ഒരു പ്രേക്ഷകയായാണ് ആ സിനിമയെ ആസ്വദിച്ചത്; ഞാനും ആട് സിനിമയുടെ ഫാന്‍: ശ്രിന്ദ
Malayalam Cinema
ഒരു പ്രേക്ഷകയായാണ് ആ സിനിമയെ ആസ്വദിച്ചത്; ഞാനും ആട് സിനിമയുടെ ഫാന്‍: ശ്രിന്ദ
ഐറിന്‍ മരിയ ആന്റണി
Monday, 30th March 2026, 12:05 pm

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രിന്ദ. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടി, 22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നിവിന്‍ പോളി നായകനായെത്തിയ 1983 എന്ന സിനിമയിലെ സുശീല എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ സജീവമായ താരം ഡബ്ബിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കമ്മട്ടിപാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, സൗദി വെള്ളക്ക എന്നീ സിനിമകളില്‍ ശ്രിന്ദ ഡബ്ബ് ചെയ്തിട്ടുണ്ട്. ആട് 3യാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ആട് 3യെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് ശ്രിന്ദ.

‘ആട് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ഉള്ളതുപോലെ തന്നെ ഒരു സ്‌പേസ് മൂന്നാം ഭാഗത്തിലും എന്റെ കഥാപാത്രത്തിനുണ്ട്. ഒരു നടി എന്നതിനേക്കാളുപരി പ്രേക്ഷക എന്ന നിലയിലാണ് ‘ആട് 3’ യെ നോക്കിക്കാണുന്നത്. ഞാനും ആ സിനിമയുടെ ഫാനാണ്.

എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ താത്പര്യമുണ്ട്. ഏറ്റവും ഇഷ്ടം ആ പ്രക്രിയയാണ്. സിനിമയുടെ സെറ്റിലായിരിക്കുക, അവിടുത്തെ തിരക്കുകളുടെ ഭാഗമാവുക എന്നതൊക്കെ ആസ്വദിക്കാറുണ്ട്. ഓരോ സീനും ഓരോ ഷോട്ടും രൂപപ്പെടുന്നത് കാണാന്‍ എനിക്കിഷ്ടമാണ്,’ ശ്രിന്ദ പറയുന്നു.

സപ്പോര്‍ട്ടിങ് റോളുകളില്‍ ഒതുങ്ങിപോകുമോ എന്ന പേടി നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതികളും പരിധികളുമാണെന്നും അതിലൊന്നും കാര്യമില്ലെന്നും ശ്രിന്ദ പറയുന്നു. അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുകയാണ് പ്രധാനമെന്നും കരിയറിന്റെ തുടക്കത്തില്‍ നായികയായും അല്ലാതെയും വേഷങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ശ്രിന്ദ പറഞ്ഞു.

ഇനിയും സപ്പോര്‍ട്ടിങ് റോളുകള്‍ വന്നേക്കാം, നായികയായും അവസരങ്ങള്‍ വരാമെന്നും പക്ഷേ, ഒരു ലേബല്‍ ഒട്ടിച്ചു കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ഒരു അഭിനേതാ വാണെങ്കില്‍, അഭിനയിക്കുക എന്നതാണ് നിങ്ങളുടെ ജോലിയെന്നും താരം പറഞ്ഞു.

Content Highlight: Srinda talks about the movie Aadu 3 and supporting roles

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.