ഈ വൈറല്‍ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഡങ്കിയിലെ അല്ല: ഫാക്ട് ചെക്ക്
Entertainment news
ഈ വൈറല്‍ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഡങ്കിയിലെ അല്ല: ഫാക്ട് ചെക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd July 2023, 11:49 pm

കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ കുറച്ച് ചിത്രങ്ങള്‍. ടര്‍ബന്‍ കെട്ടി സിഖ് ലുക്കില്‍ ഇരിക്കുന്ന ഷാരൂഖ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഷാരുഖ് നായകനാകുന്ന ഡങ്കിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


നിരവധി മാധ്യമങ്ങളും, സിനിമ പേജുകളും ഈ ചിത്രങ്ങള്‍ ഡങ്കിയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് എന്ന പേരില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ ഡങ്കിയുടെ ലൊക്കേഷനില്‍ നിന്നുള്ളതല്ല എന്നതാണ് സത്യം.

ഇപ്പോള്‍ വൈറലായ ചിത്രങ്ങള്‍ 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്‍ അഭിനയിച്ച ഒരു ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിന്റെ സെറ്റില്‍ നിന്നുള്ളതാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പും ഈ ചിത്രങ്ങള്‍ ഷാരൂഖിന്റെ പുത്തന്‍ സിനിമയുടെ ലുക്ക് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


അതേസമയം അറ്റ്‌ലിയുമായി ഒന്നിക്കുന്ന ജാവാനാണ് ഷാരുഖ് ഖാന്റെ അടുത്തതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ആക്ഷന്‍ ത്രില്ലര്‍. ഴോണറില്‍ എത്തുന്ന സിനിമയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

നയന്‍താരയാണ് ജവാനില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സന്നാ മല്‍ഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകളും ഗംഭീര ഗാനങ്ങളും ഷാരൂഖിന്റെ മിന്നും പ്രകടനങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Content Highlight: Viral Shah Rukh Khan Pictures Not From Dunki’s Location: Fact Check