2026 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരെ വമ്പന്‍ വിജയം സ്‌പെയ്ന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പറങ്കിപ്പടയെ തോല്‍പ്പിച്ചത്. തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
ഇഞ്ചുറി ടൈമില്‍ (90+1 മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറീനോയാണ് വിജയഗോള്‍ നേടിയത്. ഇതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കണ്ണീരോടെയാണ് അവസാനിച്ചത്. മത്സരത്തിന് മുന്നോടിയായി ഇത് താരത്തിന്റെ അവസാന ലോകകപ്പാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
A late winner to secure a spot in the quarter-finals! 🇪🇸#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 6, 2026
അതേസമയം വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ ആറ് തുടര്‍ച്ചയായ മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് സ്‌പെയ്ന്‍. കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയായപ്പോള്‍ ഇത്തവണ ആദ്യ മത്സരത്തില്‍ കേബോ വെര്‍ദെയോടും ഗോള്‍ രഹിത സമനില വഴങ്ങുകയായിരുന്നു സ്‌പെയ്ന്‍.
രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളിനും ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനും തളച്ചാണ് സ്‌പെയ്ന്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ സ്‌പെയ്ന്‍ പോര്‍ച്ചുഗലിനെയും തളച്ചതോടെ ലോകകപ്പ് റെക്കോഡില്‍ മുത്തമിടുകയായിരുന്നു.
മത്സരത്തിന്റെ 11ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐമെറിക് ലപ്പോര്‍ട്ടെയെ വെട്ടിച്ച് ശക്തമായ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ മികച്ച രീതിയില്‍ സേവ് ചെയ്യുകയായിരുന്നു.
59ാം മിനിറ്റില്‍ ജാവോ ഫെലിക്‌സ് നല്‍കിയ ക്രോസില്‍ നിന്ന് റൊണാള്‍ഡോ വോളിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസരങ്ങളെ മുതലെടുക്കാനാകാത്തതാണ് പോര്‍ച്ചുഗലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്‌പെയിന്റെ വിജയ ഗോള്‍ പിറന്നത്. ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച പകരക്കാരന്‍ ഫെറാന്‍ ടോറസ് അത് മറ്റൊരു പകരക്കാരനായ മൈക്കല്‍ മെറിനോയ്യുടെ മുന്നിലെത്തിക്കുകയായിരുന്നു. മെറിനോ പന്ത് പോര്‍ച്ചുഗല്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു.
Content Highlight: Spain In Great Record Achievement In FIFA World Cup History
