അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല ‘നേരം’ തെളിഞ്ഞു. പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. നായകവേഷങ്ങളിലും ഷറഫുദ്ദീന്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
സിനിമകളുടെ പരാജയവും വിജയവും എല്ലാ നടന്മാരെയും ബാധിക്കുന്നത് ഒരുപോലെയാണെന്ന് പറയുകയാണ് ഷറഫുദ്ദീന്‍. അക്കാര്യത്തില്‍ എല്ലാ നടന്മാരും ഒരുപോലെ തന്നെയാകും റിയാക്ട് ചെയ്യുകയെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ന്യൂ ഡല്‍ഹി എന്ന സിനിമ ഹിറ്റായതും അതിലൂടെ അദ്ദേഹം തിരിച്ചുവന്നതും എല്ലാവര്‍ക്കും അറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്‍ ആ സിനിമ റിലീസിന് മുമ്പ് കണ്ട കഥ അതിന്റെ റൈറ്റര്‍ പറഞ്ഞത് എല്ലാവരും കേട്ടിട്ടുണ്ടെന്നും അതെല്ലാം സിനിമയില്‍ സ്ഥിരം കാഴ്ചയാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. എല്ലാ താരങ്ങള്‍ക്കും അത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമെന്നും തിരിച്ചുവരവില്‍ എത്ര വലിയ നടനും സന്തോഷിക്കുമെന്നും താരം പറഞ്ഞു. സില്ലി മോങ്ക്‌സ് മോലിവുഡിനോട് സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.
‘സിനിമയുടെ വിജയവും പരാജയവും നടന്മാരെ ബാധിക്കുന്നത് ഒരുപോലെയാണ്. അതില്‍ വലിപ്പച്ചെറുപ്പമൊന്നുമില്ല. എല്ലാവരും ഏതാണ്ട് ഒരുപോലെ തന്നെയാകും റിയാക്ട് ചെയ്യുക. ന്യൂ ഡല്‍ഹി എന്ന സിനിമയുടെ കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. മമ്മൂക്കയുടെ പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷം കിട്ടിയ ഹിറ്റായിരുന്നു അത്.
ആ പടം ഹിറ്റായതിന്റെ കഥ നല്ല രസമാണ്. റിലീസിന് മുമ്പ് പ്രിയദര്‍ശന്‍ സാര്‍ ആ സിനിമ കണ്ട് മമ്മൂക്ക തിരിച്ചു വരുന്നു എന്ന് പറഞ്ഞത് റൈറ്റര്‍ ഒരു പ്രോഗ്രാമില്‍ ഷെയര്‍ ചെയ്തത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. ആ പടം റിലീസായപ്പോള്‍ മമ്മൂക്ക നായര്‍സാബിന്റെ ലൊക്കേഷനിലായിരുന്നെന്നും ഫോണിലൂടെ പൊട്ടിക്കരഞ്ഞെന്ന് റൈറ്റര്‍ പറഞ്ഞിട്ടുള്ളതും നമ്മള്‍ കേട്ടിട്ടുണ്ട്.
അത്രയും പരാജയത്തിന് ശേഷം വലിയൊരു വിജയം കിട്ടുമ്പോള്‍ ആരായാലും അങ്ങനെയേ റിയാക്ട് ചെയ്യുള്ളൂ. അത് മമ്മൂക്ക മാത്രമല്ല, നമ്മളായാലും അതുപോലെ കരയുമെന്ന് ഉറപ്പാണ്. കാരണം, ചെയ്യുന്ന ജോലിയോട് അത്രമാത്രം പാഷനുള്ളവര്‍ക്ക് മാത്രമേ അങ്ങനെ തോന്നുള്ളൂ. അക്കാര്യത്തില്‍ എല്ലാവരും ഒരുപോലെയാണെന്നാണ് എന്റെ അഭിപ്രായം,’ ഷറഫുദ്ദീന്‍ പറഞ്ഞു.
Content Highlight: Sharafudheen about Mammootty and New Delhi movie