അജിത്തിന് പോലും ഇങ്ങനൊരു കാര്യം ഉണ്ടായിട്ടില്ല, രജിനിയും വിജയ്‌യും മാത്രമുള്ള ലിസ്റ്റില്‍ ഇനി സൂര്യയും
Indian Cinema
അജിത്തിന് പോലും ഇങ്ങനൊരു കാര്യം ഉണ്ടായിട്ടില്ല, രജിനിയും വിജയ്‌യും മാത്രമുള്ള ലിസ്റ്റില്‍ ഇനി സൂര്യയും
അമര്‍നാഥ് എം.
Sunday, 30th August 2026, 5:24 pm

സിനിമാജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വിജയ് കടന്നതോടെ വലിയ പ്രതിസന്ധിയാണ് തമിഴ് സിനിമയില്‍ ഉടലെടുത്തിരിക്കുന്നത്. രജിനിയുടെ സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതും അജിത് കാര്‍ റേസിന് പ്രാധാന്യം നല്‍കിയതും ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുന്നത് സ്ഥിരം കാഴ്ചയാണ്.

ഈയൊരു അവസരം കൃത്യമായി മുതലെടുത്ത താരമാണ് സൂര്യ. കഴിഞ്ഞ കുറച്ചധികം കാലമായി ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാത്ത സൂര്യയുടെ അതിഗംഭീര കംബാക്കിനാണ് കോളിവുഡ് സാക്ഷ്യം വഹിച്ചത്. നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യ ബാക്ക് ടു ബാക്ക് ഹിറ്റുമായി കളം നിറയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് 200 കോടി കളക്ഷനും കഴിഞ്ഞ് മുന്നേറുകയാണ്. ഈ വര്‍ഷം സൂര്യയുടെ രണ്ടാമത്തെ സൂപ്പര്‍ഹിറ്റാണിത്. മുന്‍ ചിത്രമായ കറുപ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിക്ക് മുകളില്‍ നേടിയിരുന്നു. ഇതോടെ ബാക്ക് ടു ബാക്ക് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ സൂര്യയും ഇടംപിടിച്ചു.

തമിഴില്‍ ഇതിന് മുമ്പ് ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളത് രജിനിയും വിജയ്‌യും മാത്രമാണ്. ഇരുവരും നായകനായ അവസാന സിനിമകളെല്ലാം 200 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിട്ടുണ്ട്. സൂര്യയെക്കാള്‍ വലിയ താരമായ അജിത്തിന് ഈ നേട്ടത്തില്‍ ഒരിക്കലും എത്താന്‍ സാധിച്ചിട്ടില്ല. തുനിവ്, വലമൈ, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങള്‍ മാത്രമാണ് അജിത്തിന്റേതായി 200 കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുള്ളത്.

വിജയ് കളമൊഴിയുകയും അജിത് സിനിമയില്‍ നിന്ന് ഇടവേളയെടുത്തതും കൃത്യമായി ഉപയോഗിക്കാന്‍ സൂര്യക്ക് സാധിക്കുമെന്നാണ് കറുപ്പിന്റെയും വിശ്വനാഥിന്റെയും വിജയം വ്യക്തമാക്കുന്നത്. ഭക്തി സിനിമയിലൂടെ തമിഴ്‌നാട്ടിലും ഫീല്‍ ഗുഡ് സിനിമയിലൂടെ ആന്ധ്രയിലും നഷ്ടപ്പെട്ടുപോയ തന്റെ സ്റ്റാര്‍ഡം തിരിച്ചുപിടിക്കാന്‍ സൂര്യക്ക് സാധിച്ചു.

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47 അടുത്ത ബ്ലോക്ക്ബസ്റ്ററാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് റോളിലെത്തുന്ന ചിത്രം കൂടിയാണ് സൂര്യ 47. ഒരുവര്‍ഷം തന്നെ ഹാട്രിക് ഹിറ്റും ഹാട്രിക് 100 കോടിയും നേടുന്ന ആദ്യ തമിഴ് താരമായി സൂര്യ മാറിയാല്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കംബാക്കിന് ആരാധകര്‍ സാക്ഷ്യം വഹിക്കും.

Content Highlight: Suriya gives back to back 200 crore club movies through Viswanath and Sons

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം