തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കങ്കുവ. നാടിളക്കിയുള്ള പ്രൊമോഷനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറി. രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവിലായിരുന്നു ചിത്രം പുറത്തിറക്കിയത്. അണ്ണാത്തേക്ക് ശേഷം ശിവ സംവിധാനം ചെയ്ത ചിത്രമായിരുന്നു കങ്കുവ.
ഇപ്പോഴിതാ സൂര്യയും ശിവയും വീണ്ടും കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകളാണ് തമിഴ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം. ശിവയുടെ പുതിയ ചിത്രത്തില്‍ സൂര്യ ഭാഗമാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ നടനായിട്ടല്ല സൂര്യ ഇതില്‍ ഭാഗമാകുന്നതെന്നും കേള്‍ക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിര്‍മാതാവിന്റെ വേഷത്തിലാകും സൂര്യ പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് സേതുപതിയാകും ചിത്രത്തിലെ നായകനെന്നും കേള്‍ക്കുന്നു. കങ്കുവയുടെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജയും സൂര്യയും ചേര്‍ന്നാകും ഈ പ്രൊജക്ട് നിര്‍മിക്കുകയെന്നും കേള്‍ക്കുന്നു. സൂര്യയുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസിന്റെ ബാനറിലാകും ചിത്രം ഒരുങ്ങുകയെന്നാണ് റൂമറുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
തുടര്‍ച്ചയായി രണ്ട് പരാജയത്തിന് ശേഷം ശിവ എന്ന സംവിധായകന് നേരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നല്കിയാണ് കങ്കുവ അവസാനിച്ചത്. എന്നാല്‍ ആദ്യ ഭാഗം പരാജയമായതിനാല്‍ തന്നെ രണ്ടാം ഭാഗത്തിനുള്ള നീക്കം അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചെന്നാണ് കേള്‍ക്കുന്നത്. 250 കോടി ബജറ്റിലെത്തിയ കങ്കുവ 120 കോടി മാത്രമാണ് നേടിയത്.
പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകരിലേക്കെത്തിയത്. മോശം സൗണ്ട് ഡിസൈന്‍ കാരണം ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് തലവേദന വന്നത് വലിയ വാര്‍ത്തയായിരുന്നു. ദുര്‍ബലമായ തിരക്കഥയും മോശം അവതരണവുമെല്ലാം സംവിധായകന് വിമര്‍ശനം ലഭിക്കാന്‍ കാരണമായി. വിജയ് സേതുപതിയുമായുള്ള പ്രൊജക്ട് ശിവയുടെ തിരിച്ചുവരവാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം സൂര്യ ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ജനുവരിയില്‍ തിയേറ്ററുകളിലെത്തും. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46ന്റെ ഷൂട്ട് അവസാനഘട്ടത്തിലാണ്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകനെന്നും കേള്‍ക്കുന്നു.
Content Highlight: Rumors that Suriya and Siva joining hands again