തുടക്കത്തില്‍ ജൂഡ് കൊണ്ടുവന്ന കഥകള്‍ ഞങ്ങള്‍ക്ക് വര്‍ക്കായില്ല; പിന്നീട് ജൂഡിനെ കാണാതായി: സുചിത്ര മോഹന്‍ലാല്‍
Malayalam Cinema
തുടക്കത്തില്‍ ജൂഡ് കൊണ്ടുവന്ന കഥകള്‍ ഞങ്ങള്‍ക്ക് വര്‍ക്കായില്ല; പിന്നീട് ജൂഡിനെ കാണാതായി: സുചിത്ര മോഹന്‍ലാല്‍
ആര്യ.പി
Tuesday, 14th July 2026, 12:47 pm

 

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. വിസ്മയയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും, ചിത്രത്തിലേക്ക് പ്രൊഡക്ഷന്‍ ഹൗസായ ആശിര്‍വാദ് സിനിമാസും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എത്തിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിസ്മയയുടെ അമ്മയും മോഹന്‍ലാലിന്റെ പങ്കാളിയുമായ സുചിത്ര മോഹന്‍ലാല്‍.

വിസ്മയയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് സുചിത്ര ഓര്‍ക്കുന്നു. എങ്കിലും മക്കള്‍ അവരുടെ ഭാവിയെക്കുറിച്ച് ഒരു ആഗ്രഹം പറയുമ്പോള്‍ അതിന് കൂടെ നില്‍ക്കുക എന്നത് മാതാപിതാക്കളുടെ കടമയാണെന്ന് കരുതി തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നു സുചിത്ര പറഞ്ഞു.

‘രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജൂഡ് ആന്തണിയുമായി ഞങ്ങള്‍ സംസാരിക്കുന്നത്. അന്ന് അദ്ദേഹം രണ്ട് മൂന്ന് കഥകള്‍ കൊണ്ടുവന്നെങ്കിലും അത് ഞങ്ങള്‍ക്ക് വര്‍ക്കായില്ല. പിന്നീട് കുറച്ചുകാലം ജൂഡിന്റെ വിവരമൊന്നും ഇല്ലായിരുന്നു. ഞാന്‍ വിശാഖിനോട് (വിശാഖ് സുബ്രഹ്മണ്യം) ജൂഡിന്റെ വിവരമൊന്നും ഇല്ലല്ലോ എന്ന് തിരക്കിയപ്പോള്‍, ‘ജൂഡ് അല്ലേ ചേച്ചീ… അവന്‍ എന്തെങ്കിലും ഒരു മികച്ച സബ്ജക്റ്റുമായി വരുമെന്ന്’ വിശാഖ് പറഞ്ഞു.’, സുചിത്ര വ്യക്തമാക്കി.

പിന്നീട് ജൂഡ് കൊണ്ടുവന്ന സബ്ജക്റ്റ് തങ്ങള്‍ക്ക് ഏറെ ഇഷ്ടമായെന്നും അങ്ങനെയാണ് സിനിമയ്ക്ക് വഴിതെളിയുന്നതെന്നും സുചിത്ര പറഞ്ഞു. കഥ കേട്ട് ഇഷ്ടപ്പെട്ടതിന് ശേഷം താന്‍ ആന്റണി പെരുമ്പാവൂരിനെ വിളിച്ച് കഥ പറഞ്ഞതായും സുചിത്ര പറഞ്ഞു

‘ഇങ്ങനെയൊരു കഥയുണ്ടെന്ന് ഞാന്‍ ആന്റണിയോട് പറഞ്ഞു. കഥ കേട്ട ശേഷം ആന്റണി എന്നോട് ചോദിച്ചു, ‘ചേച്ചീ ആരാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ പോകുന്നത് എന്ന്. ‘എന്ത് ചോദ്യമാണിത് ആന്റണി, ആശിര്‍വാദ് സിനിമാസ് തന്നെ’ എന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ അമ്പരപ്പോടെ ‘ഞാനോ ചേച്ചീ?’ എന്ന് ആന്റണി ചോദിച്ചപ്പോള്‍, ‘അതെ, വേറെ ആരാണ് ഈ സിനിമ ചെയ്യാന്‍’ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്.’

വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആന്റണിയുടെയും ആശിര്‍വാദ് സിനിമാസിന്റെയും സപ്പോര്‍ട്ടിലാണ് മകളുടെ വലിയൊരു ആഗ്രഹം സഫലമാകുന്നതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. അരങ്ങേറ്റ ചിത്രത്തില്‍ മകള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയാണെന്നും സുചിത്ര പറഞ്ഞു.

താന്‍ ഒരിക്കലും ഒരു നടനാകുമെന്നോ തന്റെ മക്കള്‍ തന്റെ വഴിയിലൂടെ സിനിമയിലെത്തുമെന്നോ വിചാരിച്ചിരുന്നില്ലെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. മകള്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കി. ഇനി അവര്‍ തന്നെയാണ് കഠിനാധ്വാനം ചെയ്യേണ്ടത്, എനിക്കൊരു നിമിത്തമാകാന്‍ മാത്രമേ സാധിക്കൂ.’ ,മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Suchithra Mohanlal aboutJude Antony Joseph and Thudakkam Movie

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.