ബാഹുബലി പോലെയാകുമെന്ന തരത്തിലുള്ള പ്രൊമോഷനുകളാണ് ആ മോഹന്‍ലാല്‍ ചിത്രം വേണ്ട രീതിയില്‍ വര്‍ക്കാകാത്തതിന്റെ കാരണം: തരുണ്‍ മൂര്‍ത്തി
Entertainment
ബാഹുബലി പോലെയാകുമെന്ന തരത്തിലുള്ള പ്രൊമോഷനുകളാണ് ആ മോഹന്‍ലാല്‍ ചിത്രം വേണ്ട രീതിയില്‍ വര്‍ക്കാകാത്തതിന്റെ കാരണം: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th April 2025, 8:39 am

പരസ്യചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് തരുണ്‍ മൂര്‍ത്തി. 2021ല്‍ റിലീസായ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്കയും തിയേറ്റര്‍ വിജയത്തോടൊപ്പം നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ തുടരും അതിഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സൂചിപ്പിച്ചത് ഒരു ഫീല്‍ ഗുഡ് ഫാമിലി ചിത്രമായിരിക്കുമെന്നായിരുന്നു. എന്നാല്‍ അതോടൊപ്പം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എലമെന്റുകളും തുടരും എന്ന ചിത്രത്തിലുണ്ടായിരുന്നു. സിനിമയുടെ പ്രൊമോഷന്‍ അതിനെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി.

ഓരോ സിനിമയും അത് അര്‍ഹിക്കുന്ന രീതിയിലുള്ള പ്രൊമോഷനാണ് ആവശ്യമെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. തെറ്റായ തരത്തിലുള്ള പ്രൊമോഷനുകള്‍ പ്രേക്ഷകരില്‍ അനാവശ്യ ഹൈപ്പുകള്‍ ഉണ്ടാക്കുമെന്നും അത് സിനിമയെ വല്ലാതെ ബാധിക്കുമെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനെന്നും തരുണ്‍ പറഞ്ഞു.

ആ ചിത്രത്തിന്റെ പ്രൊമോഷനുകളെല്ലാം ജൈജാന്റിക് ലെവലിലായിരുന്നെന്നും മറ്റൊരു ബാഹുബലിയാകും മലൈക്കോട്ടൈ വാലിബനെന്ന് പ്രേക്ഷകര്‍ ധരിച്ചെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ബോക്‌സ് ഓഫീസില്‍ വേണ്ട രീതിയില്‍ ആ സിനിമ വര്‍ക്കാകാത്തതിന്റെ കാരണം അതാണെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും തരുണ്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ആ സിനിമ വളരെ ഇഷ്ടമാണെന്നും തരുണ്‍ പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘മാര്‍ക്കറ്റിങ് എന്ന് പറയുന്നത് ഒരു സിനിമക്ക് ഇംപോര്‍ട്ടന്റാണ്. ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുന്നത് മുതല്‍ എന്താണ് ആ സിനിമയെന്ന് ആളുകള്‍ പ്രതീക്ഷിക്കും. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ പ്രൊമോഷനെല്ലാം അത്രയേറെ ജൈജാന്റിക് ലെവലിലായിരുന്നു. ബാഹുബലി പോലൊരു സിനിമ വരാന്‍ പോകുന്നു എന്നാണ് പ്രേക്ഷകര്‍ കരുതിയത്.

അതായിരിക്കാം ആ സിനിമ ആളുകളില്‍ വേണ്ടത്ര വര്‍ക്കാകാത്തതിന്റെ കാരണം. പക്ഷേ, പേഴ്‌സണലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണത്. ഞാന്‍ ആ സിനിമ കണ്ടിട്ട് ലിജോ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ആ സിനിമയുടെ വേള്‍ഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷേ, അതിന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി മറ്റൊരു രീതിയിലായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy saying wrong marketing techniques backlashed the Box Office results of Malaikkottai Valiban