‘പകരം നിങ്ങൾ എന്റെ ആഗ്രഹത്തിന് വഴങ്ങിയാലും മതി’ എന്ന് പറഞ്ഞതിന് നിരവധി അമ്മമാർ ‘അങ്ങനെ പറയാൻ പാടില്ല’ എന്ന് പറഞ്ഞു: റോഷൻ ബഷീർ
Malayalam Cinema
‘പകരം നിങ്ങൾ എന്റെ ആഗ്രഹത്തിന് വഴങ്ങിയാലും മതി’ എന്ന് പറഞ്ഞതിന് നിരവധി അമ്മമാർ ‘അങ്ങനെ പറയാൻ പാടില്ല’ എന്ന് പറഞ്ഞു: റോഷൻ ബഷീർ
നന്ദന എം.സി
Wednesday, 20th May 2026, 12:01 pm

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’.

മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തുമ്പോൾ കഥ ഇനി എങ്ങോട്ടാണ് പോകുന്നതെന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ. ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായി മാറിയതോടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

‘ദൃശ്യം’ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ശക്തമായ ഇടം നേടിയിരുന്നു. എന്നാൽ ഒന്നാം ഭാഗത്തിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ വെറുപ്പിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വരുൺ പ്രഭാകർ.

ആ കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീർ ഇന്നും സിനിമാപ്രേമികൾ ഓർക്കുന്ന പേരാണ്. ആദ്യ ഭാഗത്തിൽ തന്നെ കഥാപാത്രം മരിച്ചുവെങ്കിലും വരുൺ പ്രഭാകറിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് രണ്ടാം ഭാഗവും ഇനി മൂന്നാം ഭാഗവും മുന്നോട്ട് പോകുന്നത്.

ഇപ്പോൾ റോഷൻ ബഷീറിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ‘ദൃശ്യം’ സിനിമയിൽ മീനയുടെ കഥാപാത്രത്തോട് പറയേണ്ടി വന്ന ചില ഡയലോഗുകൾ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നാണ് താരം പറയുന്നത്.

പ്രത്യേകിച്ച് അഞ്ജുവിനെ ബ്ലാക്ക്മെയിൽ ചെയ്യുന്ന രംഗങ്ങളിലെ സംഭാഷണങ്ങൾ പറയാൻ തന്നെ ഭയപ്പെട്ടിരുന്നുവെന്നും റോഷൻ വെളിപ്പെടുത്തി.

‘ജീത്തു സാർ സ്ക്രിപ്റ്റ് തരുമ്പോൾ നെഗറ്റീവ് ഷെയ്ഡ് ആണെന്നേ പറഞ്ഞിരുന്നുള്ളു. പക്ഷേ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ ശരിക്കും പേടിച്ചു.

‘ശരി, ഞാനായിട്ട് അഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നില്ല… പകരം നിങ്ങൾ എന്റെ ആഗ്രഹത്തിന് വഴങ്ങിയാലും മതി’ എന്ന ഡയലോഗ് മീന ചേച്ചിയുടെ മുഖത്ത് നോക്കി ഞാൻ എങ്ങനെ പറയും എന്ന് അസോസിയേറ്റിനോട് വരെ ചോദിച്ചിരുന്നു,’ എന്നാണ് റോഷൻ പറഞ്ഞത്.

ആ ഡയലോഗുകൾ പറയുന്നതിന് മുമ്പ് മീനയോട് നേരിട്ട് സംസാരിച്ചിരുന്നുവെന്നും താരം പറയുന്നു. ‘ചേച്ചി ഒന്നും തോന്നരുത്, സിനിമ ആണെന്ന് അറിയാം.

പക്ഷേ എനിക്ക് ഉള്ളിൽ വിഷമമുണ്ട് എന്ന് ഞാൻ മീന ചേച്ചിയോട് പറഞ്ഞു. എന്നാൽ മീന ചേച്ചി വലിയ സപ്പോർട്ടായിരുന്നു തന്നത്. ‘മോൻ നല്ലപോലെ ചെയ്താൽ മതി, കണ്ണിൽ നോക്കി പറഞ്ഞാൽ മതി’ എന്നായിരുന്നു ചേച്ചിയുടെ മറുപടി,’ എന്നും റോഷൻ വ്യക്തമാക്കി.

എന്നിരുന്നാലും ആ രംഗങ്ങൾ അഭിനയിക്കുമ്പോൾ ഉള്ളിൽ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും സിനിമ റിലീസായതിന് ശേഷം നിരവധി അമ്മമാർ തന്നെ നേരിൽ കണ്ടും മെസേജ് അയച്ചും ആ ഡയലോഗിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘പടം ഇറങ്ങിയ ശേഷം ഒരുപാട് അമ്മമാർ ‘അങ്ങനെ പറയാൻ പാടില്ലായിരുന്നു’ എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ആ കഥാപാത്രം ആളുകളിൽ എത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയെന്ന് മനസിലായി,’ എന്നാണ് റോഷന്റെ വാക്കുകൾ.

Content Highlight: Roshan Basheer talk about the movie Drishyam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.