നായകനാരാണെന്ന് നോക്കാതെ സംവിധായകനെ മാത്രം നോക്കി പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാന്‍ മാത്രം വലിപ്പത്തില്‍ തന്റെ ബ്രാന്‍ഡ് വളര്‍ത്തിയ ആളാണ് എസ്.എസ്.രാജമൗലി. ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്കും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍.ആര്‍. ആറിനും ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് സംവിധായകന്റെ പുതിയതായി വരാനിരിക്കുന്ന പ്രൊജക്ട്. ആയിരം കോടിയലധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: District

മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് വില്ലനായി വേഷമിടുന്നത്. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ചിത്രമാണ് ഇന്ന് പുറത്തിറങ്ങുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. ശശാങ്ക് യെലോട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഭാവന സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ ചിത്രം നിര്‍മിക്കുന്ന രീതിയെ കുറിച്ചും മലയാളത്തില്‍ നിന്നും ഇത് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഞാന്‍ സിനിമ നിര്‍മിക്കുന്ന രീതി വ്യത്യസ്തമാണ്. കാരണം ഇമോഷണലായിട്ടുള്ള ഫീലിങ്ങിലാണ് ഞാന്‍ എപ്പോഴും തുടങ്ങാറുള്ളത്. എഴുതി തുടങ്ങുമ്പോഴാണ് ഇത് എങ്ങനെയാണ് വരേണ്ടതെന്ന് ഞാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിലെ വലിയ സ്‌കെയിലിലുള്ള കാര്യങ്ങളെല്ലാം അതിന് ശേഷമാണ്. അതിനെല്ലാം ഏറ്റവും മികച്ച അണിയറപ്രവര്‍ത്തകരുടെ സഹായമാണ് ഞാന്‍ തേടാറുള്ളത്. ചിത്രത്തിന്റെ ഉത്തരവാദിത്തം അവര്‍ക്ക് കൂടെ കൈമാറും.

Photo: Bhavana Studio/ Youtube.com

ഞാന്‍ ഉദ്ദേശിച്ച കാര്യം അഭിനേതാവിന് മനസിലാവുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കാറുള്ളത്. പ്രധാനമായും ലീഡ് ആക്ടേഴ്‌സിലൂടെയാണ് ആ ഇമോഷന്‍ കൊണ്ടുവരാന്‍ നോക്കാറുള്ളത്. മലയാളത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യമെന്തെന്നാല്‍ ഒരു സീനിലെ ഏത് ആര്‍ട്ടിസ്റ്റിനെ എടുത്താലും അവര്‍ അഭിനയിക്കുകയാണെന്ന് തോന്നില്ല. ലീഡ് ആക്ടര്‍ മുതല്‍ ഔട്ട് ഓഫ് ഫോക്കസിലുള്ള ആര്‍ട്ടിസ്റ്റുകള്‍ വരെ അങ്ങനെയാണ്. മലയാള സിനിമയെ കുറിച്ച് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നത് അതാണ്. ഇത് എഴുത്തില്‍ നിന്നുമാണ് സംഭവിക്കുന്നത്. ഒരു സീന്‍ എങ്ങനെയാണ് സംഭവിക്കേണ്ടത് എന്ന് കൃത്യമായി എഴുതി വെച്ചിട്ടുണ്ടാകും,’ രാജമൗലി പറഞ്ഞു.

Content Highlight: SS Rajamouli talks about the difference between Malayalam cinema and his film making style