ഓണം റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ടീസറും ട്രെയ്‌ലറും പുറത്തുവിടാതെ പൃഥ്വിരാജിന്റെ സ്റ്റില്ലുകള്‍ മാത്രം പുറത്തുവിട്ടാണ് ഖലീഫ അതിന്റെ ഹൈപ്പ് ഉയര്‍ത്തിയത്.

കഴിഞ്ഞദിവസം ഖലീഫയിലെ പാട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ മൂഡിന് ചേര്‍ന്ന ഒന്നുരണ്ട് ഗാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിന് ചേരുന്ന പാട്ടല്ല ഇവയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഖലീഫയുടെ ജ്യൂക്ക്‌ബോക്‌സില്‍ ഏറ്റവും ചര്‍ച്ചയാവുന്നത് ‘കിസയറിയാതെ’ എന്ന പാട്ടാണ്. സ്ലോ മൂഡിലുള്ള ഈ ഗാനത്തിന് മറ്റൊരു ഗാനവുമായി നല്ല സാമ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. ധുരന്ധറിലെ ‘ജായേ സജ്‌നാ’ എന്ന പാട്ടിനെ അതേപടി പകര്‍ത്തിയതാണ് ഖലീഫയിലെ ‘കിസയറിയാതേ’ എന്നാണ് പലരും കണ്ടുപിടിച്ചിരിക്കുന്നത്.

ആദ്യ കേള്‍വിയില്‍ തന്നെ ഇത് കോപ്പിയടിച്ചതാണെന്ന് മനസിലാകുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തമാശയുടെയും ട്രോളിന്റെയും അകമ്പടിയോടെ ഒരുക്കിവിട്ട വീഡിയോകള്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുകയാണ്. തേജാ ഭായ് ആന്‍ഡ് ഫാമിലിയിലെ സൂരാജിന്റെ ഐക്കോണിക് സീന്‍ ഉപയോഗിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോയാണ് ഇതില്‍ ഏറ്റവും ഗംഭീരം.

‘ധുരന്ധറിലേത് പോലെ ഒരു പാട്ട് വേണമെന്ന് സംവിധായകന്‍. എന്തിനാ അതുപോലത്തെ ഒരെണ്ണം, അതു തന്നെ അടിച്ച് മാറ്റുമെന്ന് ജേക്‌സ്’ എന്ന ക്യാപ്ഷനോടെയാണ് ഈ ട്രോള്‍ വീഡിയോ പുറത്തുവിട്ടത്. തമിഴ് പേജുകളും ഈ കോപ്പിയടി കണ്ടുപിടിച്ച പോസ്റ്റുകളും വൈറലാകുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റീച്ച് ഈയൊരു പാട്ടുകൊണ്ട് ഖലീഫക്ക് ലഭിച്ചിരിക്കുകയാണ്.

ഈ സാമ്യതയുടെ പേരില്‍ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്‌യെ കുറ്റം പറയേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഖലീഫ, ഐ ആം ഗെയിം, തുടക്കം എന്നിങ്ങനെ ഒരുപാട് സിനിമകള്‍ക്ക് സംഗീതം നല്‍കുന്നതിനിടക്ക് അമിതമായ വര്‍ക്ക്‌ലോഡ് കാരണം ഇങ്ങനെ ചിലത് സംഭവിക്കുമെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.

Content Highlight: Social media claiming that Khalifa movie song copied from Dhurandhar 2 movie