എന്തിനാ അനിമലിലേത് പോലെ ആക്കുന്നേ, അതുതന്നെ അടിച്ച് മാറ്റിയാല്‍ പോരെ; തിയേറ്റര്‍ കത്തിച്ചെങ്കിലും കോപ്പിയടിയായ ടൊവിയുടെ ഐവര്‍
Malayalam Cinema
എന്തിനാ അനിമലിലേത് പോലെ ആക്കുന്നേ, അതുതന്നെ അടിച്ച് മാറ്റിയാല്‍ പോരെ; തിയേറ്റര്‍ കത്തിച്ചെങ്കിലും കോപ്പിയടിയായ ടൊവിയുടെ ഐവര്‍
അമര്‍നാഥ് എം.
Friday, 21st August 2026, 4:11 pm

പറഞ്ഞുതേഞ്ഞ കഥയെ അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന രീതിയില്‍ ഒരുക്കിയ ചിത്രമാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജിനു വി. അബ്രഹാമിന്റെ തിരക്കഥയാണ് ഖലീഫയിലെ ഏറ്റവും വലിയ വില്ലന്‍. ഒരിടത്തും എന്‍ഗേജ് ചെയ്യാതെ, ഫ്‌ളാറ്റായി പറഞ്ഞുപോകുന്ന കഥയാണ് ചിത്രത്തിന്റേത്.

പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സും ഒരുപരിധിവരെ ജേക്‌സിന്റെ സംഗീതവുമാണ് ചിത്രത്തെ താങ്ങി നിര്‍ത്തുന്നത്. സമീപകാലത്ത് മലയാളസിനിമയെ ഒഴിയാബാധ പോലെ പിടികൂടിയ കാമിയോ ട്രെന്‍ഡ് ഖലീഫയിലുമുണ്ട്. അതില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം അണിയറപ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിരുന്നു. വേറെയും രണ്ട് സര്‍പ്രൈസ് താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാമ്പറക്കല്‍ അഹമ്മദ് അലിയുടെ സഹായികളായി ടൊവിനോയും സൗബിനും എത്തിയത് സര്‍പ്രൈസായിരുന്നു. ഐവര്‍ അലക്‌സാണ്ടര്‍ എന്ന ഹിറ്റ്മാനായാണ് ടൊവിനോ വേഷമിടുന്നത്. തിയേറ്ററില്‍ ടൊവിനോയുടെ എന്‍ട്രിക്ക് ഗംഭീര കൈയടികളായിരുന്നു ലഭിച്ചത്. ഡയലോഗൊന്നുമില്ലെങ്കിലും ആ കഥാപാത്രത്തെ പ്രസന്റ് ചെയ്ത രീതി ഗംഭീരമായിരുന്നു.

എന്നാല്‍ ടൊവിനോയുടെ സീന്‍ ബോളിവുഡ് ചിത്രമായ അനിമലില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. അനിമലിന്റെ ടെയില്‍ എന്‍ഡ് സീനില്‍ രണ്‍ബീറിന്റെ അപരനായി മാറിയ അസീസ് ഹഖ് എന്ന വില്ലനെ കാണിക്കുന്ന സീനിനെ കോപ്പി പേസ്റ്റ് ചെയ്തുവെച്ചിരിക്കുകയാണ് ഖലീഫയില്‍.

വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് കൈയില്‍ കത്തിയുമായാണ് അനിമലില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. ഖലീഫയില്‍ ടൊവിനോയുടെ ഔട്ട്ഫിറ്റ് ഇതുപോലെ തന്നെയാണ്. കത്തിക്ക് പകരം തോക്ക് വെച്ചെന്ന വ്യത്യാസം മാത്രമേയുള്ളൂ. കോപ്പിയടിയാണെങ്കിലും ടൊവിനോയുടെ സ്വാഗ് ഈ സീനിനെ ഗംഭീരമാക്കി മാറ്റിയിട്ടുണ്ട്.

സി.ഐ.ഡി മൂസയില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കൊച്ചുണ്ണി എന്ന കഥാപാത്രം പറയുന്ന ‘എന്തിനാ അതുപോലത്തെ ആക്കുന്നത്, അതുതന്നെ അടിച്ച് മാറ്റിത്തരില്ലേ ഞാന്‍’ എന്ന ഡയലോഗാണ് പലരും ഖലീഫയെ ട്രോളാനായി ഉപയോഗിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഐവര്‍ എന്ന കഥാപാത്രത്തെ നന്നായി പ്രസന്റ് ചെയ്‌തേക്കുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കുവെച്ചു.

സൗബിന്‍ അവതരിപ്പിച്ച അഹമ്മദ് അലിയുടെ വലംകൈയായ കഥാപാത്രമാണ് മറ്റൊന്ന്. മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് സൗബിന്‍ ഖലീഫയില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിനൊപ്പമുള്ള ഫ്രെയിമില്‍ സൗബിനെ കാണുമ്പോള്‍ ചെ ഗുവേരയെപ്പോലെയുണ്ടെന്നും ട്രോളുകളുണ്ട്.

Content Highlight: Similarities between Tovino’s character in Khalifa and Ranbir in Animal

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം