ഒരു ചാമ്പ്യൻ ടീമിൻ്റെ മനോഭാവമാണ് ഇത്! അമരത്ത് ഒരു മെസി ഉണ്ടാകുമ്പോൾ കിട്ടുന്ന ചങ്കുറപ്പ്...!
FIFA World Cup 2026
ഒരു ചാമ്പ്യൻ ടീമിൻ്റെ മനോഭാവമാണ് ഇത്! അമരത്ത് ഒരു മെസി ഉണ്ടാകുമ്പോൾ കിട്ടുന്ന ചങ്കുറപ്പ്...!
സന്ദീപ് ദാസ്
Thursday, 16th July 2026, 8:21 am

നിബിഡ വനത്തിൽ നായാട്ടിനിറങ്ങുന്ന സമയത്ത് ഒരു സിംഹം നമ്മുടെ സഹായത്തിനെത്തിയാൽ എങ്ങനെയിരിക്കും!? അതുപോലൊരു സുരക്ഷിതത്വമാണ് മെസിയുടെ സാന്നിദ്ധ്യം അർജൻ്റീനയ്ക്ക് പകർന്നുനൽകുന്നത്! ”ലയണൽ” എന്ന പേര് അയാൾക്ക് വെറുതെ കിട്ടിയതല്ല!!

അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന സെമിഫൈനൽ മത്സരത്തിലെ അറുപത്തിയെട്ടാം മിനുറ്റിൽ ഇംഗ്ലിഷ് ഗോൾകീപ്പറായ ജോർദാൻ പിക്ഫോർഡ് അത്യുജ്ജലമായ ഒരു സേവ് നടത്തുന്നുണ്ട്.

മെസി നൽകിയ പെർഫെക്റ്റ് ആയ ക്രോസിൽ നിന്ന് നിക്കോ ഗോൺസാലെസ് സൃഷ്ടിച്ചെടുത്ത ക്ലോസ് റേഞ്ച് ഹെഡ്ഡറിനെയാണ് പിക്ഫോർഡ് നിർവീര്യമാക്കിയത്! അതുകണ്ട് പല മുൻകാല ഇംഗ്ലിഷ് താരങ്ങളും ബി.ബി.സി റേഡിയോയിലൂടെ ആക്രോശിച്ചു.

”പിക്ഫോർഡ് നടത്തിയത് മാച്ച്-വിന്നിങ്ങ് സേവ് ആണ്…!!”

അധികം വൈകാതെ റഫറി ഹൈഡ്രേഷൻ ബ്രേക്ക് എടുത്തു. 1-0 എന്ന നിലയിൽ പിന്നിട്ടുനിൽക്കുകയായിരുന്ന അർജൻ്റീന പതുക്കെ താളം കണ്ടെത്താൻ തുടങ്ങുകയായിരുന്നു. ആ സമയത്ത് കളിയിൽ ഇടവേള വരുന്നത് ഒട്ടും തന്നെ ഗുണകരമായിരുന്നില്ല.

അർജൻ്റീന ആക്രമണം തുടർന്നു. പക്ഷേ അലിസ്റ്ററും ഗോൺസാലസും തൊടുത്തുവിട്ട ഹെഡ്ഡറുകൾ ലക്ഷ്യം കണ്ടില്ല! അലിസ്റ്ററുടെ തലയിൽ നിന്ന് പുറപ്പെട്ട പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ പലർക്കും പൗലോ കൊയ്ലോയുടെ പ്രശസ്തമായ വാചകം ഓർമ്മവന്നിട്ടുണ്ടാവണം.

”ഇംഗ്ലിഷ് വിജയത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവനും ഗൂഢാലോചന നടത്തുകയാണ്. അർജൻ്റീനയ്ക്ക് ഭാഗ്യമില്ല…!”

ആ നിമിഷത്തിലാണ് മെസി എന്ന ആർമി ചീഫ് ചാർജ് എടുക്കുന്നത്! അയാളുടെ കാലുകളിൽ നിന്ന് മിസൈലുകളും ഗ്രനേഡുകളും ജന്മംകൊള്ളാൻ തുടങ്ങി! ഭാഗ്യം പോലും അർജൻ്റീനയുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിച്ചു തുടങ്ങി! ചുരുങ്ങിയ സമയംകൊണ്ട് ഫെർണാണ്ടസ്സും മാർട്ടിനെസ്സും ഇംഗ്ലിഷ് ഗോൾ വല കുലുക്കി! രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മെസിയായിരുന്നു!

അഞ്ച് മിനുറ്റ് അകലെ തോൽവി കാത്തിരിക്കുമ്പോഴാണ് ഫെർണാണ്ടസ് ഗോൾ നേടിയത്! എന്നിട്ടും അയാൾ അമിതമായ ആഹ്ലാദ പ്രകടനങ്ങൾ നടത്തിയില്ല! അതിന് ഒറ്റ അർത്ഥമേയുള്ളൂ. മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ സാധിക്കും എന്ന ഉറപ്പ് ഫെർണാണ്ടസ്സിനും അർജൻ്റീനയ്ക്കും ഉണ്ടായിരുന്നു!

ഒരു ചാമ്പ്യൻ ടീമിൻ്റെ മനോഭാവമാണ് അത്! അമരത്ത് ഒരു മെസി ഉണ്ടാകുമ്പോൾ കിട്ടുന്ന ചങ്കുറപ്പ്!
ഗുസ്തി മത്സരത്തെ ഓർമ്മിപ്പിക്കുന്ന സെമിഫൈനലാണ് നാം കണ്ടത്! കളിയുടെ ആദ്യ പകുതിയിൽ മാത്രം 19 ഫൗളുകളാണ് ഉണ്ടായത്!

1986-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ ഡീഗോ മറഡോണയെ ഒതുക്കുന്നതിനുവേണ്ടി ടെറി ഫെൻവിക്ക് എന്ന ഡിഫൻഡറെ ഇംഗ്ലണ്ട് ചുമതലപ്പെടുത്തിയിരുന്നു. ആ ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ മഞ്ഞക്കാർഡുകൾ വാങ്ങിയത് ടെറി ആയിരുന്നു! ‘ടെറർ’ എന്ന വിശേഷണം ടെറിയ്ക്ക് നല്ലതുപോലെ ഇണങ്ങുമായിരുന്നു!

മറഡോണയുടെ ഇരട്ട ഗോളുകളുടെ മികവിൽ അർജൻ്റീന ആ ക്വാർട്ടർ ഫൈനൽ ജയിച്ചു. പിൽക്കാലത്ത് ടെറി പറഞ്ഞു.

”മറഡോണയെ ഭയപ്പെടുത്താനാണ് ഞാൻ മത്സരത്തിലുടനീളം ശ്രമിച്ചത്. എനിക്ക് അതിന് സാധിച്ചതേയില്ല. മറഡോണ ഒരു സ്ട്രീറ്റ് ഫൈറ്ററായിരുന്നു…!”

നാല് പതിറ്റാണ്ടുകൾക്കുമുമ്പ് മറഡോണ നേരിട്ട വെല്ലുവിളികൾ തന്നെയാണ് മെസിയും അഭിമുഖീകരിച്ചത്. മെസിയെ പരമ്പരാഗത ശൈലിയിൽ മാൻ-മാർക്ക് ചെയ്യുമെന്ന് ഇംഗ്ലണ്ട് കോച്ച് സൂചിപ്പിച്ചിരുന്നു.

പഴയ ഇംഗ്ലിഷ് വിങ്ങർ ജോ കോൾ ”മെസിയെ ഉറക്കിക്കിടത്തും” എന്നാണ് അവകാശപ്പെട്ടത്! ഇപ്പോൾ മെസി ഇംഗ്ലണ്ടിന് നിദ്രാവിഹീനമായ രാവുകൾ സമ്മാനിച്ചിരിക്കുന്നു!

മറഡോണ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു!? ‘സ്ഫടികം’ എന്ന സിനിമയിലെ രാജൻ പി ദേവിനെപ്പോലെ മറഡോണ ചോദിക്കുമായിരുന്നു.

”എടാ മെസിയേ. എത്രയെണ്ണം കൊടുത്തെടാ അവൻമാർക്ക്…!?” ആടുതോമയുടെ ശൈലിയിൽ റേബാൻ ഗ്ലാസ് ധരിച്ചുകൊണ്ട് മെസി മറുപടി നൽകും.

”അവൻമാരുടെ അണ്ണാക്ക് ചവിട്ടി അകത്ത് കയറ്റിയിട്ടുണ്ട്…!!”

 

Content Highlight: Sandeep Das writes about Lionel Messi’s performances against England in the 2026 World Cup

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍