ഛോട്ടാ മുംബൈയിലേക്ക് ഷക്കീലയെ കൊണ്ടുവരാനുള്ള കാരണം; അതൊരു പ്ലസ് പോയിൻ്റ് ആയിരുന്നു: ബെന്നി പി. നായരമ്പലം
Entertainment
ഛോട്ടാ മുംബൈയിലേക്ക് ഷക്കീലയെ കൊണ്ടുവരാനുള്ള കാരണം; അതൊരു പ്ലസ് പോയിൻ്റ് ആയിരുന്നു: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 3:21 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല് റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് മണിയൻപിള്ള രാജുവാണ്.

ഭാവന, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിര സിനിമയിൽ അണിനിരന്നു. ചിത്രത്തിലെ തമാശകളും പാട്ടുകളും എല്ലാം അക്കാലത്ത് എല്ലാവരും ഏറ്റെടുത്തിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെല്ലാം ഓളം സൃഷ്ടിക്കാൻ ഛോട്ടാ മുംബൈക്ക് സാധിച്ചിരുന്നു.

18 വർഷങ്ങൾക്ക് ശേഷം വീണ്ടും 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് തിയേറ്ററിലെത്തിയ ചിത്രത്തിനെ ആഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും പ്രദർശിപ്പിച്ചിരുന്നു.

ചിത്രത്തിൽ ഷക്കീലയും ഒരു ഭാഗത്തിൽ അഭിനയിച്ചിരുന്നു. സിനിമാതാരം ഷക്കീലയായി തന്നെയാണ് ചിത്രത്തിൽ അവർ എത്തിയത്. ഇപ്പോൾ ഷക്കീലയെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ എഴുത്തുകാരൻ ബെന്നി പി. നായരമ്പലം.

ഹ്യൂമര്‍ കിട്ടുന്നതിന് എന്ത് വഴിയെന്നാണ് ആലോചിച്ചിരുന്നതെന്നും അപ്പോഴാണ് ഷക്കീല തരംഗത്തെക്കുറിച്ച് ആലോചിച്ചതെന്നും ബെന്നി പറയുന്നു. മുൻകാലങ്ങളിൽ ഷക്കീല ചിത്രങ്ങൾ തരംഗമായിരുന്നെന്നും അങ്ങനെ ചിത്രത്തിലേക്ക് ഷക്കീലയെ കൊണ്ടുവരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതൊരു പ്ലസ് പോയിൻ്റ് ആയിരുന്നെന്നും മോഹൻലാലിൻ്റെ ഫാമിലി പ്രേക്ഷകർ കാണുന്ന ചിത്രത്തിൽ ഷക്കീലയെ കൊണ്ടുവന്നാൽ അവരെ കാണാനുള്ള താത്പര്യം സ്ത്രീകൾക്ക് ഉണ്ടാകുമെന്നും ബെന്നി പി. നായരമ്പലം പറയുന്നു. അങ്ങനെയാണ് ഷക്കീലയെ സിനിമയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എടുത്തതെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹ്യൂമര്‍ കിട്ടാന്‍ എന്ത് വഴിയെന്നാണ് ആലോചിക്കുന്നത്. അപ്പോഴാണ് പെട്ടെന്ന് മുന്‍കാലങ്ങളില്‍ ഷക്കീല ചിത്രങ്ങള്‍ തരംഗമായതിനെ കുറിച്ച് ആലോചിക്കുന്നത്. കുറെ ആളുകള്‍ കണ്ടതാണ്. ഷക്കീല പടം എന്നുപറഞ്ഞ തരംഗം ഉണ്ടായിരുന്നല്ലോ. അങ്ങനെയാണ് ഷക്കീലയെ കൊണ്ടുവന്നാലോ എന്നുള്ള ഒരു ആലോചന വന്നത്.

അതൊരു പ്ലസ് ആണ്. ലാലേട്ടന്റെ ഒരു ചിത്രത്തില്‍, ഫാമിലി പ്രേക്ഷകര്‍ കാണുന്ന പടത്തില്‍ ഷക്കീല വരുന്നു എന്നുപറയുമ്പോള്‍ ഷക്കീലയെ കാണാനായിട്ടുള്ള ഒരു താത്പര്യം സ്ത്രീകള്‍ക്കെങ്കിലും ഉണ്ടാകും. ആണുങ്ങളില്‍ പലരെങ്കിലും ചിലപ്പോല്‍ കണ്ടിട്ടുണ്ടാകും. അങ്ങനെ ഷക്കീലയെ കൊണ്ടുവരാന്‍ തീരുമാനമായി,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: The reason for bringing Shakeela to Chotta Mumbai says Benny P Nayarambalam