എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനും ആലപിച്ചു: ഖാര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും നിര്‍ത്തിയില്ല
India
എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനും ആലപിച്ചു: ഖാര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും നിര്‍ത്തിയില്ല
നിഷാന. വി.വി
Saturday, 15th August 2026, 11:09 am

ന്യൂദല്‍ഹി: എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുകയായിരുന്നു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിര്‍ത്താനായി ആവശ്യപ്പെട്ടിട്ടും ഗായക സംഘം നിര്‍ത്താതെ ആലാപനം തുടരുകയായിരുന്നു.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായാണ് എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ വന്ദേമാതരം ഒഴിവാക്കി ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്.

അതേസമയം വന്ദേമാതരത്തിന് ദേശീയ ഗാനത്തിന്റെ അതേ സംരക്ഷണം നല്‍കുന്ന ബില്ലിന് പ്രസിഡന്റ് ദ്രൗപതി മുര്‍മ്മു അംഗീകാരം നല്‍കിയിരുന്നു.

ഇത് പ്രകാരം വന്ദേമാതരം ആലപിക്കുന്നത് മനപൂര്‍വ്വം തടയുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാവും.

ഇതിന് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മുമ്പ് ജനഗണമനയ്ക്ക് മാത്രമുള്ള നിയമ പരിരക്ഷയായിരുന്നു ഇത്. 2026ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്ല് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ലമെന്റ് പാസാക്കിയത്. 1971 ലായിലായിരുന്നു ഈ നിയമം ഭേദഗതി ചെയ്തത്. രാഷ്ട്രപതി ഒപ്പിടുക കൂടി ചെയ്തതോടെ ഈ ബില്ല് നിയമമായി മാറി.

Content Highlight: The full version of ‘Vande Mataram’ was sung at the Independence Day celebrations at the AICC headquarters; the singing did not stop despite interventions by Kharge and Sonia Gandhi.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.