ഈ വര്‍ഷം ആരാധകര്‍ക്ക് സര്‍പ്രൈസായി ലഭിച്ച വിരുന്നായിരുന്നു മോഹന്‍ലാലിന്റെ തുടരും. അനൗണ്‍സ്‌മെന്റ് മുതല്ക്കിങ്ങോട്ട് കുടുംബചിത്രമെന്ന രീതിയില്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടെങ്കിലും തിയേറ്ററില്‍ പലരെയും തുടരും ഞെട്ടിച്ചു. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം ബോക്‌സ് ഓഫീസിലും വമ്പന്‍ മുന്നേറ്റം നടത്തിയിരുന്നു.
തുടരുമിന് ശേഷം മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാഴ്ത്തി. തുടരും സിനിമക്ക് ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചും ചിത്രത്തിന്റെ റീമേക്ക് സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. കുറച്ച് പ്രൊഡക്ഷന്‍ ഹൗസുകള്‍ റീമേക്കിനായി സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് ടുഡേയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘പ്രൊഡ്യൂസറുടെ അടുത്താണ് പലരും എത്തുന്നത്. ഒന്നുരണ്ട് ടീമുകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി വരുന്നുണ്ട്. എന്നാല്‍ എന്റെ ഒരു ആഗ്രഹം പറയുകയാണെങ്കില്‍ അജയ് ദേവ്ഗണ്‍ ഈ പടം റീമേക്ക് ചെയ്യണമെന്നാണ്. കാരണം, ഈ കഥയുമായി ചേര്‍ന്ന് നില്ക്കുന്ന നടന്‍ അദ്ദേഹം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്.
ഈ സ്റ്റണ്ട് മാന്‍ ബാക്ക്ഗ്രൗണ്ട് അദ്ദേഹത്തിന് ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ അച്ഛനും സ്റ്റണ്ട് ഡിപ്പാര്‍ട്‌മെന്റില്‍ ഉള്ള ആളായിരുന്നു. അതൊക്കെ റീമേക്ക് ചെയ്യുമ്പോള്‍ ഉപകാരപ്പെടും. സോ, എന്റെ മനസില്‍ ഹിന്ദി റീമേക്കിന് അജയ് ദേവ്ഗണ്ണാണ് നല്ലൊരു ഓപ്ഷനെന്ന് തോന്നുന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
തുടരും സിനിമയുടെ വിജയം തനിക്ക് ഒരു ഭാരമായി അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത സിനിമ റിലീസാകുമ്പോള്‍ തുടരുമിന്റെ വിജയം ചെറിയൊരു ഹൈപ്പ് കയറ്റുമെന്നല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ നല്കില്ലെന്നും താന്‍ അങ്ങനെ ചിന്തിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. തുടരും ചെയ്യുന്ന സമയത്തും താന്‍ പ്രത്യേകിച്ച് ഒന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തുടരും എന്ന പടം ഹിറ്റായതോടെ അവിടെ കാര്യം കഴിഞ്ഞു. അതിനെ കൂടെ കൊണ്ടുനടക്കാതെ അടുത്ത പടം ചെയ്യുക എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. തുടരുമിന് മുമ്പ് ചെയ്ത സൗദി വെള്ളക്ക നാഷണല്‍ അവാര്‍ഡ് വാങ്ങിയെന്ന് പറഞ്ഞ് അതും മനസില്‍ കൊണ്ട് നടന്നിട്ടില്ലായിരുന്നു. ഇനി ചെയ്യാന്‍ പോകുന്ന പടം ടോര്‍പ്പെഡോയാണ്. തത്കാലം അത് മാത്രമേ മനസില്‍ ഉള്ളൂ,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy saying he likes Ajay Devgn to remake Thudarum movie