ജപ്പാനിൽ 350 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ
Cricket
ജപ്പാനിൽ 350 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ
സുദേവ് എ
Saturday, 29th August 2026, 7:47 am

2026 ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിനെ ആയിരിക്കും ഇന്ത്യ നേരിടുക. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ജപ്പാന്‍ എന്നീ ടീമുകളില്‍ ഒന്നായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികള്‍. കഴിഞ്ഞ പതിപ്പില്‍ നേടിയ സ്വര്‍ണ മെഡല്‍ നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ്.

ഏഷ്യന്‍ ഗെയിംസില്‍ ജപ്പാന്റെ മണ്ണില്‍ സഞ്ജുവിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഉണ്ട്. ടി-20യില്‍ 350 മത്സരങ്ങള്‍ എന്ന നാഴികക്കല്ലിന്റെ തൊട്ടരികിലാണ് സഞ്ജു. കുട്ടി ക്രിക്കറ്റില്‍ ഇതുവരെ 348 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ മലയാളി താരത്തിന് ഈ മൈല്‍സ്റ്റോണിലേക്ക് നടന്നുകയറാന്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രം മതി.

ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ രണ്ട് മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ ഈ പുതിയ നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെടും.

അതേസമയം സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.

ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു കളത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ നടന്ന സിംബാബ്വേ പരമ്പരയില്‍ ആയിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഈ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. 2026 ടി-20 ലോകകപ്പില്‍ നിര്‍ണായകമായ പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത് ആരാധകരിലും അമ്പരപ്പാണ് ഉണ്ടാക്കിയിരുന്നത്.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിന്നും സഞ്ജു പിന്മാറിയിരുന്നു. ഈ നീണ്ട ഇടവേളയ്ക്ക് ശേഷം ജപ്പാന്റെ മണ്ണില്‍ സഞ്ജു വീണ്ടും ബാറ്റ് എടുക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Content Highlight: Sanju Samson need two matches  to complete 350 matches in T20

 

c

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.