ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും ന്യൂയോർക്ക് മേയറും രംഗത്ത്. ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ ഉൾപ്പെടെയുള്ള 61 വിവിധ മതനിരപേക്ഷ സംഘടനകളാണ് പരിപാടിക്കെതിരെ സംയുക്തമായി തുറന്ന കത്ത് പുറത്തിറക്കിയിരിക്കുന്നത്.
‘ആർ.എസ്.എസും അവരുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന ശക്തമായ നിലപാടുമായി വിവിധ സംഘടനകളുടെ നിരവധി പ്രവർത്തകർ ശനിയാഴ്ച നടക്കുന്ന പരിപാടിക്കെതിരെ നേരിട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുനിത വിശ്വനാഥ് വ്യക്തമാക്കി. 61 മതനിരപേക്ഷ സംഘടനകൾ ഒപ്പുവെച്ച തുറന്ന കത്ത് ഇവർ സമർപ്പിച്ചിട്ടുണ്ട്.ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് (Hindus for Human Rights),ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (Indian American Muslim Council – IAMC),ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക് (Interfaith Center of New York),അമേരിക്കയിലെ വിവിധ ക്രൈസ്തവ, മുസ്‌ലിം, സിഖ്, ദലിത്, പ്രവാസി മതേതര അവകാശ സംഘടനകൾ (Interfaith & Civil Rights Coalitions)എന്നീ സംഘടനകൾ ആണ് കത്തിൽ ഒപ്പു വെച്ചത്.
നേരത്തെ ചൊവ്വാഴ്ച, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്സ് , ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ , ഇന്റർഫെയ്‌ത് സെന്റർ ഓഫ് ന്യൂ യോർക്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന മതനിരപേക്ഷ-പൗരാവകാശ സംഘടനകളുടെ കൂട്ടായ്മ ന്യൂയോർക്ക് സിറ്റി ഹാളിന് പുറത്ത് ഒത്തുകൂടി വാർത്താസമ്മേളനം നടത്തുകയും പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ‘എക്സ്ക്ലൂഷണറി വിഷൻ’ എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന്റെ വളർച്ച ഇന്ത്യയിൽ കാണുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ ഒത്തുചേരലിനോടുള്ള തന്റെ ശക്തമായ എതിർപ്പ് ആവർത്തിച്ചെങ്കിലും, സ്വകാര്യമായി സംഘടിപ്പിക്കുന്ന ഒരു പരിപാടി തടയാൻ നഗര ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നമ്മുടെ നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന നിലയിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എന്റെ അമ്മയുടെ കുടുംബം മുഴുവൻ ഇപ്പോഴും ഇന്ത്യയിലാണ്. എന്റെ കുടുംബം എന്നെ പഠിപ്പിച്ചതും ഞാൻ കണ്ട് വളർന്നതുമായ ഇന്ത്യയുടെ കാഴ്ചപ്പാട് ബഹുസ്വരതയുള്ള ഒരു സമൂഹത്തിന്റേതാണ്, ഇന്ത്യയിൽ നിന്നുള്ള ഓരോ മനുഷ്യന്റെയും അവകാശങ്ങളിൽ വിശ്വസിക്കുന്ന ഒരു മതേതര റിപ്പബ്ലിക്കിന്റേതാണ്,’എന്നും മേയർ മംദാനി വ്യക്തമാക്കി.
വിവിധ പൗരാവകാശ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പുകൾക്കിടയിലാണ് ന്യൂയോർക്കിൽ പരിപാടി നടക്കുന്നത്.
Content Highlight:“RSS Does Not Represent Us”: 61 Organisations Oppose Mohan Bhagwat’s Event in the US.
