയെന്നും ചിലര്‍ ചോദിക്കുന്നു.
‘അമ്മയെ ഞാന്‍ കെട്ടി എന്ന് പറയുന്നതില്‍ എന്താണ് തമാശ, ഇതൊക്കെ എങ്ങനെ ആസ്വദിക്കാന്‍ പറ്റും’, ‘ആദ്യത്തെ കുറച്ച് നേരം ഓക്കെയായിരുന്നു. പിന്നീട് ഈ സീന്‍ തീരാത്തതെന്താ എന്ന് തോന്നി’, ‘ഈ സീന്‍ തിയേറ്ററില്‍ കണ്ടപ്പോഴും ഒ.ടി.ടിയില്‍ കണ്ടപ്പോഴും ഒട്ടും ചിരി വന്നില്ല’, ‘ഈ സീനില്‍ ചിരി വന്നില്ലെന്ന് പറഞ്ഞാല്‍ വസന്തമാകുമോ’ എന്നിങ്ങനെയാണ് ചോദ്യങ്ങളും കമന്റുകളും.
വാഴ 2 Photo: Jio Hotstar
എന്നാല്‍ ഈ സീനിനെ ന്യായീകരിക്കുന്നവരുമുണ്ട്. തിയേറ്ററില്‍ സ്വയം മാസാണെന്ന് കാണിക്കാനായി ഇത്തരത്തില്‍ തെറിവിളി നടത്തുന്ന ആളുകള്‍ ഇപ്പോഴുമുണ്ടെന്നും അത്തരം ആളുകളെ ഉദ്ദേശിച്ചാണ് ഈ സീന്‍ ചെയ്തതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അമീന്റെ അവസാന ഡയലോഗ് ഒന്ന് മാത്രമാണ് നല്ലതെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.
Content Highlight: Theatre scene in Vaazha 2 getting criticisms after OTT release