വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഗൃഹപാഠം ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നത്.
സ്‌കൂള്‍ വിട്ട് വന്ന് കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് അമ്മ കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ നിരവധി പാടുകള്‍ കാണുന്നത്. തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ വിവരമാരാഞ്ഞത്.
തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. എന്നാല്‍ പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയിക്കുകയും മാത്രമായിരുന്നെന്നും മറ്റ് നടപടികള്‍ ഒന്നും എടുത്തില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ഇടുക്കി ഡി.ഡി.ഒയ്ക്ക് പരാതി നല്‍കുകയും പ്രധാന അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയതതായും വിഷയം മേലധികാരികളെ അറിയിക്കുന്നതില്‍ പ്രധാന അധ്യാപകന്‍ വീഴ്ച വരുത്തിയതായും ഇടുക്കി ഡി.ഡി. ഒ എ. അബൂബക്കര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”ഒന്നാം ക്ലാസിലെ കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണം നിലനില്‍ക്കുയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത് കൃത്യസമയത്ത്, അതായത് മര്‍ദ്ദനം നടന്ന സമയത്ത് തന്നെ മേലധികാരികളെ അറിയിക്കുന്നതില്‍ പ്രധാന അധ്യാപകന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചു. മാത്രമല്ല ഇത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിലും ഹെഡ്മാസ്റ്റര്‍ വീഴ്ച വരുത്തി. അതിന്റെയും കൂടി അടിസ്ഥാനത്തില്‍ വിഷയത്തില്‍ അന്വേഷണവിധേയമായി പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്”-ഇടുക്കി ഡി.ഡി.ഒ എ. അബൂബക്കര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. വിഷയത്തില്‍ വിഷയത്തില്‍ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുയാണെന്നും ഇടുക്കി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”പൊലീസ് കേസ് അന്വേഷണം നടത്തുന്നുണ്ട്. അതിന് പുറമെ ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായിട്ടുണ്ടെന്നാണ് മനസിലായത്. കുട്ടിയുടെ ദേഹത്ത് മര്‍ദ്ദിച്ച പാടുകളുണ്ട്. വിഷയത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനേയും ഈ അധ്യാപികയേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.”” ഇടുക്കിയിലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം സംഭവത്തില്‍ അധ്യാപിക ഷീല അരുള്‍ റാണിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടും, വിദ്യാര്‍ത്ഥിയെ പിടിച്ചു നിര്‍ത്തിയടിച്ചുവെന്ന ഐപിസി 341, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തങ്ങള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണെന്നും ആ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും സ്‌കൂളിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതിനിടെ ആരോപണ വിധേയയായ അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച, കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി.
