ജന്തർ മന്ദറിൽ സമരക്കാരുടെ മുഖം തിരിച്ചറിയാനുള്ള പൊലീസ്‌ നടപടി ഭരണഘടനാ വിരുദ്ധം: എ.എ റഹീമിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും
India
ജന്തർ മന്ദറിൽ സമരക്കാരുടെ മുഖം തിരിച്ചറിയാനുള്ള പൊലീസ്‌ നടപടി ഭരണഘടനാ വിരുദ്ധം: എ.എ റഹീമിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും
കെ.എസ് ഷാബിന
Friday, 14th August 2026, 10:21 am

ന്യൂദല്‍ഹി: ജന്തർ മന്ദറിൽ നീറ്റ്പരീക്ഷ ചോദ്യപ്പേർ ചോർച്ചക്കെതിരെ പ്രതിഷേധിച്ചവരെ തിരിച്ചറിയാനായി രഹസ്യ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരായുള്ള സി.പി.ഐ.എം രാജ്യ സഭ എം.പി എ.എ റഹീമിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

പ്രതിഷേധക്കാരെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചതും, സ്വകാര്യ കമ്പനികൾക്ക്‌ വിവരങ്ങൾ കൈമാറുന്നതുമായ വിഷയങ്ങളാണ് എ.എ റഹീമിന്റെ അഭിഭാഷകരായ മേനക ഗുരുസ്വാമി, സുബാഷ് ചന്ദ്രൻ എന്നിവർ കോടതിയിൽ ഉന്നയിച്ചത്.

പ്രതിഷേധക്കാരോട് ചെയ്ത ഇത്തരം പ്രവർത്തികൾ ഭരഘടനാവിരുദ്ധമാണെന്നും അവ ആശങ്ക ഉണർത്തുന്നതാണെന്നും റഹീം ഹരജിയിൽ പറയുന്നു. ഇത്തരം നടപടികൾക്കെതിരെ നിയമം നടപ്പിലാക്കണമെന്നും, അതുവരെ ഇക്കാര്യങ്ങളിൽ നിയന്ത്രണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

റഹീം നൽകിയ മറ്റൊരു കേസിൽ വാദം തുടരുന്നതിനിടയിലാണ് ജന്തർ മന്തറിലെ വിഷയം അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. തുടർന്നായിരുന്നു ഹരജിയിന്മേൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻറെ ലംഘനമാണ് ജന്തർ മന്ദറിൽ നടന്നതെന്നും, സ്വകാര്യ കമ്പനികൾ ആണ് ഡാറ്റ ഹോസ്റ്റ് ചെയ്തതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സി.സി.ടിവി, ഡ്രോണുകൾ, മൊബൈൽ കൺട്രോൾ വാഹനം എന്നിവ വഴി പ്രതിഷേധക്കാരുടെയും മാധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച്, അവരെ നിരന്തരം നിരീക്ഷിച്ചു എന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.

Content Highlight: Supreme Court to hear AA Rahim’s plea against Delhi Police’s facial recognition at Jantar Mantar

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.