ലോജിക്കിനും ഫിസിക്‌സിനും തന്റെ സിനിമയില്‍ ഒരു പ്രാധാന്യവും നല്‍കാത്ത സംവിധായകനാണ് ബോയപ്പെട്ടി ശ്രീനു. തെലുങ്ക് സിനിമകളെ ഒരുകാലത്ത് ട്രോള്‍ മെറ്റീരിയലാക്കിയതില്‍ ശ്രീനുവിന്റെ പങ്ക് ചെറുതല്ല. തെലുങ്ക് ഓഡിയന്‍സിന് ഗംഭീര സിനിമാനുഭവമാണ് എപ്പോഴും ശ്രീനുവിന്റെ സിനിമകള്‍ സമ്മാനിച്ചിട്ടുള്ളത്. ആന്ധ്രയില്‍ ആയിരം ദിവസത്തിലേറെ ഓടിയ ലെജന്‍ഡ് എന്ന സിനിമയുടെ സംവിധായകനും ബോയപ്പെട്ടി ശ്രീനുവാണ്.
തെലുങ്കിലെ താരപുത്രന്മാരില്‍ ഒരാളായ ബെല്ലംകൊണ്ട ശ്രീനിവാസിനെ നായകനാക്കി ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയ ജാനകി നായക. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. 45 കോടിയോളം ചെലവഴിച്ച് ഒരുക്കിയ ചിത്രം കഷ്ടിച്ച് 20 കോടി മാത്രമേ നേടിയുള്ളൂ.
ജയ ജാനകി നായക Photo: Pen Movies
ഒ.ടി.ടി റിലീസിന് ശേഷം സമാനതകളില്ലാത്ത ട്രോളുകളാണ് ജയ ജാനകി നായക നേരിട്ടത്. യാതൊരു ഭാവവും വരാത്ത ബെല്ലംകൊണ്ടയുടെ അഭിനയവും ഫിസിക്‌സിനെയും വില്ലന്മാരെയും കാറ്റില്‍ പറത്തുന്ന ബോയപ്പെട്ടിയുടെ സംവിധാനവും ട്രോള്‍ മെറ്റീരിയലായി മാറി. എന്നാല്‍ ഇത്രയും തിരിച്ചടി നേരിട്ട ചിത്രം ഇപ്പോള്‍ ലോക റെക്കോഡ് നേടിയിരിക്കുകയാണ്.
യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ എന്ന നേട്ടമാണ് ജയ ജാനകി നായക സ്വന്തമാക്കിയത്. വണ്‍ ബില്യണ്‍ (100 കോടി) കാഴ്ചക്കാരെ സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് ജയ ജാനകി നായകയുടെ ഹിന്ദി ഡബ്ബ് പതിപ്പ്. ജയ ജാനകി നായക ഖൂന്‍കാര്‍ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. ബോളിവുഡ് നിര്‍മാതാക്കളായ പെന്‍ സിനിമാസാണ് ചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.
ജയ ജാനകി നായക Photo: Pen Movies
2019ലാണ് ചിത്രം യൂട്യൂബ് സ്ട്രീമിങ് ആരംഭിച്ചത്. ഏഴ് വര്‍ഷം കൊണ്ട് നൂറുകോടി കാഴ്ചക്കാരെ സ്വന്തമാക്കിയതോടെ പല സിനിമാപേജുകളിലും ഈ ചിത്രമാണ് ചര്‍ച്ചാവിഷയം. ഇത് മാത്രമല്ല, ബെല്ലംകൊണ്ട ശ്രീനിവാസിന്റെ എല്ലാ സിനിമകളുടെയും ഹിന്ദി പതിപ്പിന് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. അല്ലു അര്‍ജുന് ശേഷം യൂട്യൂബില്‍ ഇത്രയും വ്യൂസ് ഉള്ള മറ്റൊരു തെലുങ്ക് താരമില്ല.
2017ലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായജയ ജാനകി നായക മലയാളത്തിലും മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. ഞാന്‍ ഗഗന്‍ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം യാതൊരു ചലനവുമുണ്ടാക്കിയില്ല. നായകനായി അഭിനയിച്ച 11ല്‍ 10 സിനിമകളും പരാജയമെന്ന മോശം റെക്കോഡും ബെല്ലംകൊണ്ട ശ്രീനിവാസിനുണ്ട്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കിഷ്‌കിന്ധാപുരി മാത്രമാണ് താരത്തിന്റെ കരിയറിലെ ഒരേയൊരു ഹിറ്റ്.
Content Highlight: Telugu movie Jaya Janaki Nayaka became the first movie got one billion views on Youtube