സിനിമ ഇല്ലാത്ത സമയത്ത് വിളിച്ചിട്ട് ഒഴിവാക്കുമ്പോൾ വിഷമം വരും, വീട്ടുവാടക അടയ്ക്കാം എന്നൊക്കെ കരുതുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്: സൈജു കുറുപ്പ്
Malayalam Cinema
സിനിമ ഇല്ലാത്ത സമയത്ത് വിളിച്ചിട്ട് ഒഴിവാക്കുമ്പോൾ വിഷമം വരും, വീട്ടുവാടക അടയ്ക്കാം എന്നൊക്കെ കരുതുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്: സൈജു കുറുപ്പ്
കെ.എസ് ഷാബിന
Tuesday, 23rd June 2026, 1:19 pm

മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത മികച്ച നടനാണ് സൈജു കുറുപ്പ്. ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് സൈജു ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.’മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

‘ആട്’ എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി. ഏറ്റവും പുതിയ ചിത്രമായ ‘ഭാരതനാട്ട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്.

സൈജു കുറുപ്പ് .Photo:The Indian Express

ഇപ്പോൾ തന്റെ ആദ്യകാല സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് സൈജു കുറുപ്പ്. സിനിമയിലെ തുടക്കകാലത്ത് തന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ച അനുഭവങ്ങൾ താരം പങ്കുവെച്ചു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമകൾ അധികം ഇല്ലാത്ത തുടക്കകാലത്ത്, നമ്മളെ ഒരു സിനിമയിലേക്ക് വിളിച്ചതിന് ശേഷം പെട്ടെന്ന് ആ സിനിമയിൽ നിന്ന് നമ്മൾ ഒഴിവാക്കപ്പെട്ടു എന്ന് അറിയുമ്പോൾ വലിയ വിഷമം തോന്നും. മിക്കവാറും എല്ലാ നടന്മാർക്കും ഇത് സംഭവിച്ചിട്ടുണ്ടാകും. അത് ആരുടെ സ്വാധീനം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല, പക്ഷെ നമ്മൾ ആ സിനിമയിൽ ഇല്ലെന്ന് പെട്ടെന്ന് അറിയും. അപ്പോൾ ഉണ്ടാകുന്ന ഒരു സങ്കടമുണ്ട്.

സൈജു കുറുപ്പ് .Photo:OTT Play

ഇന്നത്തെ കാലത്ത് ഒരു പ്രൊജക്റ്റ് മാറിപ്പോയാൽ അത് എന്നെ അത്രയൊന്നും ബാധിക്കില്ല, അത് സാരമില്ല. പക്ഷെ അന്ന് മൂന്നോ നാലോ മാസങ്ങൾ കൂടുമ്പോൾ മാത്രമാണ് ഒരു സിനിമ കിട്ടുന്നത്. അങ്ങനെയിരിക്കെ ഒരു പ്രൊജക്റ്റ് പെട്ടെന്ന് ഇല്ലാതാകുമ്പോൾ നമ്മൾ വലിയ പ്രതിസന്ധിയിലാകും. കാരണം, ആ സിനിമയിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് വീട്ടുവാടക അടയ്ക്കാം, മറ്റ് ചെലവുകൾ നടത്താം എന്നൊക്കെ നമ്മൾ നേരത്തെ  കണക്കുകൂട്ടി വെച്ചിട്ടുണ്ടാകും.

ആ സമയത്താണ് പെട്ടെന്ന് സിനിമ ഇല്ലാതാകുന്നത്. അതൊക്കെ അക്കാലത്ത് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും അതൊക്കെ സ്വാഭാവികമാണ്. മമ്മൂക്കയോടോ ലാലേട്ടനോടോ ചോദിച്ചാലും അവരുടെ കരിയറിലും പറയാൻ ഇങ്ങനെയുള്ള കഥകൾ ഉറപ്പായും കാണും,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup opens up about losing movies during his difficult phase

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.