നിങ്ങൾ സിഗ്മയല്ല, ചുഗ്മയാണ്, ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഗ്ലിക്സണായി തകർത്ത് റോഷൻ ഷാനവാസ്
malayalam movie
നിങ്ങൾ സിഗ്മയല്ല, ചുഗ്മയാണ്, ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഗ്ലിക്സണായി തകർത്ത് റോഷൻ ഷാനവാസ്
നന്ദന. ടി
Sunday, 23rd August 2026, 7:34 pm

2024-ൽ പുറത്തിറങ്ങിയ ആക്ഷൻ-കോമഡി ഹിറ്റ് ചിത്രം ആവേശത്തിലെ ശാന്തൻ എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന യുവതാരമാണ് റോഷൻ ഷാനവാസ്. തുടർന്ന് പൈങ്കിളി, നെല്ലിക്കമ്പോയിൽ നൈറ്റ് റൈഡേഴ്‌സ്, മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും റോഷൻ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഗ്ലിക്സൺ എന്ന കഥാപാത്രത്തിലൂടെ വലിയ ശ്രദ്ധയും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമാണ് റോഷന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മമിത ബൈജു അവതരിപ്പിക്കുന്ന ആഷ്‌ലിൻ എന്ന കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന പൂവാലൻ വേഷമാണ് റോഷൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

റോഷൻ ഷാനവാസ്. Photo. Instagram

ബെത്‌ലഹേം  കുടുംബ യൂണിറ്റിൽ വർക്ക് ഔട്ടായ പ്രധാന കോമഡി രംഗങ്ങളിലെല്ലാം റോഷന്റെ കഥാപാത്രത്തിന്റെ സാന്നിധ്യവും പ്രാധാന്യവും എടുത്തുപറയേണ്ടത് തന്നെയാണ്. ഗ്ളിക്സൺ എന്ന കഥാപാത്രമായി റോഷൻ സ്‌ക്രീനിൽ വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മികച്ച കാസ്റ്റിംങ് ആയിട്ടാണ് അനുഭവപ്പെട്ടത്.

സ്ക്രീനിൽ ഗ്ളിക്സണെ പരിചയപ്പെടുത്തുമ്പോൾ തന്നെ, തന്റെ കോഴിത്തരം കുറയ്ക്കണമെന്നും നമ്മളെപ്പോലെ സിഗ്മ ആകണമെന്നും നിവിൻ പോളി അവതരിച്ച ജസ്റ്റിൻ എന്ന കഥാപാത്രം ഉപദേശിക്കുന്ന സമയത്ത്, നിങ്ങൾ സിഗ്മയല്ല, ചുഗ്മയാണ് എന്ന് പറഞ്ഞുകൊണ്ട് തന്റെ കോമഡി രംഗങ്ങൾക്ക് റോഷൻ തുടക്കമിടുന്നു.

തുടർന്ന് ആഷ്‌ലിയെ വളക്കാൻ വേണ്ടി എടുക്കുന്ന ഓരോ അടവുകളും തിയേറ്ററുകളിൽ വൻ ചിരി പടർത്തുന്നുണ്ട്. ബസിൽ കയറിയിട്ട് ചേട്ടാ, ബ്രേക്ക് ഉണ്ടെങ്കിൽ അപ്ലൈ ചെയ്തേക്കണേ, ഇല്ലെങ്കിൽ എടുത്തും ചാടാം എന്ന് പറയുന്നതു മുതൽ, ആഷ്‌ലിന്റെ മനസിൽ കയറിപ്പറ്റാൻ അനിയന് മൈസൂർ പാക്ക് വാങ്ങി നൽകുന്നതും കോളേജിൽ അവളുടെ മ്യൂസിക് പെർഫോമൻസ് കാണാൻ പോകുമ്പോൾ നടത്തുന്ന പ്രകടനങ്ങളുമെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.

റോഷൻ സിനിമയിൽ വായ തുറന്നാൽ കോമഡിയാണ്, പറഞ്ഞ ഒരു കൗണ്ടർ പോലും വർക്ക് ആവാതെ പോയിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഡയലോഗ് ഡെലിവറിക്കൊപ്പം റോഷന്റെ ചില ഭാവങ്ങളും എടുത്തുപറയേണ്ടതുണ്ട്. സിനിമയിലെ കോമഡി രംഗങ്ങളിൽ വലിയൊരു പങ്കാണ് റോഷന്റെ സീനുകൾ വഹിക്കുന്നത്.

ആവേശം ഫെയിം എന്ന രീതിയിൽ പ്രേക്ഷകർക്ക് സുപരിചിതനായ റോഷന്റെ കയ്യിൽ ഇത്രയും കോമഡി ചെയ്യാനുള്ള കഴിവുണ്ടായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിലെ പ്രകടനം. സിനിമ കണ്ടിറങ്ങിയവർ എല്ലാവരും തന്നെ റോഷന്റെ പ്രകടനത്തെ എടുത്തുപറയും എന്നത് തീർച്ചയാണ്. ആൻ ആക്ടർ ഓൺ റൈസ് എന്ന തരത്തിൽ ഉള്ള പ്രേക്ഷക പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അടക്കം റോഷന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

റോഷൻ ഷാനവാസ്. ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗ്ലിക്സൺ. Photo. Instagram

Content Highlight: Roshan Shanavas wins praise for his hilarious performance as Glixson in Bethlehem Kudumbha Unit

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം