മലയാളത്തിലെ മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് സുജിത് വാസുദേവ്. കേരള കഫേയിലെ ചെറിയൊരു സെഗ്മെന്റിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് സുജിത് സിനിമാലോകത്തേക്ക് കടന്നുവന്നത്. മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് ജെയിംസ് ആന്‍ഡ് ആലീസിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുജിത് വാസുദേവ്. മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മാഭിനയം ദൃശ്യത്തില്‍ പലയിടത്ത് കാണാനാകുമെന്ന് സുജിത് വാസുദേവ് പറഞ്ഞു. ഷൂട്ടിന്റെ സമയത്ത് താന്‍ അത് നേരിട്ട് കണ്ടിട്ടുണ്ടെന്നും മറ്റ് നടന്മാര്‍ക്ക് അതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സുജിത് വാസുദേവ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഡയലോഗ് പറയുന്നതിനിടയ്ക്ക് മോഹന്‍ലാല്‍ ചെറുതായി താഴേക്ക് നോക്കുന്നുണ്ടെന്നും ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമേ അത് മനസിലാകുള്ളൂവെന്നും സുജിത് പറഞ്ഞു. അത് കഴിഞ്ഞിട്ടുള്ള സീനിന് ആ നോട്ടം ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലെന്നും ഷൂട്ടിന്റെ സമയത്ത് താന്‍ അത് കണ്ട് അത്ഭുതപ്പെട്ടെന്നും സുജിത് വാസുദേവ് കൂട്ടിച്ചേര്‍ത്തു.
വേറൊരു നടന് അത് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മാഭിനയത്തിന്റെ ഉദാഹരണമാണ് അതെന്നും സുജിത് പറഞ്ഞു. അതുപോലെ സദയം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ മുഖഭാവം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് പേടിയാകുമെന്നും നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയമാണ് അതെന്നും സുജിത് വാസുദേവ് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു സുജിത് വാസുദേവ്.
‘സൂക്ഷ്മാഭിനയത്തിന്റെ കാര്യത്തില്‍ മറ്റ് നടന്മാരെക്കാള്‍ മുന്നിലാണ് ലാലേട്ടന്‍. ദൃശ്യത്തിന്റെ ഷൂട്ടിങ് സമയത്ത് ഞാന്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. ആ സിനിമയുടെ അവസാനം പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒരു സീനുണ്ട്. ‘ഈ പൊലീസ് സ്റ്റേഷന്‍ ഇവിടെ ഉള്ളിടത്തോളം കാലം എന്റെ കുടുംബം സുരക്ഷിതമായിരിക്കും’ എന്നാണ് ഡയലോഗ്. ഇത് പറയുന്നതിനിടക്ക് അദ്ദേഹം ചെറുതായി താഴേക്ക് നോക്കുന്നുണ്ട്. ശ്രദ്ധിച്ച് നോക്കിയാലേ അത് മനസിലാകുള്ളൂ.
ആ സീന്‍ കഴിഞ്ഞിട്ട് ട്വിസ്റ്റ് റിവീല്‍ ചെയ്യുന്ന ഭാഗത്തിന് ആ നോട്ടം ഉണ്ടാക്കിയ ഇംപാക്ട് വലുതാണ്. വേറൊരാള്‍ക്കും അത് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ല. അതുപോലെ സദയം എന്ന സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ചും സംസാരിക്കണം. ആ കുട്ടികളെ കൊല്ലുന്ന സമയത്ത് ലാലേട്ടന്റെ മുഖഭാവം കണ്ടാല്‍ നമുക്കും പേടിയാവും. നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയമാണത്,’ സുജിത് വാസുദേവ് പറഞ്ഞു.