മലയാള സിനിമയ്ക്ക് ജീവഗന്ധിയായ നിരവധി സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് സത്യന്‍ അന്തിക്കാട്. ടി.പി ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, വരവേല്‍പ്പ്, പിന്‍ഗാമി, സ്നേഹവീട്, സന്ദേശം പട്ടണപ്രവേശം തുടങ്ങി മലയാൡകളുടെ ഒട്ടനവധി പ്രിയ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് സത്യന്‍ അന്തിക്കാടാണ്. പുതുതലമുറയിലും യുവസംവിധായകര്‍ക്കൊപ്പം മത്സരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഒരുക്കി ഇന്നും മലയാളത്തില്‍ സംവിധായകന്‍ സജീവമായി തുടരുകയാണ്.
ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന്‍, ഹൃദയപൂര്‍വം തുടങ്ങി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് സംവിധായകന്‍ സമീപകാലത്ത് ഒരുക്കിയിട്ടുള്ളത്. തൊണ്ണൂറുകളില്‍ അരങ്ങേറ്റം കുറിച്ച സംവിധായകരില്‍ പലരും ഫീല്‍ഡ് ഔട്ടായ സൗഹചര്യത്തിലാണ് തന്റെ ചിത്രങ്ങളെ അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് സത്യന്‍ അന്തിക്കാട് മലയാള സിനിമയില്‍ സജീവമായി തുടരുന്നത്.

സത്യന്‍ അന്തിക്കാട്. Photo: X.com
അടുത്തിടെ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ പുതിയ ചിത്രങ്ങള്‍ കാണാറുണ്ടെന്നും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലെ സംവിധായകനെയും അഭിനേതാക്കളെയും വിളിച്ച് പ്രശംസ അറിയിക്കാറുണ്ടെന്നും പറയുകയാണ് സംവിധായകന്‍.
‘ഈ അടുത്ത കാലത്ത് ദിലീഷ് പോത്തന്റെ റോന്ത് എന്ന ചിത്രത്തിലെ പെര്‍ഫോമന്‍സ് കണ്ടിരുന്നു. അത് കണ്ട് ഞാന്‍ അന്തം വിട്ടുപോയി. ഞാന്‍ പുതിയ തലമുറയിലെ എല്ലാ കലാകാരന്മാരോടും ഇടപഴകുന്ന ഒരാളാണ്. കാരണം എന്റെ വീട്ടില്‍ തന്നെ രണ്ട് യുവ സംവിധായകര്‍ ഉണ്ട്. അതുകൊണ്ട് തന്നെ പഴയ തലമുറയില്‍ നിന്ന് പുതിയ തലമുറയെ നോക്കി കാണുക എന്ന സമീപമനല്ല എടുക്കുന്നത്.
പുതിയ തലമുറയിലെ ചിത്രങ്ങള്‍ കണ്ട് അവരെ വിളിച്ച് അഭിനന്ദിക്കുകയും വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ,സമൂഹ മാധ്യമങ്ങളിലൂടെ എന്റെ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഒരു ചെറുപ്പം നമ്മളറിയാതെ തന്നെ കിട്ടുന്നുണ്ട്,’സത്യന്‍ അന്തിക്കാട് പറയുന്നു.
ആസിഫ് അലി നായകനായ കിഷകിന്ധാ കാണ്ഡം എന്ന ചിത്രം ഇത്തരത്തില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ താന്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സത്യന്‍ അന്തിക്കാട്. Photo: The Federal
‘പുതിയ സംവിധായകരുടെയും അഭിനേതാക്കളുടെയും പ്രകടനം കാണുമ്പോള്‍ എനിക്ക് അവരെ വിളിച്ച് അഭിനന്ദിക്കാന്‍ ഒരു മടിയുമില്ല. കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രമിറങ്ങിയപ്പോള്‍ വിജയരാഘവന്റെ കൈയില്‍ നിന്നും നമ്പര്‍ വാങ്ങിച്ച് ഞാന്‍ അതിന്റെ സംവിധായകനെ വിളിച്ച് അഭിനന്ദിച്ചു. കാരണം അതവര്‍ക്ക് വലിയൊരു ഇന്‍സ്പിരേഷനാണ്. ഞാന്‍ അതിന്റെ സുഖം അനുഭവിച്ചിട്ടുണ്ട്. പണ്ട് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് എന്റെ നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ഭരതേട്ടനും ഹരിഹരനും എല്ലാം എന്നെ വിളിക്കുമായിരുന്നു. വലിയ ഊര്‍ജമായിരുന്നും അവര്‍ നല്‍കിയത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikad talks abou how he appreciates young filmmakers
