ഒരു ബ്രീഫ് മാത്രം ഇട്ടുനിന്ന എന്നെ അന്ന് രക്ഷപ്പെടുത്തിയത് ലിജോമോളാണ്: സജിന്‍ ഗോപു
Malayalam Cinema
ഒരു ബ്രീഫ് മാത്രം ഇട്ടുനിന്ന എന്നെ അന്ന് രക്ഷപ്പെടുത്തിയത് ലിജോമോളാണ്: സജിന്‍ ഗോപു
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 21st April 2026, 4:14 pm

2015ല്‍ പുറത്തിറങ്ങിയ മുംബൈ ടാക്‌സി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് സജിന്‍ ഗോപു. പിന്നീട് 2021 ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശേരി ചിത്രം ചുരുളിയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ജാന്‍.എ.മന്‍, രോമാഞ്ചം, നെയ്മര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയായിരുന്നു. എന്നാല്‍ താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രങ്ങളായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശവും ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ പൊന്മാനും.

സജിന്‍ ഗോപുവിന് പുറമെ ബേസില്‍ ജോസഫ്, ലിജോമോള്‍ തുടങ്ങിയവരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സും കണ്ട ചിത്രം ഒട്ടനവധി നിരൂപക പ്രശംസയാണ് രാജ്യാന്തരതലത്തില്‍ നേടിയെടുത്തത്. സജിന്‍ ഗോപു പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിലുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പൊന്മാന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സജിന്‍ ഗോപു. Photo: The Hindu

‘ലീനിയറായിട്ടായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. അതിന്റെ ഗ്രാഫ് ആ പടത്തില്‍ കാണാനുണ്ട്. പെര്‍ഫോം ചെയ്യുമ്പോഴും എല്ലാം അത് വ്യക്തമാണ്. മണ്‍റോതുരുത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. എന്റെ വീട് അതിന്റെ അടുത്താണ്. അതില്‍ താറാവിനെ പിടിക്കുന്ന സീന്‍ ഞാന്‍ ചെയ്യുന്നത് ഒരു ബ്രീഫ് ഇട്ടിട്ടാണ്. ആ സീനിന്റെ ഷൂട്ട് കഴിഞ്ഞ് ഞാനവിടെ നിന്ന് കയറുമ്പോള്‍ കുറച്ച് ചേട്ടന്മാര്‍ എന്നെ വാടാ എന്ന് പറഞ്ഞ് വിളിച്ചു.

എന്റെ നാട്ടിലുള്ള ലോക്കല്‍ ചേട്ടന്മാരായിരുന്നു അത്. ഫോട്ടോ എടുക്കാനാണ് വിളിച്ചത്. ഡ്രെസ് മാറിയിട്ട് വരാം എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അതൊന്നും കുഴപ്പമില്ല നീ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് അവര്‍ വിട്ടില്ല. പെട്ടെന്ന് തന്നെ ലിജോമോള്‍ അവിടെയെത്തി. ഈ കോലത്തിലാണോ ഫോട്ടോ എടുക്കാന്‍ പോകുന്നത്, പോയി ഡ്രെസ് മാറിയിട്ട് വായെന്ന് ലിജോമോള്‍ പറഞ്ഞതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു,’സജിന്‍ പറഞ്ഞു.

ആവേശത്തിലെ അമ്പാനായി സജിന്‍ ഗോപു. Photo: X.com

ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതവാള്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. സജിന് പുറമെ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ചിദംബരം, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Sajin Gopu Talks about His experience in Ponman movie set

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.