മലയാള സിനിമയിലെ മുൻനിര യുവനടിമാരിലും നർത്തകിമാരിലും ഒരാളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ നൃത്തവേദിയിൽ തിളങ്ങിയ താരം പിന്നീട് സിനിമയിലെത്തുകയും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തുകയും ചെയ്തു. 2014-ൽ മമ്മൂട്ടി ചിത്രമായ ‘ബാല്യകാലസഖി’യിൽ ഇഷ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
2018-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ ആദ്യമായി നായികയാകുന്നത്. ഈ ചിത്രത്തിലെ ‘ചിന്നു’ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും സാനിയയ്ക്ക് മികച്ച തുടക്കം നൽകുകയും ചെയ്തു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിൽ ‘ജാൻവി’ എന്ന വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി.
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഫാഷൻ രംഗത്തും താരം സജീവമാണ്. ബോൾഡ് ആയി തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു മുന്നോട്ടു പോകുന്ന ഒരു അഭിനേത്രിയാണ് സാനിയ. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന സാനിയ പല രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളെ കുറിച്ചും, കമ്മന്റുകളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സാനിയ. വനിതക്കു നൽകിയ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മലയാള സിനിമയിൽ വെസ്റ്റേൺ വസ്ത്രങ്ങൾ ധരിച്ചു തുടങ്ങിയത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ പേരിലുള്ള വിമർശനങ്ങളും ട്രോളുകളും ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയതും ഞാൻ തന്നെയാണ്. അവാർഡ് നൈറ്റുകളിൽ ഞാൻ ധരിച്ച വസ്ത്രങ്ങൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്ന് ആ ചിന്താഗതിക്ക് കുറച്ചെങ്കിലും മാറ്റം വന്നതിൽ എനിക്ക് സന്തോഷമുണ്ട്.
പക്ഷേ ഇപ്പോഴും സോഷ്യൽ മീഡിയ കമന്റുകളിൽ ആളുകൾ പലതും പറയാറുണ്ട്. ഇപ്പോൾ ഞാൻ സാരി ഉടുത്തൊരു ഫോട്ടോ ഇട്ടാൽ, ‘അമ്മച്ചിക്ക് പ്രായമായി’ എന്നാണ് ചിലർ വന്ന് കമന്റ് ചെയ്യുന്നത്. പല പോസ്റ്റുകളും ഇടുമ്പോൾ സിനിമയിൽ അവസരം ലഭിക്കാനായി ചെയ്യുന്നതെന്ന് പറയും. അങ്ങനെ കുറച്ചു ഫോട്ടോസ് ഇട്ടാൽ എങ്ങനെയാണ് സിനിമയിൽ അവസരം ലഭിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല’, സാനിയ ഇയ്യപ്പൻ പറഞ്ഞു.
Content Highlight : Saniya Iyyappan calls out trolls criticizing her Instagram photos and outfits