ലാലേട്ടന്റെ കാരവാനിന് ചുറ്റും ഇപ്പോള്‍ ബോളിവുഡിലെ നിര്‍മാതാക്കളാണ്: ഷറഫുദ്ദീന്‍
Entertainment
ലാലേട്ടന്റെ കാരവാനിന് ചുറ്റും ഇപ്പോള്‍ ബോളിവുഡിലെ നിര്‍മാതാക്കളാണ്: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 3:49 pm

2024 എന്ന വര്‍ഷം മലയാള സിനിമയുടെ നല്ല സമയമായിട്ടായിരുന്നു സിനിമാ ലോകം കണ്ടിരുന്നത്. നിരവധി മികച്ച സിനിമകളും ഹിറ്റുകളും മലയാളത്തിന് ലഭിച്ചിരുന്നു. തുടര്‍ച്ചയായി ഇറങ്ങുന്ന പടങ്ങളൊക്കെ റെക്കോഡ് കളക്ഷനുകള്‍ നേടിയിരുന്നു.

ആ സമയത്ത് പുതിയ പിള്ളേര് വന്ന് മലയാള സിനിമ തൂക്കിയെന്ന് പറഞ്ഞ് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം മോഹന്‍ലാല്‍ എന്ന നടനെ ബോക്സ് ഓഫീസ് പെര്‍ഫോമന്‍സിന്റെ പേരിലും സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അത്തരത്തില്‍ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വന്നിരുന്നു. എന്നാല്‍ 2025 ആയപ്പോഴേക്കും ഇതൊക്കെ തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും അദ്ദേഹം തന്റെ പേരിലാക്കി.

2025ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ബോക്സ് ഓഫീസ് റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. പിന്നാലെ വന്ന തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രവും ഇത് തന്നെ ആവര്‍ത്തിച്ചു.

ഇപ്പോള്‍ മോഹന്‍ലാലിന്റെ ഈ ബോക്സ് ഓഫീസ് വിജയത്തെ കുറിച്ച് പറയുകയാണ് നടന്‍ ഷറഫുദ്ദീന്‍. കഴിഞ്ഞ 40 വര്‍ഷങ്ങളായി കാണുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരിക്കലും അണ്ടര്‍സ്റ്റിമേറ്റ് ചെയ്യരുത് എന്നാണ് അദ്ദേഹം പറയുന്നത്.

മോഹന്‍ലാല്‍ ഇപ്പോള്‍ ഉണ്ടാക്കിയെടുത്ത റെക്കോഡുകള്‍ ആര്‍ക്കും തകര്‍ക്കാന്‍ ആവില്ലെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു നടന്‍. മോഹന്‍ലാലിന്റെ കാരവാനിന് ചുറ്റും ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള പ്രൊഡ്യൂസര്‍മാര്‍ ആണെന്നാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘500 കോടി ഗ്രോസ് ആണ് മലയാളത്തില്‍ ലാലേട്ടന്‍ കാരണം ഈ വര്‍ഷം കിട്ടിയത്. അത് ആരും ഇനി മറികടക്കാന്‍ സാധ്യതയില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവര്‍ക്ക് മാത്രമല്ല, ആര്‍ക്കും അത് മറികടക്കാന്‍ ആവില്ലെന്നാണ് എനിക്ക് തോന്നുന്നത്.

പിന്നെ ഞാന്‍ അറിഞ്ഞത് ലാലേട്ടന്റെ കാരവാനിന് ചുറ്റും ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള പ്രൊഡ്യൂസര്‍മാരൊക്കെയാണ് എന്നാണ് (ചിരി). ആ ലെവലിലാണ് കാര്യങ്ങള്‍ പോകുന്നത്. പിന്നെ ആളുകള്‍ ഓരോ സമയത്തും പറയുന്നത് ശ്രദ്ധിക്കേണ്ട ആവശ്യമില്ല.

ഓരോരുത്തരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുന്നത് അവര്‍ക്ക് ലൈക്ക് കിട്ടാന്‍ വേണ്ടിയാണ്. നമ്മള്‍ അതൊന്നും വിശ്വസിക്കില്ല. കഴിഞ്ഞ 40 വര്‍ഷങ്ങളായി കാണുന്ന ലാലേട്ടനെയും മമ്മൂക്കയെയുമൊന്നും നമ്മള്‍ ഒരിക്കലും അണ്ടര്‍സ്റ്റിമേറ്റ് ചെയ്യില്ല,’ ഷറഫുദ്ദീന്‍ പറയുന്നു.


Content Highlight: Sharafudheen Talks About Mohanlal