ആഹാ... എന്നിട്ട് എന്നിട്ട്, അമ്മ മീറ്റിങ്ങില്‍ മോഹന്‍ലാലും ബൈജുവും തര്‍ക്കമായെന്ന പ്രചരണത്തിന് മറുപടിയുമായി സരയു
Entertainment
ആഹാ... എന്നിട്ട് എന്നിട്ട്, അമ്മ മീറ്റിങ്ങില്‍ മോഹന്‍ലാലും ബൈജുവും തര്‍ക്കമായെന്ന പ്രചരണത്തിന് മറുപടിയുമായി സരയു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 10:54 pm

സോഷ്യല്‍ മീഡിയയിലെ പല പേജിലും കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഒരൊറ്റ കാര്യമാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനിടെ മോഹന്‍ലാലും ബൈജുവും വാക്കുതര്‍ക്കമായെന്ന പോസ്റ്റ് പല പേജുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എവിടെയും റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യമായതിനാല്‍ പലരും ഈ വാര്‍ത്തയുടെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തിരുന്നു.

മീറ്റിങ്ങിനിടെ സ്‌റ്റേജില്‍ സംസാരിക്കാന്‍ അവസരം ലഭിച്ച ബൈജു മോഹന്‍ലാലിനെ വിമര്‍ശിച്ചു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിച്ചത്. താടിക്ക് കൈയും കൊടുത്തിരുന്നാല്‍ പോരെയെന്നും പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്തിനാണെന്ന് ചോദിച്ചെന്നും ബൈജു പറഞ്ഞതായി പോസ്റ്റില്‍ പറയുന്നു. ഇതില്‍ മോഹന്‍ലാല്‍ ക്ഷുഭിതനായെന്നും പ്രസംഗിക്കാന്‍ വന്നാല്‍ അത് ചെയ്തിട്ട് പോകണമെന്ന് പറഞ്ഞെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

പിന്നാലെ ബൈജുവിനെതിരായി പലരും രംഗത്തെത്തി. വലിയ ആരോ ആണെന്ന ചിന്ത ബൈജുവിനുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ അത് മാറ്റിക്കൊടുത്തെന്നുമാണ് ഇതില്‍ പ്രധാനം. ആളറിഞ്ഞ് കളിച്ചുകൂടായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ‘അഭിമുഖങ്ങളിലെ പെരുമാറ്റം മറ്റുള്ളവരോട് എടുക്കണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ’ എന്നും കമന്റുകളുണ്ട്.

വളരെ വേഗത്തില്‍ വൈറലായ ഈ പോസ്റ്റിന് താഴെ നടി സരയു പരിഹാസരൂപത്തില്‍ കമന്റ് ചെയ്യുകയായിരുന്നു. ‘ആഹാ എന്നിട്ട്.. എന്നിട്ട്’ എന്ന് ചോദിച്ചുകൊണ്ട് ചിരിക്കുന്ന ഒരു ഇമോജിയോട് കൂടിയാണ് കമന്റ് പങ്കുവെച്ചത്. ഇതോടെ ഈ വാര്‍ത്ത വ്യാജമാണെന്ന് ഉറപ്പാവുകയും ചെയ്തു. എവിടെ നിന്നാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വളരെ സൗഹാര്‍ദപരമായ ചെറിയൊരു ഇവന്റായിരുന്നു നടന്നതെന്ന് സരയു പറഞ്ഞു. കുറച്ച് നേരം മീറ്റിങ്ങും അതിന് ശേഷം കള്‍ച്ചറല്‍ പരിപാടികളുമൊക്കെയായി വളരെ നല്ലൊരു സായാഹ്നമായിരുന്നു ലഭിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു. മീറ്റിങ്ങുമായി പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു സരയു.

അമ്മയുടെ 31ാമത് ജനറല്‍ ബോഡിയാണ് കൊച്ചിയില്‍ വെച്ച് നടന്നത്. മമ്മൂട്ടി ഒഴികെ മലയാളസിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായതിനാലാണ് താരം മീറ്റിങ്ങില്‍ പങ്കെടുക്കാത്തത്. മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

Content Highlight: Sarayu reacts to fake news that Mohanlal got angry on Baiju during AMMA meeting