അങ്ങനെയാണ് ജംറകളില്‍ കല്ലേറ് വളരെ ആയാസരഹിതമായ ഒരു ചടങ്ങായി മാറിയത്
DISCOURSE
അങ്ങനെയാണ് ജംറകളില്‍ കല്ലേറ് വളരെ ആയാസരഹിതമായ ഒരു ചടങ്ങായി മാറിയത്
ബഷീര്‍ വള്ളിക്കുന്ന്
Thursday, 14th December 2023, 2:35 pm
ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരേ സമയം ഒത്തുകൂടുന്ന മത ആചാരങ്ങളിലും ചടങ്ങുകളിലുമൊക്കെ മനുഷ്യരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് കാലികമായ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടത് അനിവാര്യമായി വരും. ആളുകളുടെ മതവിശ്വാസങ്ങള്‍ ഇല്ലാതാക്കാനോ അവയെ ഒന്നാകെ പൊളിച്ചെഴുതാനോ ആര്‍ക്കും സാധിക്കില്ല, എന്നാല്‍ കാലോചിതമായ ചില പരിഷ്‌കാരങ്ങളും ക്രമീകരണങ്ങളും വരുത്താന്‍ സാധിക്കും.

മുമ്പൊക്കെ ഹജ്ജ് വേളയില്‍ ഏറ്റവും കൂടുതല്‍ തിക്കിത്തിരക്കും അതുവഴിയുള്ള മരണങ്ങളും നടക്കാറുണ്ടായിരുന്നത് മിനായില്‍ ജംറകളിലെ കല്ലേറിന്റെ അടുത്തായിരുന്നു. കല്ല് കൊണ്ട് പടുത്ത ഒരു ചെറിയ തൂണ്‍, അതിന് ചുറ്റും വൃത്താകൃതിയിലുള്ള ഒരു ചെറിയ മതില്‍.

കല്ലെറിയുന്നതിന് മതാചാരപ്രകാരമുള്ള പ്രത്യേക സമയമുണ്ട്. ആ സമയത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ അതിന് ചുറ്റും കൂടും. എറിയാന്‍ പോകുന്നവരും എറിഞ്ഞു വരുന്നവരുമൊക്കെ ഒരേ ദിശയിലായി പലപ്പോഴും തിക്കിത്തിരക്കുകള്‍ ഉണ്ടാകും. അതുവഴി മരണങ്ങളും.

സൗദി ഭരണകൂടം മതപണ്ഡിതന്മാരുമായി ആലോചിച്ച് അതിനൊരു പരിഹാരം കണ്ടു.

ജംറയിലെ ചെറിയ കല്‍ത്തൂണിന് പകരം അതിനെ വീതി കൂട്ടി വലിയൊരു മതില്‍ കണക്കെയാക്കി അതിനെ കുത്തനെ ഉയര്‍ത്തി. എന്നിട്ട് അതിലേക്ക് വിവിധ തട്ടുകളിലായി മള്‍ട്ടി ലെവല്‍ റോഡുകളും പാലങ്ങളും പണിതു.

ബില്യണ്‍ കണക്കിന് റിയാല്‍ ചിലവഴിച്ചുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രൊജക്റ്റായിരുന്നു അത്. അങ്ങിനെ കല്ലെറിയുക എന്ന ചടങ്ങ് വിവിധ തട്ടുകളില്‍ എവിടെ നിന്നെങ്കിലും വളരെ വീതി കൂടിയ പ്രതലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടായി.

അതോടൊപ്പം അവര്‍ മറ്റൊരു കാര്യവും കൂടി ചെയ്തു. ഓരോ രാജ്യക്കാര്‍ക്കും ടെന്റുകളുടെ ഏരിയകള്‍ക്കും ആനുപാതികമായി എറിയാന്‍ പോകുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചു. മതാചാരപ്രകാരം മൂന്ന് ദിവസങ്ങളിലായി കല്ലെറിയുന്നതിന് കൂടുതല്‍ പുണ്യമുണ്ടെന്ന് കരുതുന്ന പ്രത്യേക സമയങ്ങളുണ്ട്.

എങ്കിലും പല ടെന്റുകള്‍ക്കും ടൈം സ്ലോട്ട് ലഭിക്കുന്നത് ആ സമയത്ത് തന്നെ ആയിക്കൊള്ളണമെന്നില്ല. അതില്‍ ചിലര്‍ക്കൊക്കെ പരിഭവം ഉണ്ടാകാറുണ്ട്. എന്നാലും പൊതുനന്മയും ഹാജിമാരുടെ ജീവസുരക്ഷയും പരിഗണിച്ച് അധികൃതര്‍ അനുവദിച്ചു നല്‍കുന്ന ടൈം സ്ലോട്ടില്‍ തന്നെ അത് നിര്‍വഹിക്കുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളത്.

അങ്ങിനെയൊക്കെയാണ് ഇപ്പോള്‍ ജംറകളില്‍ കല്ലേറ് വളരെ ആയാസരഹിതമായ ഒരു ചടങ്ങായി മാറിയത്

ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരേ സമയം ഒത്തുകൂടുന്ന മത ആചാരങ്ങളിലും ചടങ്ങുകളിലുമൊക്കെ മനുഷ്യരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് കാലികമായ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടത് അനിവാര്യമായി വരും. ആളുകളുടെ മതവിശ്വാസങ്ങള്‍ ഇല്ലാതാക്കാനോ അവയെ ഒന്നാകെ പൊളിച്ചെഴുതാനോ ആര്‍ക്കും സാധിക്കില്ല, എന്നാല്‍ കാലോചിതമായ ചില പരിഷ്‌കാരങ്ങളും ക്രമീകരണങ്ങളും വരുത്താന്‍ സാധിക്കും.

content highlights:  become a very effortless ritual stone pelting in jamras