'ബ്രഹ്മാണ്ഡം'; സൂര്യയുടെ കങ്കുവ ഗ്ലിമ്പ്സ് പുറത്ത്
Entertainment news
'ബ്രഹ്മാണ്ഡം'; സൂര്യയുടെ കങ്കുവ ഗ്ലിമ്പ്സ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd July 2023, 12:41 am

സൂര്യ നായകനായി എത്തുന്ന കങ്കുവയുടെ ഗ്ലിമ്പ്സ് പുറത്തിറങ്ങി. സരിഗമ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 2മിനിറ്റ് 21 സെക്കന്റ് നീണ്ടുനിൽക്കുന്ന ഗ്ലിമ്പ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ഇതുവരെ കാണാത്ത ലുക്കിലാണ് സൂര്യ കങ്കുവയുടെ ഗ്ലിമ്പ്സിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മാണ്ഡ ഫ്രെയിമുകൾ കൊണ്ട് പുത്തൻ അനുഭവമാണ് ഗ്ലിമ്പ്സ് സമ്മാനിക്കുന്നത്.


പുറത്തുവന്ന് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് കങ്കുവയുടെ ഗ്ലിമ്പ്സ്. പുത്തൻ അനുഭവം സമ്മാനിക്കുന്നുവെന്നാണ് വീഡിയോ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

സുര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് കങ്കുവയുടെ അണിയറ പ്രവർത്തകർ ഗ്ലിമ്പ്സ് പുറത്തുവിട്ടത്. 2024ന്റെ തുടക്കത്തിലാവും സിനിമയുടെ റിലീസ് ഉണ്ടാവുക.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വാൾ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ കൈകളിൽ വടുക്കൾ (scar) നിറഞ്ഞിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു’ എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ കുറിച്ചിരുന്നത്. സൂര്യ ആരാധകരും സിനിമ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക.

ഹിസ്റ്റോറിക്കൽ ഫിക്ഷനായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തെ ശിവയാണ്. രജനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

3D യിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽരാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.

Content Highlight: Suriya’s Big Budjet Movie Kanguva Movie Glimpse is out now