ദൃശ്യം എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടി എന്ന കഥാപാത്രമാണ്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ പുതുതായി ഉയരുന്നത് മറ്റൊരു പേരാണ്, റാണിയുടേത്. മീന അവതരിപ്പിച്ച ആ കഥാപാത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു. കേരളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ വൻ വിജയമായ ഈ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പർഹിറ്റായതോടെ ഇനി വരാനിരിക്കുന്ന ‘ദൃശ്യം 3’നായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ സാധാരണയായി ഉയരുന്നത് മോഹൻലാലിന്റെ അതുല്യ പ്രകടനവും ജീത്തു ജോസഫിന്റെ തിരക്കഥയും സംവിധാന മികവുമാണ്. കൂടാതെ മക്കളായി എത്തിയ എസ്തറും അൻസിബയും മികച്ച പ്രകടനം കാഴ്ചവെച്ചതും ഏറെ പ്രശംസിക്കപ്പെട്ടു.
എന്നാൽ റാണിയായി എത്തിയ മീനയുടെ പ്രകടനം അത്രത്തോളം ആഘോഷിക്കപ്പെട്ടില്ലെന്നതാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ നിരീക്ഷണം.
വലിയ ലോകവിവരം ഇല്ലാത്ത, ഭയപ്പാടുകളും പക്വതക്കുറവും നിറഞ്ഞ, കൊച്ചു കൊച്ചു ആഗ്രഹങ്ങളുള്ള ഒരു തനി നാടൻ വീട്ടമ്മയായാണ് മീന റാണിയെ അവതരിപ്പിച്ചത്.
സംഭവവികാസങ്ങൾ കടുപ്പത്തിലേക്ക് നീങ്ങുമ്പോൾ ഭർത്താവിനെക്കാൾ കൂടുതൽ ഭയത്തിലും ആശങ്കയിലും തകർന്നുപോകുന്ന ഒരമ്മയുടെ മനോഭാവം അത്രയും സ്വാഭാവികമായി പകർത്തിയെന്നാണ് ആരാധകർ പറയുന്നത്. ചെറിയൊരു ലൂപ്പ്ഹോൾ പോലും തോന്നിക്കാത്ത പ്രകടനമെന്ന വിലയിരുത്തലുകളും ഉയരുന്നു.
ചിത്രത്തിലെ ചില രംഗങ്ങൾ പ്രത്യേകം ചർച്ചയാകുന്നുണ്ട്. സഹദേവൻ എന്ന പൊലീസുകാരന്റെ മുന്നിൽ അറിയാതെ തീയതി പറഞ്ഞുപോകുന്ന രംഗം ഉൾപ്പെടെ, ഓരോ റിയാക്ഷനും അത്രയും നാച്വറൽ ആയിതോന്നിയെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. ‘റാണി ഇല്ലാതെ ദൃശ്യം പൂർണമാകില്ല’ എന്ന അഭിപ്രായം പോലും ചിലർ പങ്കുവെക്കുന്നു.
ദൃശ്യം, Photo: IMDb
കൂടാതെ, ‘ദൃശ്യം 1’ പുറത്തിറങ്ങിയ കാലത്തെ റാണിയും ഇനി വരാനിരിക്കുന്ന മൂന്നാം ഭാഗത്തിലെ റാണിയും തമ്മിൽ വലിയ മാറ്റമൊന്നും സൗന്ദര്യത്തിൽ തോന്നുന്നില്ലെന്നുള്ള രസകരമായ കമന്റുകളും വൈറലാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും അതേ സൗന്ദര്യവും അഭിനയവവും നിലനിർത്തുന്ന മീനയുടെ സ്ക്രീൻ പ്രസൻസിനെ ആരാധകർ എടുത്ത് പറയുന്നുമുണ്ട്.
ദൃശ്യം സിനിമയുടെ തിരക്കഥയെയും ലാലേട്ടന്റെ പ്രകടനത്തെയും വാനോളം പുകഴ്ത്തുമ്പോൾ, റാണിയായി മീന കാഴ്ചവെച്ച അതുല്യ അഭിനയം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ‘ദൃശ്യം 3’യിൽ ഒരുപക്ഷേ റാണിയുടെ ഏറ്റവും ശക്തമായ പ്രകടനം കാണാനാകും എന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നു.
Content Highlight: Social media Discussing the character of Rani in the movie Drishyam.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.