ബാറ്റെടുക്കാതെ ലോക റെക്കോഡ്; ചരിത്രം സൃഷ്ടിച്ച് സ്മിത്ത്
Cricket
ബാറ്റെടുക്കാതെ ലോക റെക്കോഡ്; ചരിത്രം സൃഷ്ടിച്ച് സ്മിത്ത്
സുദേവ് എ
Friday, 14th August 2026, 3:00 pm

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ സൂപ്പര്‍താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കൈപ്പിടിയിലാക്കുന്ന താരമായാണ് സ്മിത്ത് മാറിയത്. 218 ക്യാച്ചുകള്‍ നേടിയാണ് സ്മിത്ത് ഈ റെക്കോഡ് സ്വന്തമാക്കിയത്. നിലവില്‍ ഈ റെക്കോഡില്‍ ഇംഗ്ലണ്ട് ഇതിഹാസം ജോ റൂട്ടിനൊപ്പമാണ് സ്മിത്ത്.

124 മത്സരങ്ങളില്‍ നിന്നുമാണ് സ്മിത്തിന്റെ ചരിത്രനേട്ടം. റൂട്ട് ഇത്രയധികം ക്യാച്ചുകള്‍ മത്സരങ്ങളില്‍ നിന്നുമാണ്. ഇംഗ്ലീഷ് ഇതിഹാസത്തെക്കാള്‍ കുറവ് മത്സരങ്ങളില്‍ നിന്നുമാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചതെന്നും ശ്രേദ്ധേയമാണ്.

ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സ്മിത്ത് ഈ ചരിത്രനേട്ടം തന്റെ പേരിലാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് ക്യാച്ചുകള്‍ കൈപ്പിടിയിലാക്കിയതോടെയാണ് താരം ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസ്സൈന്‍ ഷാന്റോ, മുഷ്ഫിഖുര്‍ റഹീം, ലിട്ടണ്‍ ദാസ് എന്നിവരെയാണ് സ്മിത്ത് ക്യാച്ചിലൂടെ മടക്കി അയച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയക്കായി ബാറ്റ് കൊണ്ട് തിളങ്ങിയതും സ്മിത്താണ്. ഓസ്‌ട്രേലിയന്‍ നിരയില്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 109 പന്തില്‍ 71 റണ്‍സുമായാണ് സ്മിത്ത് തിളങ്ങിയത്. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 198 റണ്‍സിനാണ് പുറത്തായത്. ഹസന്‍ മഹ്‌മൂദിന്റെ ബൗളിങ് കരുത്തിലാണ് ബംഗ്ലാദേശ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മൂന്ന് മെയ്ഡനടക്കം 17 ഓവര്‍ പന്തെറിഞ്ഞ താരം 55 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കരുത്തുകാട്ടിയത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബംഗ്ലാദേശ് ബൗളര്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫൈഫര്‍ നേട്ടം സ്വന്തമാക്കുന്നത്. മഹ്‌മൂദിനൊപ്പം താസ്‌കിന്‍ അഹമ്മദും എദാബോദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ പതനം പൂര്‍ത്തിയാക്കി.

ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് വേണ്ടി താന്‍സിദ് അഹമ്മദ് സെഞ്ച്വറി നേടി തിളങ്ങി. 197 പന്തുകളില്‍ നിന്നും 101 റണ്‍സ് നേടിയാണ് താന്‍സിദ് അഹമ്മദ് തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് താന്‍സിദ്.

ക്യാപ്റ്റന്‍ നജുമുല്‍ ഷാന്റോ 126 പന്തില്‍ നിന്നും 86 റണ്‍സും സ്വന്തമാക്കി. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എന്ന നിലയിലാണ്. ടീമിന് നിലവില്‍ 153 റണ്‍സ് ലീഡാണുള്ളത്.

 

Content Highlight: Steve Smith create a historical record in test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.