മലയാള സിനിമയിലെ മികച്ച യുവ സംവിധായകരില്‍ ഒരാളാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുടരും. മോഹന്‍ലാല്‍ നായകനായെത്തിയ ഈ ചിത്രം 200 കോടിക്കുമുകളില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയിരുന്നു. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് രജപുത്രയാണ് ചിത്രം നിര്‍മിച്ചത്.
തുടരും എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സാധാരണ നിര്‍മാതാവിന്റെ കൈയില്‍നിന്ന് മുന്‍കൂട്ടി അഡ്വാന്‍സ് വാങ്ങുന്ന ഒരാളല്ല താനെന്നും സിനിമ ലോക്ക് ചെയ്യുമ്പോള്‍ മാത്രമാണ് അഡ്വാന്‍സ് സ്വീകരിക്കാറുള്ളതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.
എന്നാല്‍ സൗദി വെള്ളക്ക കഴിഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കുറച്ച് കാശിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും ചോദിക്കാന്‍ മടിയായിരുന്നുവെന്നും തരുണ്‍ പറഞ്ഞു. എന്നാല്‍ മൂന്നാമത്തെ സിറ്റിങ്ങില്‍ ഏകദേശം കഥ ഓക്കെയായതോടെ നിര്‍മാതാവ് രഞ്ജിത്ത് ചെക്ക് തന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഒരു ലാലേട്ടന്‍ പടം ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റായിരുന്നു ഞങ്ങളുടെ കുടുംബത്തിന് മൊത്തം. ഇത്രയും കാലത്തെ കഷ്ടപ്പാടുകള്‍ക്ക് ദൈവം കാത്തുവെച്ച സമ്മാനംപോലെയാണ് ഈ പ്രൊജക്ടിനെ ഞങ്ങള്‍ കണ്ടത്. സാധാരണ നിര്‍മാതാവിന്റെ കൈയില്‍നിന്ന് മുന്‍കൂട്ടി അഡ്വാന്‍സ് വാങ്ങുന്ന ഒരാളല്ല ഞാന്‍.
സിനിമ ലോക്ക് ചെയ്യുമ്പോള്‍ മാത്രമാണ് അഡ്വാന്‍സ് സ്വീകരിക്കാറുള്ളത്. സൗദി വെള്ളക്ക കഴിഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ ഞങ്ങള്‍ക്ക് കുറച്ച് കാശിന്റെ ആവശ്യമുണ്ടായിരുന്നു. അഡ്വാന്‍സ് കിട്ടിയാല്‍ ഉപകാരമായിരുന്നു എന്ന് തോന്നിയെങ്കിലും ലാലേട്ടന്‍ പടമായതിനാല്‍ സിനിമ ലോക്ക് ആകാതെ ഒരിക്കലും കാശ് സ്വീകരിക്കരുത് എന്ന് തീരുമാനിച്ചു.
മൂന്നാമത്തെ സിറ്റിങ്ങില്‍ ഏകദേശം കഥ ഓക്കെയായതോടെ ഞാന്‍ ചോദിക്കാതെത്തന്നെ രഞ്ജിത്തേട്ടന്‍ ഒരു ചെക്ക് എടുത്തുതന്നു. അത്രമാത്രം പൈസ ആവശ്യമുള്ള സമയമായതിനാല്‍ ഞാനത് സ്വീകരിച്ചു.
അഡ്വാന്‍സ് മേടിച്ച് തിരിച്ചുവന്നപ്പോള്‍ ഞാന്‍ കുക്കുവിനോട് (പങ്കാളി) പറഞ്ഞു, ‘ഇത് നമുക്കുള്ള സിനിമയാണ് അല്ലെങ്കില്‍ ഇങ്ങനെയൊന്നും ഇത്രവേഗത്തില്‍ സംഭവിക്കില്ല’ എന്ന്. വൈകാതെ ഞങ്ങള്‍ കൊച്ചിയിലേക്ക് താമസം മാറി. അവിടെയിരുന്ന് എഴുത്തും മറ്റ് കാര്യങ്ങളും ചെയ്തുതുടങ്ങി,’ തരുണ്‍ മൂര്‍ത്തി പറയുന്നു.