ഇവൻ മാത്രമാണ് നമ്മളിൽ ഹീറോ അല്ലാത്തതെന്ന് അന്ന് മമ്മൂക്ക പറഞ്ഞു: സിദ്ദിഖ്
Entertainment
ഇവൻ മാത്രമാണ് നമ്മളിൽ ഹീറോ അല്ലാത്തതെന്ന് അന്ന് മമ്മൂക്ക പറഞ്ഞു: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th December 2023, 3:02 pm

മലയാള സിനിമയിൽ എല്ലാ താരങ്ങൾക്കുമൊപ്പം ഒരുപോലെ അഭിനയിക്കാനുള്ള ഭാഗ്യത്തെ കുറിച്ച് പറയുകയാണ് നടൻ സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ത വേഷ പകർച്ചകളിലൂടെ നിറഞ്ഞുനിൽക്കുന്ന നടനാണ് അദ്ദേഹം.

ഒരിക്കൽ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളോടൊപ്പം തന്റെ വീട്ടിൽ കൂടിയപ്പോൾ മമ്മൂട്ടി, ‘ഇപ്പോൾ ഇവിടെ ഉള്ളതിൽ നമ്മുടെ കൂട്ടത്തിൽ ഹീറോ അല്ലാത്തത് സിദ്ദിഖ് മാത്രമാണെന്ന്’ പറഞ്ഞത് ഓർക്കുകയാണ് സിദ്ദിഖ്.

ഒരു നടൻ എന്ന നിലയിൽ അത് ഏറ്റവും വലിയ ഭാഗ്യമാണെന്നും അവരോടൊപ്പം ഒരുപോലെ അഭിനയിക്കാൻ തനിക്ക് കഴിയുന്നു എന്നതാണ് വലിയ കാര്യമെന്നും സിദ്ദിഖ് പറഞ്ഞു. പുതിയ ചിത്രം നേരിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ വീട്ടിൽ ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടെ ഒത്തുകൂടി. സിനിമയിലെ എല്ലാ സൂപ്പർ ഹീറോസുമാണ് എന്റെ കൂടെ ഉണ്ടായിരുന്നത്. മമ്മൂക്കയുണ്ട് മോഹൻലാലുണ്ട് ജയസൂര്യയുണ്ട് അങ്ങനെ കുറച്ച് ആളുകൾ ഉണ്ട്. അപ്പോൾ മമ്മൂക്ക പറഞ്ഞു, നമ്മൾ ഒന്ന് ആലോചിച്ച് നോക്കിയേ ഇവൻ മാത്രമേ നമ്മുടെ കൂട്ടത്തിൽ ഹീറോ അല്ലാത്തതായിട്ടുള്ളൂവെന്ന്.

ശരിക്കും അതെനിക്ക് കിട്ടിയ നല്ലൊരു കാര്യമായാണ് ഞാൻ കരുതുന്നത്. കാരണം ഞാൻ എല്ലാവരുടെയും കൂടെ അഭിനയിക്കുന്നുണ്ട്.

ഇവരെല്ലാവരും കൂടെ വല്ലപ്പോഴും മാത്രമേ കാണുകയുള്ളൂ. ഇവരങ്ങനെ ഒന്നിച്ച് അഭിനയിക്കാത്തത് കൊണ്ടാണ്. എനിക്കങ്ങനെ എല്ലാവരുടെ കൂടെയും അഭിനയിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ്.

അതിപ്പോൾ മമ്മൂക്കയാണെങ്കിലും ലാൽ ആണെങ്കിലും. ദുൽഖർ സൽമാൻ ആണെങ്കിലും പ്രണവിന്റെ കൂടെയാണെങ്കിലും. മോഹൻലാലിന് ഇല്ലാത്ത ഒരു അടുപ്പം പ്രണവിനോട്‌ എനിക്കുണ്ട്. അതൊക്കെ അത്രയും അടുത്ത് അഭിനയിക്കാൻ സാധിച്ചത് കൊണ്ടാണ്.

അതൊരു ഭാഗ്യം തന്നെയാണ്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About A Moment With Mammooty And Mohanlal