അത്യാവശ്യം അടിയും മാടമ്പിത്തരവുമെല്ലാം കാണിച്ചിരുന്നെങ്കിൽ ആ മോഹൻലാൽ ചിത്രം സൂപ്പർ ഹിറ്റായേനെ: സിബി മലയിൽ
Entertainment
അത്യാവശ്യം അടിയും മാടമ്പിത്തരവുമെല്ലാം കാണിച്ചിരുന്നെങ്കിൽ ആ മോഹൻലാൽ ചിത്രം സൂപ്പർ ഹിറ്റായേനെ: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 5:19 pm

മോഹന്‍ലാല്‍ ഇരട്ട കഥാപാത്രത്തിലെത്തിയ സിനിമയായിരുന്നു ‘മായാമയൂരം’. രേവതി, ശോഭന തുടങ്ങി വലിയ താരനിര ഒന്നിച്ച ചിത്രം ഒരു വ്യത്യസ്ത അനുഭവമായിരുന്നു പ്രേക്ഷകർക്ക് നൽകിയത്.

മായാമയൂരം സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെയാക്കി മാറ്റിയിരുന്നെങ്കില്‍ ആ സിനിമ അല്‍പ്പം കൂടെ വലിയ വിജയമായി മാറുമായിരുന്നെന്ന് സിബി മലയില്‍. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേറെയൊരു രീതിയിൽ ചെയ്തിരുന്നെങ്കിൽ വലിയ ഹിറ്റാവേണ്ട സിനിമയായിരുന്നു അത്. ആറാംതമ്പുരാനിലെ കഥാപാത്രം പോലെയായിരുന്നുവെങ്കിൽ നല്ല മാറ്റം ഉണ്ടാവുമായിരുന്നു. ഒരു മാടമ്പി, അത്യാവശ്യം അടിയൊക്കെ ആയിട്ട് നടക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയി പോയേനേ,’ സിബി മലയിൽ പറഞ്ഞു.

സിനിമ ആദ്യമായി തിയേറ്ററിൽ നിന്ന് കണ്ട ചില മോഹൻലാൽ ആരാധകർ തിയേറ്റർ തകർത്തിരുന്നുവെന്നും ആദ്യ പകുതിയിൽ സിനിമയിലെ ഒരു മോഹൻലാൽ കഥാപാത്രം മരിക്കുന്നത് കൊണ്ടും രണ്ടാം പകുതിയിൽ അടുത്ത മോഹൻലാൽ വരുമെന്ന് അവർക്ക് അറിയാത്തത് കൊണ്ടുമാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പടം കഴിഞ്ഞിട്ട് ലാലിന്റെ ഒരു ആരാധകൻ ഓടി വന്നിട്ട് പറഞ്ഞു, തിയേറ്ററൊക്കെ ആളുകൾ ചവിട്ടി പൊട്ടിച്ചുവെന്ന്. രമ്യ തിയേറ്ററിലെ സീറ്റൊക്കെ ആളുകൾ ഇന്റർവെലിന് തകർത്തുവെന്ന് പറഞ്ഞു.

കാരണം മോഹൻലാലിന്റെ കഥാപാത്രം മരിച്ചു പോയല്ലോ. അതോടെ ഇനിയെന്ത് മോഹൻലാൽ എന്നാണ് അവർ ചോദിച്ചത്. രണ്ടാമത്തെ മോഹൻലാലിനെ ഞങ്ങൾ റിവീൽ ചെയ്തിട്ടില്ല. പോസ്റ്ററിലൊന്നും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല.

അങ്ങനെ ആളുകൾ വയലന്റായി രണ്ടാം പകുതി കാണാൻ പോലും സമയം ഇല്ലാതെയായി പോയി,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Success Of Mayamayooram Movie