ഫോട്ടോ എടുക്കുമ്പോള്‍ ലാലേട്ടന്‍ എന്നോട് അങ്ങനെ പറഞ്ഞത് ഒരു രോമാഞ്ചിഫിക്കേഷന്‍ ആയിരുന്നു: തരുണ്‍ മൂര്‍ത്തി
Entertainment
ഫോട്ടോ എടുക്കുമ്പോള്‍ ലാലേട്ടന്‍ എന്നോട് അങ്ങനെ പറഞ്ഞത് ഒരു രോമാഞ്ചിഫിക്കേഷന്‍ ആയിരുന്നു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 8:44 am

റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിന് പുറമെ സിനിമയില്‍ ശോഭന, ബിനു, പ്രകാശ് വര്‍മ എന്നിങ്ങനെ വന്‍താരനിര തന്നെ ഉണ്ടായിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്ന അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി.

പൊലീസ് സ്റ്റേഷനിലെ ഒരു സ്വീകന്‍സ് എടുക്കുകയായിരുന്നുവെന്നും അവിടെ ബിനു പപ്പു, മണിയന്റെ അമ്മയായി അഭിനയിച്ച റാണി, ഷോബി തിലകന്‍ അങ്ങനെ എല്ലാവരും തന്നെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ഫോട്ടോ എടുത്താലോ എന്ന് മോഹന്‍ലാല്‍ അപ്പോള്‍ പറഞ്ഞുവെന്നും ഫോട്ടോ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടെയൊക്കെ അച്ഛന്റെ കൂടെയും മക്കളുടെ കൂടെയും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ പറഞ്ഞുവെന്നും. സിനിമയില്‍ തരുണിന്റെ അച്ഛന്റെ കൂടെയും താന്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് തന്നെ പിടിച്ച് നിര്‍ത്തിയും അദ്ദേഹം ഫോട്ടോ എടുത്തുവെന്നും തരുണ്‍ പറയുന്നു. തനിക്ക് ഒരു രോമാഞ്ചം തന്ന നിമിഷമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് സൂര്യയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

‘പൊലീസ് സ്റ്റേഷനില്‍ ഒരു സ്വീക്വന്‍സ് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ബിനു അവിടെ ഉണ്ട്. അതുപോലെ മണിയന്റെ അമ്മയായിട്ട് അഭിനയിച്ച് റാണി ചേച്ചിയുണ്ട്. ഷോബി തിലകന്‍ ഉണ്ട്. എല്ലാവരും അവിടെ ഉള്ളപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. ‘ നമ്മുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഒരു ഫോട്ടോ എടുക്കാം’ അപ്പോള്‍ റാണിചേച്ചിയും ബിനു ചേട്ടനും ശോഭി ചേട്ടനും ഒക്കെ കൂടി നിന്നുകൊണ്ട് ഒരു ഫോട്ടോ എടുത്തു. ഫോട്ടോ എടുത്തിട്ട് ലാലേട്ടന്‍ പറഞ്ഞു.

‘ഇവരുടെയൊക്കെ അച്ഛന്റെ ഒപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മക്കള്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്’ എന്ന്. ഞാനപ്പോള്‍ രഞ്ജിത്തേട്ടന്റെ പുറകില്‍ നിന്നിട്ട് ‘ആ ശരിയാ’എന്ന് പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് ‘തരുണ്‍ ഇവിടെ വരൂ, തരുണിന്റെ അച്ഛന്റെയൊപ്പൊവും ഞാന്‍ അഭിനയിക്കുന്നുണ്ട് തരുണും ഇതിനകത്ത് നില്‍ക്കണം’ എന്ന്. അത് എനിക്ക് ഒരു രോമാഞ്ചിഫിക്കേഷന്‍ മൊമെന്റ് ആയിരുന്നു. ബ്ലസ്ഡ് മൊമന്റാണ്. ആ ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്,’ തരുണ്‍ പറയുന്നു.

Content Highlight: Tharun moorthy  shares his experience of being with Mohanlal on set.