കാസനോവ എന്ന സിനിമയുടെ പരാജയം ഞങ്ങൾക്ക് ഒരുപാട് തിരിച്ചറിവുകൾ തന്നു: സഞ്ജയ്
Malayalam Cinema
കാസനോവ എന്ന സിനിമയുടെ പരാജയം ഞങ്ങൾക്ക് ഒരുപാട് തിരിച്ചറിവുകൾ തന്നു: സഞ്ജയ്
കെ.എസ് ഷാബിന
Monday, 6th July 2026, 1:18 pm

2012ൽ മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കാസനോവ.
സഞ്ജയ്, ബോബി കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കിയ സിനിമ വൻപരാജയമായി മാറുകയായിരുന്നു. ഇപ്പോൾ സിനിമയുടെ പരാജയത്തെ കുറിച്ചും ആ പരാജയം നൽകിയ തിരിച്ചറിവുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് സഞ്‌ജയ്‌.

ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് സഞ്‌ജയ്‌ സിനിമയുടെ പരാജയത്തെകുറിച്ച് മനസുതുറന്നത്‌.

കാസനോവ.Photo:IMDB

 

കാസനോവ’ എന്ന സിനിമയുടെ പരാജയം ഞങ്ങൾക്ക് ഒരുപാട് തിരിച്ചറിവുകൾ തന്നു. എന്നാൽ, ചില സിനിമകളുടെ പരാജയം തിരിച്ചറിവുകൾ നൽകുന്നതിനപ്പുറം, ആ സിനിമകൾ ചെയ്യാതിരിക്കാൻ വേറെ വഴിയില്ലായിരുന്നു എന്ന് തോന്നിപ്പിക്കുന്നവയാണ്. ഒരു സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രം അത് എപ്പോഴും പുതിയ കാര്യങ്ങൾ പഠിപ്പിക്കണമെന്നില്ല.

എഴുതാതിരിക്കാൻ ഒട്ടും പറ്റാത്ത ഘട്ടത്തിൽ മാത്രമേ ഒരു സിനിമ എഴുതാവൂ എന്ന വലിയൊരു പാഠമാണ് ‘കാസനോവ’ ഞങ്ങളെ പഠിപ്പിച്ചത്. തിയേറ്ററിൽ ഒരു സിനിമ പരാജയപ്പെടാനുള്ള പ്രധാന കാരണം അതിന്റെ കഥയും തിരക്കഥയും പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയാതെ പോകുമ്പോഴോ, ആളുകളിലേക്ക് എത്താതിരിക്കുമ്പോഴോ ആണ്.

കാസനോവ.Photo:IMDB

നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഉദ്ദേശിച്ച കാര്യം കൃത്യമായി പ്രേക്ഷകരിലേക്ക് എത്താതിരിക്കുമ്പോഴാണ് പരാജയം സംഭവിക്കുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, അതിന്റെ ഒന്നാമത്തെ ഉത്തരവാദി തിരക്കഥാകൃത്ത് തന്നെയാണ്.

ഞങ്ങളുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. എവിടെയോ ഞങ്ങൾ തിരക്കഥയിലൂടെ ഉദ്ദേശിച്ച കാര്യം ശരിയായി ആശയവിനിമയം ചെയ്യാൻ സാധിക്കാതെ പോയി; അല്ലെങ്കിൽ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയാത്ത കഥയായിപ്പോയി. അങ്ങനെ ഞങ്ങളും പ്രേക്ഷകരും തമ്മിലുള്ള ആ ലിങ്ക് എവിടെയോ നഷ്ടപ്പെട്ടു. അതിനെ ഞങ്ങളുടെ തന്നെ പോരായ്മയായിട്ടാണ് ഞാൻ കാണുന്നത്. പരാജയത്തിന് മറ്റ് കാരണങ്ങളും ഉണ്ടാകാം, എങ്കിലും ഒരു തിരക്കഥയിൽ നിന്നാണല്ലോ ഒരു സിനിമ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പരാജയത്തിന്റെ ആദ്യത്തെ കാരണവും ആ തിരക്കഥ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്’, സഞ്ജയ് പറഞ്ഞു.

Content Highlight: sanjay talks about the flop of casanova movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.