കുതിരപ്പുറത്തെത്തിയ ദളിത് വരന് നേരെ ജാതീയ അധിക്ഷേപം; ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റില്‍
national news
കുതിരപ്പുറത്തെത്തിയ ദളിത് വരന് നേരെ ജാതീയ അധിക്ഷേപം; ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 9:44 am

അഹമ്മദാബാദ്: കുതിരപ്പുറത്തെത്തിയ ദളിത് വരന് ഗുജറാത്തില്‍ ക്രൂര മര്‍ദനം. വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് എത്തിയ യുവാവിനെ ജാതീയമായി അധിക്ഷേപിച്ച് മര്‍ദിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട സൈലേഷ് താക്കൂര്‍, ജയേഷ് താക്കൂര്‍, സമീര്‍ താക്കൂര്‍, അശ്വിന്‍ താക്കൂര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐ.പി.സി സെക്ഷന്‍ 341 (തെറ്റായ നിയന്ത്രണം), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 504 (മനഃപൂര്‍വം അപമാനിക്കല്‍), 114 (കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കൽ), 506 (2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ 1989ലെ എസ്,സി, എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) തുടങ്ങിയ വകുപ്പും പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

വരന്‍ കുതിരപ്പുറത്ത് കയറി ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ ഒരാള്‍ തടഞ്ഞുനിര്‍ത്തി കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി തന്നെ തല്ലിയതായി വരന് പരാതിയില്‍ ചൂണ്ടിക്കാട്ടി. നൂറോളം ആളുകള്‍ പങ്കെടുത്ത വിവാഹ ചടങ്ങ് ആയിരുന്നു നടന്നതെന്നും വരന് പരാതിയില്‍ വ്യക്തമാക്കി.

തന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞുകൊണ്ട് വരനെ പ്രതി ജാതീയമായി അധിക്ഷേപിക്കുകയും ദേഷ്യപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

കുതിരപ്പുറത്ത് പോവുകയായിരുന്ന ദളിത് വരന്‍ വികാസ് ചാവ്ദയ്ക്കെതിരെ പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയതായി മന്‍സ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ പ്രതിക്കൊപ്പം കൂടിയ ബാക്കി മൂവരും തന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ എഫ്.ഐ.ആറില്‍ പറയുന്നു. തുടര്‍ന്ന് വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് നാല് ചക്ര വാഹനത്തില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനായെന്നും വികാസ് പറഞ്ഞു.

Content Highlight: The police have arrested four people who castigated a young Dalit man on horseback