ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാണ് മലയാളിയായ സഞ്ജു സാംസണ്‍. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്.

ഇപ്പോള്‍ വിമല്‍കുമാറുമായുള്ള ഒരു അഭിമുഖത്തില്‍ ഇതിഹാസ താരം എം.എസ്. ധോണിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

ഒരു മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാറ്റ് ചെയ്യാനെത്തുന്ന താരത്തിനെതിരെ പ്ലാനിങ് ഉണ്ടാകുമെന്നും എന്നാല്‍ എന്നാല്‍ ധോണിക്കെതിരെ ഒരു പ്ലാനിങ്ങും നടക്കില്ല എന്നുമാണ് സഞ്ജു പറഞ്ഞത്.

ധോണിയെക്കുറിച്ച് സഞ്ജു പറഞ്ഞത്

‘നിങ്ങള്‍ക്ക് മഹി ഭായിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിനെതിരെ ഒരു പ്ലാനിങ് കൊണ്ടുവരുന്നത് അസാധ്യമാണ്. ബാറ്റിങ് ഓര്‍ഡറിലെ എല്ലാ എതിരാളികള്‍ക്കും ഞങ്ങള്‍ പ്ലാന്‍ ഉണ്ടാക്കും, പക്ഷേ അദ്ദേഹത്തിന്റെ പേര് ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എതിരാളി എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല,

മുന്നോട്ട് പോകുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. ഞങ്ങള്‍ക്ക് അദ്ദേഹത്തിനെതിരെ ഒരു പ്ലാന്‍ കൊണ്ടുവരാന്‍ കഴിയില്ല,’ സഞ്ജു സാംസണ്‍ വിമല്‍ കുമാറിനോട് പറഞ്ഞു.

അതേസമയം, കേരളത്തിനൊപ്പം രഞ്ജി ട്രോഫിയുടെ ഭാഗമാണ് സഞ്ജു. നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്.

കര്‍ണാടകയ്ക്കെതിരെ ആളൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ മഴ ചതിച്ചതോടെ മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. കര്‍ണാടകയുടെ ആദ്യ മത്സരവും ഇത്തരത്തില്‍ സമനിലയിലാണ് അവസാനിച്ചത്.

ഒക്ടോബര്‍ 26നാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ബംഗാളാണ് എതിരാളികള്‍.

 

Content Highlight: Sanju Samson Talking About M.S. Dhoni