തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഒരു ടൂറിസ്റ്റ് ബസില്‍ തുടരുമിന്റെ വ്യാജ പതിപ്പ് കാണുന്നത് അതേ ബസിലെ യാത്രക്കാരിതന്നെ വീഡിയോ പകര്‍ത്തുകയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതേ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
തിയേറ്റര്‍ പ്രിന്റുകള്‍ ഉണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയായിരുന്നു തങ്ങള്‍ നീങ്ങിയിരുന്നതെന്നും എന്നാല്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതില്‍ താന്‍ നിരാശനാണെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തിയേറ്റര്‍ പ്രിന്റുകള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്. എന്നാല്‍ എങ്ങനെയോ അതിന്റെ വ്യാജ പതിപ്പ് ഇറങ്ങി. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ വളരെ നിരാശനാണ്. നമ്മള്‍ 103 ദിവസങ്ങളോളം കാടും മലയും കയറിയിറങ്ങി, ലാലേട്ടനെ പോലൊരാളെ മഴയത്ത് നിര്‍ത്തിയൊക്കെ എടുത്ത ഒരു ചിത്രത്തിന്റെ വ്യാജപതിപ്പൊക്കെ ഇറങ്ങിയതില്‍ ഞാന്‍ വളരെ നിരാശനാണ്.
പ്രത്യേകിച്ച് ആ സിനിമാക്കൊരു സൗണ്ട് സ്‌കേപ്പുണ്ട്. വിഷ്ണു ഗോവിന്ദ് എന്ന ഒരാളുടെ ഏറ്റവും എഫേര്‍ട്ട് ഉള്ളൊരു സിനിമയാണ്. കാരണം മലയാളികള്‍ക്ക് ഇതുവരെയും കണ്ടുപരിചയമില്ലാത്ത ഉരുള്‍പൊട്ടല്‍ അടക്കമുള്ള വിഷ്വല്‍ സ്‌കേപ്പും സൗണ്ട് സ്‌കേപ്പും ഒന്നും ആസ്വദിക്കാതെ മൊബൈലില്‍ വളരെ കുറഞ്ഞ ക്വാളിറ്റിയില്‍ കാണുക എന്ന് പറയുന്നത് വെറുതെ കിട്ടി ശീലിച്ചത് ആസ്വദിക്കുന്ന മലയാളികളുടെ സ്വഭാവമാണ്.
എന്നാല്‍ ടൂറിസ്റ്റ് ബസിലൂടെ അത് കാണുമ്പോള്‍ ഒരു മലയാളി പെണ്‍കുട്ടിയാണ് അത് കണ്ടിട്ട് ബിനുവിന് ‘ചേട്ടാ, പ്രതികരിക്കണം’ എന്ന് പറഞ്ഞ് അയച്ചുകൊടുക്കുന്നത്. ഇത് തെറ്റാണെന്ന് അറിയുന്നവരും ഇങ്ങനെ കാണുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന ആളുകളും ഇപ്പോഴുമുണ്ട്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.