ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ഉള്‍പ്പെട്ട ഇടതുപക്ഷ പുരോഗമന സഖ്യത്തിന് വിജയം. പ്രധാനപ്പെട്ട ആറ് സീറ്റുകളും വിജയിച്ചു.
എ.ഐ.എസ്.എ, എ.എസ്.എ, ഡി.എസ്യു, ടി.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐലെ ദില്‍ഷത റൈഹാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 221 വോട്ടാണ് ദില്‍ഷാദ നേടിയത്. എ.ബി.വി.പി-എസ്.എല്‍.വി.ഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി നരേഷ് പൊഡിശെട്ടിക്ക് 197 വോട്ടാണ് ലഭിച്ചത്.
ഏകദേശം 5,900 വിദ്യാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായിരുന്നത്. ഒമ്പത് കേന്ദ്ര സ്ഥാനങ്ങളിലേക്കും 59 കോളേജ് ബോര്‍ഡ് കൗണ്‍സിലര്‍ സ്ഥാനങ്ങളിലേക്കുമായി 220 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനവും എസ്.എഫ്.ഐക്കാണ് ലഭിച്ചത്. ടി.എസ്എഫിന്റെ കൊറ നിതിന്‍ ചൗഹാന്‍ 212 വോട്ടോടെ വിജയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എ.എസ്.എയുടെ പ്രതീക് 177 വോട്ടോടെ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കോളേജ് ബോര്‍ഡ് സ്ഥാനങ്ങളിലും സഖ്യ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
ഹൈദരാബാദ് സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി ക്ഷേമം, അക്കാദമിക് വിഷയങ്ങള്‍, പ്രാതിനിധ്യം, ക്യാമ്പസിലെ വിവിധ പ്രശ്‌നങ്ങള്‍ എന്നിവ പ്രധാന ചര്‍ച്ചകളായിരുന്നു. മൂന്ന് പ്രധാന സഖ്യങ്ങളാണ് കേന്ദ്ര പാനലില്‍ മത്സരിച്ചത്.
കഴിഞ്ഞ തവണ എ.ബി.വി.പിയായിരുന്നു യൂണിയന്‍ വിജയിച്ചത്. ഇത്തവണ എ.ബി.വി.പിക്ക് ഒരു സീറ്റും ലഭിച്ചില്ല.
അതേസമയം അസമിലും ഉത്താരാഖണ്ഡിലും എസ്.എഫ്.ഐ ചരിത്ര വിജയവും നേടിയിട്ടുണ്ട്. കേരളത്തിലെ എം.ജി യൂണിവേഴ്‌സിറ്റി, ആലുവ യു.സി കോളേജ്, ഭാരത് മാത ലോ കോളേജ്, തിരുവല്ല മാര്‍ത്തോമ കോളേജ് തുടങ്ങിയവയിലും എസ്.എഫ്.ഐ വിജയിച്ചിരുന്നു.
Content Highlights: Setback for ABVP; SFI recaptures Hyderabad.
