അത്രയും ആളുകള്‍ ക്യൂ നിക്കുന്നതിനിടയില്‍ ലാല്‍ സാറും നിന്ന് ഫുഡ് വാങ്ങി, ഒരൂ സൂപ്പര്‍സ്റ്റാര്‍ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല: സമ്പത്ത് റാം
Malayalam Cinema
അത്രയും ആളുകള്‍ ക്യൂ നിക്കുന്നതിനിടയില്‍ ലാല്‍ സാറും നിന്ന് ഫുഡ് വാങ്ങി, ഒരൂ സൂപ്പര്‍സ്റ്റാര്‍ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല: സമ്പത്ത് റാം
അമര്‍നാഥ് എം.
Thursday, 20th August 2026, 10:11 am

വില്ലന്‍ കഥാപാത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധ നേടിയ നടനാണ് സമ്പത്ത് റാം. ചെറിയ വേഷങ്ങളിലൂടെയാണ് സമ്പത്ത് തമിഴില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. ചെറുതും വലുതുമായ വില്ലന്‍ വേഷങ്ങള്‍ ചെയ്ത താരം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കരിയറില്‍ വളരെ കുറച്ച് പോസിറ്റീവ് റോളുകള്‍ മാത്രമേ സമ്പത്തിനെ തേടിയെത്തിയുള്ളൂ.

മലയാളത്തില്‍ ചെയ്ത സിനിമകളിലെല്ലാം വില്ലന്‍ റോളുകളാണ് താരത്തിനെ തേടിയെത്തിയത്. ജനകനിലെ ക്രൂരനായ പൊലീസ് ഓഫീസറിനെ സിനിമാപ്രേമികള്‍ മറക്കാനിടയില്ല. ശിക്കാര്‍, സെവന്‍സ്, തങ്കമണി തുടങ്ങിയ സിനിമകളിലെല്ലാം സമ്പത്തിന് ലഭിച്ചത് വില്ലന്‍ റോളുകളാണ്. മലയാളസിനിമയെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

സമ്പത്ത് റാം Photo: Touring Talkies

ജനകനിലൂടെയാണ് താന്‍ ആദ്യമായി മലയാളത്തിലേക്കെത്തിയതെന്ന് സമ്പത്ത് പറഞ്ഞു. മോഹന്‍ലാലിന്റെ സിനിമയില്‍ വില്ലന്‍ റോള്‍ ചെയ്‌തെങ്കിലും അദ്ദേഹവുമായി കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ലെന്നും ഒന്നിച്ച് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനകനില്‍ സുരേഷ് ഗോപിയുടെ കൂടെയായിരുന്നു എനിക്ക് കോമ്പിനേഷനുണ്ടായിരുന്നത്. ലാല്‍ സാറിന്റെ കഥാപാത്രത്തിനൊപ്പം എനിക്ക് കോമ്പിനേഷന്‍ ഉണ്ടായിരുന്നില്ല. പിന്നീട് ചെയ്ത പടം ശിക്കാറായിരുന്നു. അതില്‍ ലാല്‍ സാറാണ് ഹീറോ. അതിലും പൊലീസ് ഓഫീസറുടെ റോളായിരുന്നു എനിക്ക്. ആദ്യത്തെ ദിവസമൊന്നും എനിക്ക് ലാല്‍ സാറുമായി കോമ്പിനേഷനുണ്ടായിരുന്നില്ല.

Photo: The Hindu

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ലാല്‍ സാറിന്റെ കഥാപാത്രത്തെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന ഒരു ഷോട്ട്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഫേസ് ഓഫ്. ആ സീന്‍ കഴിഞ്ഞിട്ട് ലഞ്ച് ബ്രേക്കായിരുന്നു. ഞാന്‍ ക്യൂവില്‍ നിന്ന് ഫുഡ് വാങ്ങാന്‍ നിന്നപ്പോള്‍ ലാല്‍ സാറും അതേ ക്യൂവില്‍ നില്‍ക്കുന്നത് കണ്ടു. തിരക്ക് തീരുന്നതുവരെ നിന്ന് ഫുഡ് വാങ്ങി മാറിയൊരു മൂലക്ക് പോയി ഇരുന്ന് കഴിച്ചു. വേറെ എവിടെയും ഞാന്‍ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ല,’ സമ്പത്ത് റാം പറയുന്നു.

രണ്ട് സിനിമകള്‍ ചെയ്തതിന് ശേഷമാണ് മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചതെന്നും താരം പറഞ്ഞു. അദ്ദേഹവുമായി ഒരു സീനിലെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും സമ്പത്ത് കൂട്ടിച്ചേര്‍ത്തു. ആദ്യമായി ഒന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുന്നു.

Content Highlight: Sampath Ram shares the shooting experience with Mohanlal in Shikkar movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം