1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു. നിലവില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്.
ഒപ്പം മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിക്കാനും നടന് സാധിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് സുരേഷ് കൃഷ്ണ.

‘പഴശ്ശിരാജയുടെ ഷൂട്ടിനിടെ അദ്ദേഹം പുതിയൊരു ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങിച്ചിരുന്നു. കാര്‍ കൊച്ചിയിലെ വീട്ടിലെത്തിയെങ്കിലും ഷൂട്ടിങ്ങിലായതിനാല്‍ അദ്ദേഹം കണ്ടിരുന്നില്ല. ഷൂട്ടിന് കുറച്ച് ദിവസത്തെ ഇടവേള വന്നപ്പോള്‍ ഞാനും മമ്മൂക്കയും ഒരുമിച്ച് കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറി.
പുതിയ കാര്‍ ഓടിക്കാനുള്ള ആവേശം എനിക്ക് ആ സമയത്തൊക്കെ അദ്ദേഹത്തില്‍ കാണാമായിരുന്നു. ‘നമുക്ക് ഒരുമിച്ച് എന്റെ പുതിയ കാറില്‍ പോകാം’ എന്ന നിര്‍ദേശം വിമാനത്തില്‍ നിന്ന് അദ്ദേഹം എന്റെ മുന്നില്‍ വെച്ചു.
എന്റെ കാര്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് ഏരിയയില്‍ കിടക്കുകയാണെന്നും അതുകൊണ്ട് മമ്മൂക്കയ്‌ക്കൊപ്പം കാറില്‍ വരാന്‍ കഴിയില്ലെന്നും ഞാന്‍ വിഷമം അറിയിച്ചു. അത് സാരമില്ലെന്നും സുരേഷിന്റെ കാര്‍ എന്റെ ഡ്രൈവര്‍ എടുത്ത് വന്നോട്ടെയെന്നും മമ്മൂക്ക പറഞ്ഞു.
അത് കേട്ടപ്പോള്‍ എനിക്കും സന്തോഷമായി. എന്നാല്‍ വിമാനമിറങ്ങിയപ്പോള്‍ എന്റെ ലഗേജുകള്‍ കിട്ടാന്‍ വൈകി. മമ്മൂക്ക എന്നെയും കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. ‘എന്നെ കാത്തു നിന്ന് മമ്മൂക്ക സമയം കളയേണ്ടതില്ല, ഞാന്‍ എത്തിക്കോളാം’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
‘അതൊന്നും സാരമില്ല. ലഗേജ് ഇപ്പോള്‍ വരും’ എന്ന് പറഞ്ഞ് അദ്ദേഹം അവിടെത്തന്നെ ഇരുന്നു. അതിനിടയ്ക്ക് ചെന്നൈ – കൊച്ചി വിമാനം വരുകയും കുറെ മലയാളി യാത്രക്കാര്‍ പുറത്തേക്ക് എത്തുകയും ചെയ്തു.
മമ്മൂക്കയെ കണ്ട ഉടന്‍ അവര്‍ ഫോട്ടോ എടുക്കാനും പരിചയപ്പെടാനുമായി പൊതിഞ്ഞു. അപ്പോഴും ഒരു അസ്വാരസ്യവും പ്രകടിപ്പിക്കാതെ മമ്മൂക്ക നിന്നു. അവസാനം എന്റെ ലഗേജുകള്‍ വന്ന ശേഷം എന്നെയും കൂട്ടി അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങള്‍ വീട്ടിലേക്ക് പോയി.
അദ്ദേഹത്തിനെ പോലൊരു സൂപ്പര്‍താരത്തിന് എന്നെ കാത്തുനിന്ന് സമയം കളയേണ്ട ആവശ്യമില്ല. എന്നാല്‍ പറഞ്ഞ വാക്കിന് അദ്ദേഹം നല്‍കുന്ന വില വളരെ വലുതാണെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna Talks About Mammootty